ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലിരിക്കെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്തിറക്കിയ ഉത്തരവില്‍ അന്വേഷണം നടത്തും. വിഷയത്തില്‍ ഡല്‍ഹി മന്ത്രി അതിഷി മര്‍ലേനയെ ഇ.ഡി ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. ആരാണ് അതിഷിക്ക് കത്ത് നല്‍കിയതെന്നും എപ്പോഴാണ് നല്‍കിയതെന്നതിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍.
ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ വെള്ളവും മലിനജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഉത്തരവാണ് കെജ്രിവാള്‍ പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ അടിയന്തരവും ഫലപ്രദവുമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. മദ്യനയക്കേസില്‍ വ്യാഴാഴ്ചയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. പേപ്പറില്‍ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലയിലുള്ള കത്തായിരുന്നു ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടത്. ഡല്‍ഹിയില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യമുള്ളിടത്ത് ആവശ്യത്തിന് വാട്ടര്‍ ടാങ്കറുകള്‍ എത്തിച്ച് പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഇ.ഡി കസ്റ്റഡിയില്‍നിന്ന് നല്‍കിയ ഉത്തരവില്‍ ജലമന്ത്രി അതിഷിയോട് കെജ്രിവാള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കെജ്രിവാള്‍ കസ്റ്റഡിയിലിരിക്കുന്ന മുറിയല്‍ കമ്പ്യൂട്ടറോ, പേപ്പറോ, അനുബന്ധ സാധനങ്ങളോയില്ലെന്ന് ഇ.ഡി വ്യക്തമാക്കി. അതിഷിക്ക് ആര് വഴിയാണ് കത്ത് ലഭിച്ചതെന്ന വിവരവും അന്വേഷിക്കും. ഇതിനായി സി.സി.ടി.വിയും പരിശോധിക്കും. ഭാര്യ സുനിത കെജ്രിവാളിനും പഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാറിനും വൈകീട്ട് ആറിനും ഏഴിനും ഇടയില്‍ അരമണിക്കൂര്‍ കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. വക്കീലിനും അരമണിക്കൂര്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ സന്ദര്‍ശന സമയത്താണോ കത്തില്‍ ഒപ്പിട്ടു നല്‍കിയതെന്നും ഇ.ഡി അന്വേഷിക്കും.
ഈമാസം 28 വരെ കെജ്രിവാളിനെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു.