ആലപ്പുഴ ജില്ലയിലെ കായംകുളം എംഎസ്എം കോളജ് വിദ്യാര്‍ത്ഥികളുടെ ‘ഹമാസ്’ ഫാന്‍സി ഡ്രസ് ദേശീയ ചർച്ചയാക്കാൻ ബിജെപി. കോളജ് ആർട്സ് ഡേയുമായി ബന്ധപ്പെട്ട് നടന്ന ആഘോഷപരിപാടിയിലെ വൈറൽ ആയ വിഡിയോയും ചിത്രങ്ങളും പ്രചരിച്ച പശ്ചാത്തലത്തിലാണിത്.
കറുത്ത നിറത്തിലെ വസ്ത്രങ്ങളും മുഖംമൂടിയും ധരിച്ച് കണ്ണുകൾ മാത്രം കാണിച്ച് കൈകളില്‍ ആയുധങ്ങളുമായി പൊതുനിരത്തിലൂടെ മാര്‍ച്ച് ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ദൃശ്യങ്ങളാണ് വൈറൽ ആയത്. ഈ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചു വരികയാണ്. ഇവരില്‍ പലരുടേയും കൈയ്യിലെ പലസ്തീന്‍ പതാകയും ചേർന്ന് വരുമ്പോൾ തീവ്രവാദ സംഘടനയായി ചിലരാജ്യങ്ങൾ കണക്കാക്കുന്ന ഹമാസ് പ്രവർത്തകരുടെ സായുധ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പോലെയാണ് എന്നാണ് ആരോപണം.
ഇതിലെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് ബിജെപി നേതാവും ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ ആഭ്യന്തരമന്ത്രി അമിത് ഷായെയും ദേശീയ അന്വേഷണ ഏജൻസിയെയും (എന്‍ഐഎ) ടാഗ് ചെയ്ത് എക്സിൽ പോസ്റ്റ് ചെയ്തു.
“ഹമാസ് ആലപ്പുഴയിലോ? വോട്ടിനുവേണ്ടി കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദ സംഘടനയായ എസ്ഡിപിയെ പിന്തുണക്കുകയും അവർ ഹമാസ് തീവ്രവാദികളുടെ വേഷമിട്ട് പരസ്യമായി രംഗത്തുവരികയും ചെയ്യുന്നു. സൗമ്യ സുരേഷ് പോലുള്ള മലയാളികൾ ഹമാസ് ആക്രമണത്തില്‍ മരിക്കുകയും ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള ആലപ്പുഴയിലെ സ്ലീപ്പര്‍ സെല്ലുകള്‍ ഒരു മുന്നറിയിപ്പാണ്.” ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്.
പുരാണ കഥാപാത്രങ്ങൾ ഉൾപ്പടെ വേഷമിട്ട വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം പേജുകളിൽ പങ്കുവച്ചിരുന്നതായി അധികൃതർ പറയുന്നു. ഇരുപതിലേറെ വിദ്യാർത്ഥികളാണ് വിവാദ ഫാൻസി ഡ്രസിൽ പങ്കടുത്തത്. ഇതിൽ വിവിധ മതവിഭാഗങ്ങളിൽ പെട്ടവർ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.മാര്‍ച്ച് 4 മുതല്‍ 7 വരെ നടന്ന കോളജ് ആര്‍ട്സ് ഡേയുടെ ഭാഗമായിരുന്നു ഇത്. കഴിഞ്ഞ ദിവസം മുതലാണ് ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചു തുടങ്ങിയത്.