ന്യൂയോര്‍ക്ക്: ഇസ്രയേലിന് ലക്ഷം കോടി ഡോളര്‍ വിലമതിക്കുന്ന ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാന്‍ അനുമതി നല്‍കി ജോ ബൈഡന്‍ ഭരണകൂടം. ഗാസയിലെ റഫയില്‍ ഇസ്രയേല്‍ സൈനികാക്രമണം നടത്താനുള്ള സാധ്യതയില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതിന് തൊട്ടുപിറകേയാണ് ആയുധകൈമാറ്റത്തിന് ബൈഡന്‍ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്.
ആയിരത്തി എണ്ണൂറിലധികം എംകെ84 2000 പൗണ്ട് ബോംബുകളും, അഞ്ഞൂറ് എംകെ82 500പൗണ്ട് ബോംബുകളും ആണ് പുതിയ ആയുധപാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് വിവരം. 25 എ35 യുദ്ധവിമാനങ്ങളും നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആയുധകൈമാറ്റത്തെ കുറിച്ച് വൈറ്റ് ഹൗസോ, ഇസ്രയേല്‍ എംബസിയോ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുന്നതിന് ഇടയില്‍ തന്നെയാണ് ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനവും വന്നിരിക്കുന്നത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ രാജ്യാന്തര തലത്തില്‍ എതിര്‍പ്പ് ഉയരുന്നതിനിടയിലാണ് ആയുധക്കൈമാറ്റം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി പാസ്സാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യുഎന്‍ രക്ഷാസമിതി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ പ്രമേയത്തെ വീറ്റോ ചെയ്യാതെ അമേരിക്ക വിട്ടുനിന്നു. 15 അംഗസമിതിയിലെ 14 പേരുടെ പിന്തുണയോടെയാണ് പ്രമേയം പാസ്സായത്.