ഗസ്സ: യുദ്ധത്തിന്റെ കെടുതികള്‍ തീര്‍ത്ത ദുരന്തമുഖത്ത് സന്നദ്ധ സഹായത്തിനെത്തിയവരെ നിര്‍ദയം കൊന്നുതള്ളി ഇസ്രായേല്‍. പട്ടിണി കൊണ്ടു വലയുന്ന ഫലസ്തീനില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധ സംഘടനയായ ‘വേള്‍ഡ് സെന്‍ട്രല്‍ കിച്ചണി’ന്റെ ഏഴു പ്രവര്‍ത്തകരെയാണ് ഇസ്രായേല്‍ ബോംബിട്ടുകൊന്നത്. ഇതില്‍ നാലുപേര്‍ വിദേശ പൗരന്മാരാണ്. തങ്ങളുടെ വംശജന് ഉള്‍പ്പെടെ അന്താരാഷ്ട്ര സന്നദ്ധ സംഘടന പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ അമേരിക്ക അടക്കം വിദേശ രാജ്യങ്ങള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സെന്‍ട്രല്‍ ഗസ്സയിലെ ദേല് അല്‍ ബലാഹിലാണ് ഇസ്രായേല്‍ ക്രൂരത കാട്ടിയത്. കൊല്ലപ്പെട്ടവരില്‍ യു.എസ്, ആസ്ട്രേലിയ, ബ്രിട്ടന്, പോളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ളവരും ഫലസ്തീനികളും പെടുന്നു. ദേര്‍ അല്‍ ബലാഹിലെ വെയര്‍ഹൗസില്‍നിന്ന് 100 ടണ്‍ ഭക്ഷണവുമായി ഗസ്സയിലേക്ക് നീങ്ങിയ വാഹനത്തിനു മുകളിലാണ് ഇസ്രായേല്‍ ബോംബ് വര്‍ഷിച്ചത്. ഇസ്രായേല്‍ പ്രതിരോധ സേനയുമായി ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതിനിടയിലും ഇവരെ കൊന്നുതള്ളിയതോടെയാണ് ലോക രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. ഡബ്ല്യു.സി.കെ എംബ്ലം പതിച്ച രണ്ടു കാറുകളിലായി നീങ്ങിയ സംഘത്തിനുനേരെയായിരുന്നു ബോംബുവര്‍ഷം.
പ്രശസ്ത ഷെഫ് ജോസ് ആന്ദ്രേസിന്റെ നേതൃത്വത്തിലുള്ളതാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ എന്ന സന്നദ്ധ സംഘടന. ‘ഗസ്സയില്‍ ഭക്ഷണ വിതരണം ഉള്‍പ്പെടെയുള്ള മനുഷ്യത്വ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഞങ്ങളുടെ പ്രവര്‍ത്തകരെ ഇസ്രായല്‍ സേന ആക്രമണത്തില്‍ കൊലപ്പെടുത്തിയിരിക്കുന്നു.