2024 മാർച്ച് മാസത്തിൽ ചരക്ക് സേവന നികുതി (ജിഎസ്ടി ) വരുമാനത്തിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമാഹരിച്ചത് 1,78 ലക്ഷം കോടി രൂപ. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ 11.5% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ ജിഎസ്ടി വരുമാനം കൂടിയാണ് ഇത്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി കളക്ഷൻ 17.6 ശതമാനമായി ഉയർന്നതാണ് ഈ കുതിപ്പിന് കാരണമായത് എന്നാണ് വിലയിരുത്തൽ. കൂടാതെ മാർച്ചിലെ റീഫണ്ടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 1.65 ലക്ഷം കോടി രൂപയാണ്. ഇതിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.4 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
” 2023-24 സാമ്പത്തിക വർഷം ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു, മൊത്തം ജിഎസ്ടി സമാഹരണം 20 ലക്ഷം കോടി കടന്നിരിക്കുകയാണ് , മുൻവർഷത്തെ അപേക്ഷിച്ച് 11.7 ശതമാനം വർധനയോടെ 20.14 ലക്ഷം കോടി രൂപ നേടി . ഈ സാമ്പത്തിക വർഷത്തെ ശരാശരി പ്രതിമാസ കളക്ഷൻ 1.68 ലക്ഷം കോടി രൂപയാണ്, ഇത് മുൻ വർഷം ശരാശരി 1.5 ലക്ഷം കോടി രൂപയായിരുന്നു ” എന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ മാസം കേന്ദ്ര ചരക്ക് സേവന നികുതിയായി (സിജിഎസ്ടി) 43,264 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതിയായി (എസ്ജിഎസ്ടി) 37,704 കോടി രൂപയും ആണ് കേന്ദ്രസർക്കാർ അനുവദിച്ചത്. സെറ്റിൽമെന്റിന് ശേഷമുള്ള മൊത്തം വരുമാനം കേന്ദ്രത്തിന് 77,796 കോടി രൂപയും കോടി രൂപയും സംസ്ഥാന ജിഎസ്ടിയ്ക്ക് 81,450 കോടി രൂപയും ആണ്.
കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി): 34,532 കോടി രൂപ
സംസ്ഥാന ചരക്ക് സേവന നികുതി (എസ്ജിഎസ്ടി): 43,746 കോടി രൂപ
സംയോജിത ചരക്ക് സേവന നികുതി (IGST): ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ശേഖരിച്ച 40,322 കോടി ഉൾപ്പെടെ 87,947 കോടി രൂപ
സെസ്: ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ശേഖരിച്ച 996 കോടി ഉൾപ്പെടെ 12,259 കോടി രൂപ.
2023-24 സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള വരുമാനം
1. കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി): 3,75,710 കോടി രൂപ
2. സംസ്ഥാന ചരക്ക് സേവന നികുതി (എസ്ജിഎസ്ടി): 4,71,195 കോടി രൂപ
3. സംയോജിത ചരക്ക് സേവന നികുതി (IGST): ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ശേഖരിച്ച 4,83,086 കോടി ഉൾപ്പെടെ 10,26,790 കോടി രൂപ
4. സെസ്: ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്ന് ശേഖരിച്ച 11,915 കോടി ഉൾപ്പെടെ 1,44,554 കോടി രൂപ