ഗസ്സ സിറ്റി: ഗസ്സയില്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഒരവസരം പോലും പാഴാക്കരുതെന്ന് സന്നദ്ധപ്രവര്‍ത്തകയായ സോമി ഫ്രാങ്കോം. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ദ ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോമി എന്ന് 43 കാരിയുടെ വാക്കുകള്‍. മധ്യഗസ്സയിലെ ദൈര്‍ അല്‍ ബലാഹില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്‍ എന്ന ചാരിറ്റി സംഘത്തിലെ അംഗമാണ് ഈ ആസ്‌ട്രേലിയക്കാരി. സോമിയടക്കം ഈ സംഘത്തിലെ ഏഴുപേരാണ് ഇസ്രായേലിന്റെ വ്യേമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതില്‍ മൂന്നുപേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്.
ഗസ്സയിലേക്ക് സൈപ്രസ് വഴിയുള്ള നാവിക പാത വഴി നൂറു കണക്കിന് ടണ്‍ ഭക്ഷ്യ സാധനങ്ങളുടെ വിതരണം എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനു പിന്നാലെയാണ് ഇവര്‍ മരണം പുല്‍കിയത്. ജോണ്‍ ചാപ്മാന്‍, ജെയിംസ് ഹെന്‍ഡേഴ്‌സണ്‍, ജെയിംസ് കിര്‍ബി എന്നിവരാണ് മരിച്ച ബ്രിട്ടീഷ് പൗരന്‍മാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്രായേല്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്റെ മൂന്ന് വാഹനങ്ങളും തകര്‍ത്തു.
കൊല്ലപ്പെട്ട സോബി തിളക്കമാര്‍ന്ന നക്ഷത്രമായിരുന്നുവെന്നും ലോകത്തിന് ലഭിച്ച സമ്മാനമായിരുന്നുവെന്നും സുഹൃത്തുക്കള്‍ അനുസ്മരിച്ചു. ജോര്‍ഡനില്‍ നിന്ന് മാനുഷിക സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അവരെ ഇന്‍ഡിപെന്‍ഡന്റ് കണ്ടുമുട്ടിയത്. അവരുടെ അവസാനത്തെ അഭിമുഖങ്ങളിലൊന്നായി അത് മാറുകയും ചെയ്തു.
അത്യധികം ഉല്‍സാഹത്തോടെ അമ്മാന് പുറത്തുള്ള ജോര്‍ഡാനിയന്‍ സൈനിക താവളത്തില്‍ ഭക്ഷണസാധനങ്ങള്‍ വിമാനത്തില്‍ കയറ്റാന്‍ അവര്‍ സഹായിച്ചു. ഗസ്സയിലെ ഇസ്രായേല്‍ ഏറ്റവും നാശം വിതച്ച മേഖലകളിലേക്ക് സാധനങ്ങള്‍ എത്തിക്കുകയായിരുന്നു ദൗത്യം. വടക്കന്‍ ഗസ്സയിലേക്ക് സഹായം എത്തിച്ചിരുന്നത് വ്യോമമാര്‍ഗം വഴിയായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണത്തിന് നിഷ്ഠൂരമായി തിരിച്ചടി തുടരുന്ന ഇസ്രായേല്‍ വടക്കന്‍ ഗസ്സയിലേക്ക് ഭൗമമാര്‍ഗം സഹായം എത്തിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചു. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന മൂന്നുലക്ഷം ആളുകള്‍ വടക്കന്‍ ഗസ്സയില്‍ കഴിയുന്നുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. കുഞ്ഞുങ്ങള്‍ വിശപ്പു മൂലവും നിര്‍ജലീകരണം മൂലവും മരിച്ചു വീഴുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അതിനാലാണ് സാധ്യമാവുന്ന വഴികളില്‍ കൂടി ഗസ്സയുടെ പട്ടിണിമാറ്റാന്‍ സോമി മുന്നിട്ടിറങ്ങിയത്.
സെലിബ്രിറ്റി ഷെഫ് ജോസ് ആന്‍ഡ്രസ് ആണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്‍ എന്ന സംരംഭത്തിന് പിറകില്‍. ഗസ്സയിലേക്ക് കര,വ്യോമ, കടല്‍ മാര്‍ഗങ്ങള്‍ വഴി സഹായമെത്തിക്കുകയാണ് ലക്ഷ്യം. സൈപ്രസില്‍ നിന്ന് ഗസ്സയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്തതിനു തൊട്ടുപിന്നാലെയാണ് സോമിയും സംഘവും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സത്യത്തില്‍ അവരെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. 2018 മുതലാണ് സോമി വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്റെ ഭാഗമായത്. അന്നുതൊട്ട് ലോകത്തിന്റെ ഏതുഭാഗത്തുമുള്ള ആളുകളുടെ വിശപ്പകറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഭാഗവാക്കായി. 2019ല്‍ സന്നദ്ധസംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയായി. 2019ല്‍ വെനിസ്വേലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും 2020ല്‍ ആസ്‌ട്രേലിയയിലുണ്ടായ കാട്ടുതീയിലും അകപ്പെട്ട ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ അവര്‍ മുന്നിലുണ്ടായിരുന്നു.