ബാംഗളൂര്‍: പഞ്ചാബ് കിംഗ്‌സിനെ നാലുവിക്കറ്റിന് തകര്‍ത്ത് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിന് രാജകീയ ജയം. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബാംഗളൂരിനെതിരേ മികച്ച തുടക്കമാണ് പഞ്ചാബ് കാഴ്ച്ച വെച്ചത്. പഞ്ചാബിനു വേണ്ടി നായകന്‍ ശിഖര്‍ ധവാന്‍ മികച്ച തുടക്കം നല്‍കി. ധവാന്‍ 37 പന്തുകളില്‍ നിന്ന് 45 റണ്‍സാണ് നേടിയത്. നിശ്ചിത20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 176 റണ്‍സ് നേടി. എട്ട് പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ ശശാങ്ക് സിങ്ങിന്റെ പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂര്‍ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ നാലു പന്ത് ബാക്കി നിര്‍ത്തി പഞ്ചാബ് കിംഗ്‌സിനെ നാലു വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 49 പന്തില്‍ 77 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ദിനേശ് കാര്‍ത്തിക്ക് 10 പന്തില്‍ 28 റണ്‍സുമായി ഫിനിഷ് ചെയ്തപ്പോള്‍ മഹിപാല്‍ ലോമ്രോര്‍ എട്ട് പന്ത് പന്തില്‍17 റണ്‍സുമായി വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.