കൊല്‍ക്കത്ത: ആവേശവും ആകാംക്ഷയും നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഐപിഎല്ലിലെ മൂന്നാം മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 4 റണ്‍സ് ജയം. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ജയത്തിനടുത്തുവരെയെത്തിയെങ്കിലും അവിടെവെച്ച് സണ്‍ റൈസേഴ്‌സ് കാലിടറി വീണു.
കൊൽക്കത്ത ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിച്ചു. അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച് ക്ലാസന്റെ (29 പന്തിൽ 63*) വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിനെ ജയത്തിന് അടുത്തുവരെ എത്തിച്ചത്.
സുനില്‍ നരെയ്‌ന്റെ (2) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ വെങ്കടേഷ് അയ്യര്‍ (7), ശ്രേയസ് അയ്യര്‍ (0), നിതീഷ് റാണ (9), രമണ്‍ദീപ് സിങ് (35), റിങ്കു സിങ് (23) എന്നിവരും പുറത്തായി. ആറാമതായാണ് ഫിലിപ് സാള്‍ട്ട് (54) പുറത്തായത്. ആന്‍ഡ്രേ റസല്‍ (64) മിച്ചല്‍ സ്റ്റാര്‍ക് (6) എന്നിവര്‍ പുറത്താരാതെ നിന്നു.
ഹൈദരാബാദിനുവേണ്ടി ടി. നടരാജന്‍ മൂന്ന് വിക്കറ്റുകള്‍ നേടി. മായങ്ക് മാര്‍ക്കണ്ഡെ രണ്ടും പാറ്റ് കമിന്‍സ് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍ റൈസേഴ്‌സ് മികച്ച തുടക്കമാണ് ലഭിച്ചത്. മായങ്ക് അഗര്‍വാളും അഭിഷേക് ശര്‍മയും ഒന്നാം വിക്കറ്റില്‍ 32 പന്തില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഇരുവരും 32 വീതം റണ്‍സ് നേടിയാണ് പുറത്തായത്. പിന്നീടെത്തിയ രാഹുല്‍ ത്രിപാഠി (20), എയ്ഡന്‍ മാര്‍ക്രം (18) എന്നിവരും മടങ്ങിയതോടെ സ്‌കോറിങ്ങിന്‍റെ വേഗത കുറഞ്ഞു. ക്ലാസന്‍ 29 പന്തുകള്‍ നേരിട്ട് 63 റണ്‍സെടുത്തു. എട്ട് ക്ലാസന്‍ സിക്‌സുകളാണ് നേടിയത്. ഷഹ്ബാസ് അഹ്‌മദ് അഞ്ച് പന്തുകളില്‍ 16 റണ്‍സും നേടി.
കൊല്‍ക്കത്തയ്ക്കുവേണ്ടി ഹര്‍ഷിത് റാണ (3), ആന്ദ്രെ റസല്‍ (2) വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.