(ആൻറണി ജോസഫ് കുറുപ്പശ്ശേരി)
മോഹിനിയാട്ട നർത്തകിയായ കലാമണ്ഡലത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന ശ്രീമതി സത്യഭാമ നടത്തിയ വിവാദമായ പരാമർശവും അത് തന്നെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നുമുള്ള മോഹിനിയാട്ട നർത്തകനും ശ്രീ കലാഭവൻ മണിയുടെ സഹോദരനുമായ ശ്രീ RLV രാമകൃഷ്ണൻ്റെ പ്രതികരണവുമാണ് ഈ തിരഞ്ഞെടുപ്പ് കാലത്തും കൂടുതൽ ചർച്ചയായത്. അതിൽ സത്യഭാമ നടത്തിയ വർണ വെറി നിറഞ്ഞ പരാമർശങ്ങളാണ് കേരളയീയരെ ഏറെ ഉൽക്കണ്ഠപ്പെടുത്തിയത്.
കേരളം സാമൂഹിക കാഴ്ചപ്പാടുകളിൽ കുറെയെങ്കിലും ബൗദ്ധികമായി ചിന്തിക്കുന്നു എന്നത് കൊണ്ടാകാം ഇതിൽ നിശിതമായ പ്രതികരണം ഉണ്ടായത്. എന്നാൽ ഇത്തരത്തിലൊരാളെങ്കിലും വളരെ പരസ്യമായി മനുഷ്യൻ്റെ നിറത്തെ ചേർത്ത് വിവേചനത്തോടെ സംസാരിച്ചു എന്നത് ഓരോരുത്തരെയും അത്ഭുതപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്തു. ഇത് ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെ ചില പ്രതിഫലനം മാത്രമാണ്.
മനുഷ്യരുടെയിടയിലുള്ള വിവേചനങ്ങൾ ഒരു പക്ഷെ ഈ ആധുനിക കാലത്തും ഏറ്റവും രൂക്ഷമായി തുടരൂകയാണ്. അതെല്ലാം എല്ലാ സമൂഹത്തിലും രഹസ്യമായോ പലരുടെയും മനസ്സുകളിലോ നിലനിൽക്കുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്. പലരൂപത്തിലും ഭാവത്തിലുമുള്ള വിവേചനങ്ങളാണ് നമ്മുടെയിടയിൽ ഇന്നും നില കൊള്ളുന്നത്. അത് ഭാഷാ അടിസ്ഥാനത്തിലുള്ളതാണെങ്കിലും മതപരമായോ ജാതീയമായതോ വംശീയമായതോ സാമ്പത്തികമായതോ ലിംഗ പരമായതോ ഒക്കെ അതിൻ്റെ ചില രൂപങ്ങൾ മാത്രമാണ്. നമ്മൾ കാണുന്നതിലും കേൾക്കുന്നതിനുമപ്പുറം സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ അതിൻ്റെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
ഇത്തരം വിവേചനങ്ങൾ നേരിടുന്ന ധാരാളം ആൾക്കാർ നമ്മുടെ ഇടയിലുണ്ട്. ഓരോ നിമിഷങ്ങളിലും അത് ഏറ്റവും മോശപ്പെട്ട രീതിയിൽ നമ്മുടെ ഇടയിൽ നടന്നു കൊണ്ടിരിക്കുന്നു. അതിൽ ചർച്ചയാകുന്നത് ചിലത് മാത്രമാണ്. ഇതൊക്കെ പലരും സഹിക്കുകയോ, അവഗണിക്കുകയോ, ചിലരൊക്കെ മാത്രം പ്രതികരിക്കുകയോ ചെയ്യുകയാണ് ഉണ്ടാകുന്നത്. എന്നാൽ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുമൊക്കെ കാട്ടുന്ന നിസ്സംഗത വളരെ ഞെട്ടിക്കുന്നതാണ്. അത് ഇത്തരം പ്രവർത്തികൾക്ക് നിശബ്ദം പ്രോത്സാഹനം നല്കുന്നതാണെന്നതാണ് മനസ്സിലാക്കേണ്ടത്. ഇവിടെ ഉണ്ടായ കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു എന്നത് അല്പമെങ്കിലും പുരോഗമനപരമായി ചിന്തിക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ്.
ഇതൊക്കെ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. ഇതൊക്കെ നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമായി തീർന്നു എന്നതാണ് യാഥാർഥ്യം. അത് സ്വാഭാവികമെന്ന് പൊതു സമൂഹം ചിന്തിക്കുന്നു. പരമ്പരാഗതമായ മത ജാതീയ ജന്മിത്വങ്ങളുടെ ഉച്ചനീചത്വങ്ങളിലൂന്നിയ ചിന്തകളിൽ നിന്നാണ് ഇത് രൂപപ്പെട്ടതും വളർന്നതും. ശാസ്ത്ര ബോധങ്ങളുടെയും യുക്തിപരമായ ചിന്തകളുടെയും സാമൂഹിക ബോധത്തിൻ്റെയും അഭാവമാണ് ഈ ചിന്തകളെ ഊട്ടി വളർത്തുന്നത്. മനുഷ്യൻ്റെ പരിണാമ ചരിത്രം എത്ര പഠിച്ചാലും അതിന് തികച്ചും എതിരായ മതം പഠിപ്പിക്കുന്നതിനെ മാത്രം അംഗീകരിക്കുന്ന ഒരു സമൂഹത്തിൽ ഇങ്ങനെയൊക്കെ മാത്രമേ സംഭവിക്കൂ.
ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ മുഖ്യമായ വിഷയങ്ങൾ മതവും ജാതിയും മനുഷ്യനെ വർഗങ്ങളായി വിഭാവനം ചെയ്യുന്നതും അവർക്ക് വേണ്ടി മാത്രം നിലകൊള്ളുന്നതും തന്നെയാണ്. നമുക്ക് മുഖ്യമായ പൊതുവായ വിഷയങ്ങളില്ലായെന്നതാണ് ഇന്നത്തെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ പൊരുത്തക്കേടുകൾ. സ്വാതന്ത്ര്യ സമരത്തിൽ നമുക്ക് വ്യത്യസ്തത കാണാമായിരുന്നു. ഒന്നിച്ചുള്ള ഒരു പോരാട്ടത്തിനായാണ് ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും അണിനിരന്നത്. തെറ്റായ വിദ്യാഭ്യാസ രീതികളും തെറ്റായ രാക്ഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും വിവേചനങ്ങൾ വളരുവാൻ കൂടുതൽ സഹായിക്കുന്നു എന്നും വേണം കരുതാൻ.
കലാ സാഹിത്യ വേദികളിലും നമുക്ക് വിവേചനങ്ങൾ കാണാവുന്നതാണ്. ഒരുപക്ഷെ മുട്ടത്ത് വർക്കി എന്ന കഥാകാരൻ നേരിട്ടത് സാഹിത്യ ലോകത്തെ ഒരു വിവേചനമായിരുന്നു എന്നത് ഒരു പച്ചയായ യാഥാർഥ്യമാണ്. അത് ഉണ്ടായത് സാഹിത്യകാരന്മാരിൽ നിന്നായിരുന്നു എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. സാഹിത്യ വിമർശനങ്ങൾക്കോ നിരൂപണങ്ങൾക്കോ അപ്പുറം രൂക്ഷമായ പരിഹാസമായിരുന്നു അദ്ദേഹത്തിന് നേർക്കുണ്ടായത്. പൈങ്കിളി സാഹിത്യം എന്ന പരിഹാസം നിറഞ്ഞ രീതിയിൽ അദ്ദേഹത്തിൻ്റെ എഴുത്തിനെ തരം താഴ്ത്തിയിരുന്നു. ഒരു കാലത്ത് മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ അദ്ദേഹത്തിൻ്റെ കൃതികൾക്കുണ്ടായിരുന്നു എന്നതും ഇതോട് കൂടി കൂട്ടി വായിക്കാവുന്നതാണ്. അതോടൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാടിനും ശ്രീകുമാരൻ തമ്പിയ്ക്കും ഉണ്ടായ സമകാലീന അനുഭവങ്ങൾ ചില ഉദാഹരണങ്ങളായി കാണാവുന്നതാണ്.
ഒരുപക്ഷെ കുടുംബസദസ്സുകളിൽ മാത്രം നടന്നിരുന്ന മാർഗംകളിയും തിരുവാതിരകളിയും ഒപ്പനയും ദർഭമുട്ടുമൊക്കെ കലോത്സവ വേദികളിലേക്ക് കൊണ്ടു വന്നത് മത ജാതീയ ചിന്തകൾക്ക് കൂടുതൽ ഊർജം പകരാനെ സഹായിച്ചിട്ടുള്ളു എന്ന് കരുതാനേ തരമുള്ളു. ഇവിടെ കല വിസ്മരിക്കപ്പെടുകയും മത ജാതീയ വിചാര വികാരങ്ങൾ ബലപ്പെടുകയാണ് ഉണ്ടാകുന്നത്. ഒരുകാലത്ത് നാട്ടിൻ പുറങ്ങളിൽ അരങ്ങേറിയിരുന്ന എത്രയോ കലാ പരിപാടികൾ ഉണ്ടായിരുന്നു. അവയൊന്നും തന്നെ കലോത്സവ വേദികളിൽ എത്താതിരുന്നത് മതങ്ങളുടെയോ ജാതിയുടെയോ പിന്തുണ കിട്ടാതിരുന്നതു കൊണ്ടാണെന്നും അനുമാനിക്കാം.
എങ്ങനെയാണ് ഇതിനൊക്കെ മാറ്റം വരേണ്ടത്. സത്യഭാമയുടെ അധിക്ഷേപകരമായ പരാമർശങ്ങളോട് നടത്തിയ വിമർശനങ്ങൾ പൊതു സമൂഹത്തിന് കൊടുക്കുന്ന ഒരു സന്ദേശമുണ്ട്. അത് ഒരുപക്ഷെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കുന്നതായിരിക്കും. ഒരു പക്ഷെ കേരളം അതിൽ വിജയിക്കുന്നുണ്ട് എന്ന് തന്നെയാണ് കരുതേണ്ടത്. സമൂഹത്തിലെ പലതട്ടുകൾ പൂർണമായും ഇല്ലാതാക്കാൻ കഴിയുന്ന ഒന്നല്ല. ഉദാഹരണത്തിന് സാമ്പത്തികമായ അന്തരങ്ങൾ, മതപരമായ ആചാരപരമായ വ്യത്യാസങ്ങൾ, ഭാഷകളിലെ വ്യത്യസ്തതകൾ, വ്യത്യസ്ത വംശങ്ങൾ എന്നിവ. അതിൽ ചിലതൊക്കെ മനുഷ്യൻ്റെ നില നിൽപ്പിൻ്റെ ആവശ്യം കൂടിയാണ്.
മതവും ജാതികളും ഇല്ലാതാകേണ്ടത് തന്നെയാണ്. അത് ഒരു ദിവസം കൊണ്ട് നടപ്പാകുന്നതല്ല. മനുഷ്യൻ്റെ യുക്തിബോധത്തോടെയുള്ള ചിന്തകളാണ് അതില്ലാതാക്കേണ്ടത്. അതിനായി നല്ല മൂല്യാധിഷ്ഠിത വിദ്യഭ്യാസം കുട്ടികൾക്ക് നൽകുകയാണ് വേണ്ടത്. കടുത്ത മത വിശ്വാസവും കടുത്ത മതാചാരങ്ങളും പുലർത്തുന്ന അധ്യാപകർക്ക് എങ്ങനെ നിഷ്പക്ഷമായി പല കാര്യങ്ങളും പഠിപ്പിക്കാൻ സാധിക്കുമെന്നതിൽ സംശയമുണ്ട്. മത ചിഹ്നങ്ങളും ജാതി ചിഹ്നങ്ങളും പേറി അധ്യാപകർ ക്ളാസ് മുറികളിലെത്താതിരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. അത് നല്ല ഒരു മാതൃകയായിരിക്കില്ല കുട്ടികൾക്ക് പകർന്ന് നൽകുന്നത്.
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ ഇല്ലാതാകേണ്ടത് തന്നെയാണ്. മനുഷ്യൻ പരസ്പര മത്സരത്തിലൂടെയാണ് കൂടുതൽ നേട്ടങ്ങൾ കൈവരിച്ചത്. ആ മത്സരമൊക്കെ ആരോഗ്യപരമായിരിക്കണമെന്നതിലാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. അത് സാമൂഹിക നീതിക്ക് എതിരാകരുത്. ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായിരിക്കണം.
എല്ലാ തലങ്ങളിലും തുല്യതയെന്നതൊക്കെ ഒരു ഭാവനാ സങ്കൽപം മാത്രമാണ്. ഓരോരുത്തരെയും സഹജീവിയായി കണ്ട് പരസ്പരം കൊടുക്കേണ്ട പരിഗണനയാണ് വേണ്ടത്. പരസ്പരമുള്ള നല്ല പെരുമാറ്റമാണ് ഉണ്ടാകേണ്ടത്. അത് സർക്കാർ ഓഫിസുകളിലായാലും ടിക്കറ്റ് കൗണ്ടറുകളിലായാലും ഭക്ഷണ ശാലകളിലായാലും. എല്ലാ വിവേചനങ്ങളും തൊട്ടുകൂടായ്മകളും പ്രത്യേകിച്ച് ജാതി മത വംശീയ വർണ ലിംഗ പരമായതൊക്കെ ഇല്ലാതാകണം. എന്നാൽ മാത്രമേ നമ്മൾ സാമൂഹികമായി പുരോഗതി നേടിയവർ എന്ന് അഭിമാനിക്കാൻ സാധിക്കൂ.