തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മൂന്ന് മലയാളികള്‍ മരിച്ച സംഭവത്തിൽ ദുർമന്ത്രവാദത്തിന്റെ സാധ്യതകളുറപ്പിച്ച് പോലീസ്. അന്വേഷണത്തിൽ കേരള പോലീസിനും അരുണാചൽ പോലീസിനും ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ട്. കോട്ടയം മീനടം സ്വദേശിയായ നവീൻ തോമസും ഭാര്യ ദേവിയും ഇവരുടെ സുഹൃത്ത് ആര്യയുടെയും മൃതദേഹങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ മൂവരുടെയും കൈത്തണ്ട മുറിച്ചനിലയിലായിരുന്നു.
ഹോട്ടലിൽ മുറിയെടുക്കുമ്പോള്‍ നവീൻ മാത്രമാണ് തിരിച്ചറിയൽ രേഖ നൽകിയത്. മറ്റുള്ളവർ പിന്നീട് നൽകാമെന്നാണ് പറഞ്ഞത്. ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു. ഇത് ആഭിചാരക്രിയയുടെ ഭാഗമായാണ് എന്ന് പൊലീസ് സംശയിക്കുന്നു. മുറിയില്‍ ആഭിചാര ക്രിയ നടത്തുമ്പോള്‍ അണിഞ്ഞ ആഭരണങ്ങളില്‍ ഒന്നാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്. ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച മൂന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റേസര്‍ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകള്‍ ഉപയോഗിച്ചാണ് മുറിവ് ഉണ്ടാക്കിയിരിക്കുന്നത്. ഇതും ആഭിചാര ക്രിയ നടന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണെന്നാണ് പോലീസ് പറയുന്നത്.
ഇവർ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായും അത് വിലക്കിയിരുന്നതായും അറിയിച്ചതായും മരിച്ച് ദേവിയുടെ അച്ഛൻ അരുണാചൽ പോലീസിനോട് പറഞ്ഞു. മരണാനന്തര ജീവിതത്തെ കുറിച്ച് ആര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചത് നവീന്‍ ആണെന്നാണ് ആര്യയുടെ കുടുംബത്തിന്റെ മൊഴി. അതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേരള പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ ഇന്ന് കേരളത്തിലെത്തിക്കും. ഡൽഹിയിൽ എത്തിച്ചശേഷം അവിടെ നിന്നാണ് കൊണ്ടുവരിക. മൂന്നുപേരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിക്കാനാണ് സാധ്യതയെന്ന് പോലീസ് സൂചിപ്പിച്ചു.