അവധി ആഘോഷിക്കുന്നതിന് വേണ്ടി ഏതാനും ദിവസം കപ്പലില്‍ താമസിക്കുന്നവര്‍ ഉണ്ട്. എന്നാല്‍, യുഎസില്‍ നിന്നുള്ള ദമ്പതിമാര്‍ തങ്ങളുടെ ജീവിതം മുഴുവന്‍ കപ്പലില്‍ താമസിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മോണിക്ക ബ്രസോസ്‌കയും അവരുടെ ഭര്‍ത്താവായ ജോറെല്‍ കണ്‍ലെയുമാണ് പുതിയ ജീവിതരീതി പിന്തുടരുന്നത്. ടെന്നസിയിലെ മെംഫിസ് സ്വദേശികളായ ഈ ദമ്പതിമാര്‍ ജോലി ഉപേക്ഷിച്ചും തങ്ങളുടെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റുമാണ് കപ്പലില്‍ താമസം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അധ്യാപികയായ മോണിക്ക ഈ തീരുമാനത്തില്‍ ഏറെ സന്തുഷ്ടയാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാചകവും വസ്ത്രങ്ങള്‍ അലക്കുന്നതുമെല്ലാം കപ്പലിലെ ജീവനക്കാരാണ്. ആഹാരവും ഷെഫുമാരാണ് തയ്യാറാക്കുന്നത് സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ മോണിക്ക പറഞ്ഞു. കപ്പലിലെ താമസം താരതമ്യേന ചെലവേറിയതാണ്. വര്‍ഷത്തില്‍ എട്ടുലക്ഷത്തോളം രൂപയാണ് താമസത്തിനും മറ്റുമായി ഇരുവരും ചെലവാക്കുന്നത്.
ആളുകളില്‍ നിന്നും അകന്ന് കപ്പലില്‍ താമസിക്കുന്നതിനാല്‍ ചിലപ്പോള്‍ ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും മോണിക്ക പറഞ്ഞു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ചിലപ്പോള്‍ തോന്നാറുണ്ടെന്ന് അവര്‍ വ്യക്തമാക്കി. എന്നാൽ കുടുംബത്തിലുണ്ടായ ചില പ്രതിസന്ധികളാണ് കപ്പലില്‍ താമസമാക്കാനുള്ള തീരുമാനം വേഗത്തിലാക്കിയത്.
കപ്പലില്‍ താമസമാരംഭിച്ചതിന് ശേഷം ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ദമ്പതിമാര്‍ക്ക് ലഭിച്ചു. ഫിജി, ജപ്പാന്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ ഇവര്‍ ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 36 കപ്പലുകളിലാണ് ഇവര്‍ യാത്ര നടത്തിയത്. നേരത്തെയും സമാനമായ രീതിയില്‍ കപ്പലില്‍ താമസിക്കാന്‍ തീരുമാനിച്ച യുഎസ് ദമ്പതിമാരുടെ വാര്‍ത്ത പുറത്തു വന്നിരുന്നു. കരയില്‍ ജീവിക്കുന്നതിനേക്കാള്‍ ചെലവ് കുറവാണ് കപ്പലില്‍ താമസിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. ഫ്‌ളോറിഡ സ്വദേശികളായ ഇവര്‍ വീട്, ബിസിനസ്, തങ്ങളുടെ സ്വത്തുവകകളില്‍ ഭൂരിഭാഗവും വിറ്റതിന് ശേഷമാണ് 2020ല്‍ ലോകം ചുറ്റാന്‍ ആരംഭിച്ചത്.