മേരിലാൻഡ്: യുഎസിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിച്ച ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത് യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിൽ. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽനിന്നു കപ്പൽ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിലേക്കു കപ്പൽ ഇടിച്ചു കയറി. മേരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമോർ നഗരത്തിൽ പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ (2.57 കിലോമീറ്റർ) ദൂരത്തില്‍ നാലുവരിയാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം. ഇടിയുടെ ആഘാതത്തിൽ പാലം പൂർണമായും തകർന്നു നദിയിലേക്കു വീഴുകയായിരുന്നു.
സിംഗപ്പുർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽപെട്ടത്. സിനർജി മറൈൻ ഗ്രൂപ്പിനാണ് കപ്പലിന്റെ മേൽനോട്ട ചുമതല. ശ്രീലങ്കയിലെ കൊളംബോയിലേക്കായിരുന്നു യാത്ര. ഏപ്രിൽ 22ന് അവിടെ എത്തേണ്ടതായിരുന്നെന്ന് കപ്പൽ ട്രാക്കിങ് വെബ്‌സൈറ്റായ വെസൽഫൈൻഡർ റിപ്പോർട്ട് ചെയ്യുന്നു. 27 ദിവസം നീണ്ടുനിൽക്കേണ്ട യാത്രയാണു പുറപ്പെട്ട് അരമണിക്കൂറിനുള്ളിൽ വൻ ദുരന്തത്തിൽ അവസാനിച്ചത്. അപകടസമയം ഷിപ്പിങ് ഭീമന്മാരായ മർസ്കിന്റെ ചരക്കുകളാണു കപ്പലിലുണ്ടായിരുന്നത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു.
അപകടസമയം രണ്ടു പൈലറ്റ് ഉൾപ്പെടെ 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുണ്ട്. സിനർജി മറൈൻ ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം പ്രസ് ഓഫിസർ പാറ്റ് ആദംസൺ ബ്രിട്ടിഷ് മാധ്യമമായ ബിബിസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാരിൽ ഒരാളുടെ തലയ്ക്കു ചെറിയ പോറൽ ഉണ്ടായെന്നല്ലാതെ മറ്റു പരുക്കുകളൊന്നുമില്ല. കപ്പലിൽ രണ്ടു പൈലറ്റുമാരുണ്ടായിട്ടും ഇത്തരമൊരു അപകടം ഉണ്ടായത് അസാധാരണമാണെന്നും ആദംസൺ പറഞ്ഞു.
അപകടകാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കപ്പൽ ട്രാക്കിങ് പ്ലാറ്റ്‌ഫോമായ മറൈൻട്രാഫിക്കിലെ വിഡിയോകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്. പറ്റാപ്‌സ്‌കോ നദിയിൽ തെക്ക് – കിഴക്ക് ദിശയിലാണു കപ്പൽ സഞ്ചരിച്ചിരുന്നത്. പുലർച്ചെ 1.25ഓടെ കപ്പലിന്റെ യാത്രാദിശയിൽ മാറ്റം വന്നിട്ടുണ്ട്. ഈ സമയത്ത്, കപ്പലിന്റെ പുറംഭാഗത്തുള്ള എല്ലാ ലൈറ്റുകളും പെട്ടെന്ന് അണയുകയും കപ്പലിന്റെ ഫണലിൽനിന്നു പുക ഉയരാൻ തുടങ്ങുകയും ചെയ്യുന്നതു വിഡിയോയിൽ കാണാം.
എൻജിൻ തകരാർ അല്ലെങ്കിൽ സ്റ്റിയറിങ് തകരാർ, ജനറേറ്ററിലുണ്ടായ തകരാർ, പൈലറ്റിനുണ്ടായ പിഴവ് എന്നിവയിലൊന്നാകാം അപകടകാരണമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. പാലത്തിൽ ഇടിക്കുന്നതിനു തൊട്ടുമുൻപ് സഞ്ചാരപാതയിൽ മാറ്റം വന്നതു ദുരൂഹമാണ്. കപ്പൽ പുറപ്പെടുന്നതിനു മുൻപ് പരിശോധനകൾ നടത്തുമെന്നതിനാൽ തകരാറുകൾ ഉണ്ടായിരുന്നെങ്കിൽ കണ്ടെത്താതിരുന്നതു ഗുരുതര വീഴ്ചയാണ്. കപ്പലിന്റെ വേഗം കുറവായിരുന്നെങ്കിലും വലുപ്പവും ചരക്കിന്റെ ഭാരവുമാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത്.