കോഴിക്കോട്: രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലുമായി പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തി. ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതല്ലെന്നും ഈസ്റ്റര്‍ ആശംസ അറിയിക്കാന്‍ വന്നതാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
അതേസമയം, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം, മതേതരത്വം, അഖണ്ഡത എന്നിവയെല്ലാം കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കണമെന്ന് ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നല്ല സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുക എന്നാണ് വോട്ടര്‍മാരോട് പറയാനുള്ളത്. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂര സിദ്ധാന്തമാണ് പുലര്‍ത്തുന്നത്. മനഃസാക്ഷിയനുസരിച്ച് വോട്ട് ചെയ്യുക.
വിശ്വാസികള്‍ പല രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവരായിരിക്കും. ബിഷപ് അതേക്കുറിച്ച് പറയുന്നതില്‍ അര്‍ഥമില്ല. പൗരത്വനിയമം കൊണ്ട് ആര്‍ക്കെങ്കിലും ദോഷം വരുന്നെങ്കില്‍ നടപ്പിലാക്കരുത്. ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.