എ.എസ് ശ്രീകുമാര്‍
കടുത്ത പ്രതിഷേധത്തിനിടെ വിവാദ ഹിന്ദി സിനിമയായ ‘ദ കേരള സ്റ്റോറി’ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്ന പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി. നഗ്നമായ പെരുമാറ്റ ചട്ടലംഘനമാണിതെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
”കേരളത്തെ ലോകത്തിനു മുന്പില് കരിവാരിത്തേച്ച സിനിമയാണത്. വിഷ പ്രചാരണത്തിനായിരുന്നു ശ്രമം.വര്‍ഗീയ വിദ്വേഷം പുലര്‍ത്തുന്ന രംഗങ്ങള്‍ ആണ് സിനിമയില്‍. ഇതിനെ സിനിമയെന്ന് എങ്ങനെ വിശേഷിപ്പിക്കാനാവില്ല. ഇരുട്ടിന്റെ നടുക്കല് വെളിച്ചമായി നില്‍ക്കുകയാണ് കൊച്ചുകേരളം. സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, മതനിരപേക്ഷതയുടെ നാടാണ് കേരളം. കേരളത്തിന്റെ കഥ എന്ന് പറഞ്ഞ് ഒരു സിനിമ പ്രചരിപ്പിച്ചു. കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍, ലൗ ജിഹാദിന്റെ നാടാണ് ഇതെന്നു വരുത്തി തീര്‍ക്കാനും ലോകത്തിന് മുന്നില്‍ കരിവാരി തേക്കാനുള്ള ശ്രമം. വിഷപ്രചാരണത്തിനായുള്ള ആയുധമായി സിനിമയെ ഉപയോഗിക്കുന്നു…” മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധക്കൊടുങ്കാറ്റ് അഴിച്ചുവിട്ട ദ കേരള സ്റ്റോറി ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ആദ ശര്‍മ്മയെ നായികയാക്കി സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 2023 മെയ് 5-നാണ് റിലീസ് ചെയ്തത്. ഇക്കൊല്ലം ഫെബ്രുവരി 16ന് സീ-5 ചാനലിലൂടെ ചിത്രം ഒ.ടി.ടിയിലും എത്തി. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന കാരണം പറഞ്ഞ് ഒ.ടി.ടി പ്ലാറ്റ്ഫോമുകള് ചിത്രം ഏറ്റെടുക്കാന്‍ ആദ്യം തയ്യാറാകാതിരുന്നതാണ് ഒ.ടി.ടി റിലീസ് വൈകിപ്പിച്ചത്.
ചിത്രം തീയേറ്ററില്‍ വന്ന് 13 ദിവസംകൊണ്ട് ലോകമെമ്പാടുമായി 200 കോടി കടന്നിരുന്നു. ഇന്ത്യയില്‍ 13 ദിവസം കൊണ്ട് ചിത്രം 164 കോടി കടന്നു. ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. സിനിമയുടെ ഗ്രോസ് കളക്ഷന്‍ 303.97 കോടി രൂപ ആയതോടെ, ഇത് 2023-ലെ എട്ടാമത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഹിന്ദി ചിത്രമായി മാറി.
ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട് ഒടുവില്‍ തീവ്രവാദ സംഘടനയായ ഐ.എസില്‍ എത്തിപ്പെടുന്ന സ്ത്രീകളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. കേരളത്തിലെ മതപരിവര്‍ത്തനത്തിന് വിധേയമാക്കപ്പെട്ട സ്ത്രീകളെയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കേരളം എങ്ങനെ തീവ്രവാദ സംഘങ്ങളുടെ കേന്ദ്രമായി മാറിയതെന്നാണ് ചിത്രത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു വയ്ക്കുന്നത്. കോടതിയില്‍ നിന്ന് ലഭിച്ച പ്രദര്‍ശനാനുമതിയെ തുടര്‍ന്ന് തിയേറ്ററുകളില്‍ രാജ്യത്ത് കോടിക്കണക്കിനു ജനം കണ്ട സിനിമ ഒ.ടി.ടിയില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നത്. ‘ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക്…’ എന്ന ക്യാപ്ഷനോടെയാണ് ദൂരദര്ശന് എക്സില്‍ പ്രദര്‍ശനത്തെ പറ്റിയുള്ള പോസ്റ്റ് ഇട്ടിരിക്കുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്, മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. കാസര്‍ഗോഡുള്ള നേഴ്സിംഗ് കോളേജിലേക്ക് എത്തുന്ന മൂന്ന് പെണ്‍കുട്ടികളെ ഒരു സംഘം ബ്രയിന്‍വാഷ് ചെയ്യുന്നതും, പ്രണയം നടിച്ച് വലയിലാക്കി മത പരിവര്‍ത്തനം ചെയ്യുന്നതും, അഫ്ഗാനിലേക്കും അവിടുന്ന് സിറിയയിലേക്കും കടത്തുന്നതുമാണ് ചിത്രത്തിന്റെ കഥ.
ഒരു കോളേജിലെ മൂന്ന് പെണ്‍കുട്ടികളെ അവരുടെ റൂം മേറ്റായ സുഹൃത്ത് മതം മാറാന്‍ പ്രേരിപ്പിക്കുന്നതും പിന്നീട് മൂവരും തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേരുന്നതുമാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി അവരെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് ചിത്രം പറയുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ കാണാതായി എന്നാണ് സിനിമ പറയുന്നത്.
‘കേരളത്തിലെ 32,000 പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ക്കുന്ന കഥ…’ എന്നായിരുന്നു ട്രെയിലറിന് നല്കിയ ഡിസ്ക്രിപ്ഷനില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നപ്പോള്‍ ‘കേരളത്തിന്റെ വിവിധ ഭാഗത്തുള്ള മൂന്ന് പെണ്‍കുട്ടികളുടെ കഥ…’ എന്ന് മാറ്റി. ആദ്യ പകുതിയില്‍ പെണ്‍കുട്ടികള്‍ എങ്ങനെ മതപരിവര്‍ത്തനത്തിനു വിധേയരായി എന്നതും രണ്ടാം പകുതിയില്‍ ശാലിനി ഫാത്തിമയായി മാറുന്നതും ഒരു തീവ്രവാദ ഗ്രൂപ്പിലെ അംഗമാവുന്നതും അഫ്ഗാനിസ്ഥാനിലെ ജയില്‍വാസവുമൊക്കെയാണ് പ്രമേയമായിട്ടുള്ളത്.
കേരളത്തിലെ ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ പ്രണയത്തിന്റെ പേരില്‍ വശീകരിച്ച് മതപരിവര്‍ത്തനം നടത്തുകയും യുദ്ധമേഖലകളില്‍ ചേരാനും പുരുഷന്മാര് പ്രേരിപ്പിക്കുന്നതെങ്ങനെയെന്നാണ് ചിത്രം യഥാര്‍ത്ഥത്തില്‍ പറയുന്നത്. 2018-’19 കാലയളവിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ എന്ന രീതിയിലാണ് ഈ കാര്യങ്ങളെ ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം, കേരളത്തിലെ യുവാക്കള്‍ വ്യാപകമായ തോതില്‍ തീവ്രവാദ ഗ്രൂപ്പിന്റെ സ്വാധീനത്തില്‍ പെടുന്നതായും ചിത്രം പറയുന്നു
ഇതിനിടയില്‍ വിവാദങ്ങള്‍ക്കുള്ള മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന് സുദീപ്തോ സെന്രംഗത്ത് വന്നിരുന്നു. മതപരിവര്‍ത്തനത്തിലൂടെ രാജ്യം വിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, 32,000 പേരെക്കുറിച്ചുള്ള വിവാദം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും, 7 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് ചിത്രം ഒരുക്കിയതെന്നുമായിരുന്നു സംവിധായകന് മറുപടി പറഞ്ഞത്.
വിദ്വേഷം പ്രചരിപ്പിച്ച് കേരള സമൂഹത്തില്‍ ഭിന്നിപ്പിക്കുണ്ടാക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളത്തിലെ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടയണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിന് പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.
തുടര്‍ന്ന് ചിത്രത്തിന്റെ അവസാനമുള്ള മുന്‍ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അഭിമുഖമടക്കമുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. കൂടാതെ ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എന്ന സംഭാഷണത്തില്‍ നിന്നും ഇന്ത്യന്‍ എന്ന വാക്കും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എ സര്‍ട്ടിഫിക്കറ്റോടെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.
യഥാര്‍ത്ഥ സംഭവം എന്താണ്..?
ബീഹാറില്‍ ജനിച്ച് വളര്‍ന്ന സ്ത്രീയാണ് യാസ്മിന് അഹമ്മദ് ജാഹിദ്. സെയ്ദ് അഹമ്മദിനെ വിവാഹം കഴിച്ച യാസ്മിന് സൗദി അറേബ്യയിലാണ് താമസിച്ചിരുന്നത്. പിന്നീട് 2011-ല്‍ ഇരുവരും മലപ്പുറം ജില്ലയിലെത്തി. മലപ്പുറത്തെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി യാസ്മിന് ജോലിയ്ക്ക് കയറുകയും ചെയ്തു. 2016-ല്‍ യാസ്മിന്, അബ്ദുള്‍ റാഷിദ് അബ്ദുള്ള എന്നയാളെ വിവാഹം ചെയ്തു. അതേസമയം അബ്ദുള്‍ എഞ്ചീനിയറിംഗ് ബിരുദധാരിയായ സോണിയ സെബാസ്റ്റ്യനെ പ്രണയിച്ച് വശത്താക്കി. ശേഷം അബ്ദുളിനെ വിവാഹം കഴിക്കാന്‍ സോണിയ ഇസ്ലാം മതം സ്വീകരിച്ച് ആയിഷ എന്ന് പേര് മാറ്റി.
ഇരുവരും ചേര്‍ന്ന് കേരളത്തില്‍ ഇസ്ലാമിക് ജിഹാദിന്റെ പരിശീലന ക്ലാസ്സുകള്‍ നടത്തുകയും ചെയ്തിരുന്നു. യാസ്മിന് ഈ ക്ലാസ്സുകള്‍ കേള്‍ക്കുക മാത്രമല്ല ഐ.എസിലേക്ക് ചേരാന്‍ ആഗ്രഹമുള്ള മറ്റ് വിദ്യാര്‍ത്ഥികളെ ഈ സംഘത്തിലേക്ക് എത്തിക്കാനും ശ്രമിച്ചിരുന്നു.
പിന്നീട് താന്‍ ഐ.എസിലേക്ക് നിരവധി പേരെ റിക്രൂട്ട് ചെയ്ത കാര്യം യാസ്മിന് അന്വേഷണ സംഘത്തിന് മുന്നില്‍ തുറന്ന് പറഞ്ഞിരുന്നു. 22 പേരെയാണ് യാസ്മിന് ഈ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തത്. അതില്‍ മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്തവരെ കുവൈറ്റ്, ദുബായ്, മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് എത്തിച്ചത്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ എയര്‍പോര്‍ട്ടുകളില്‍ നിന്നാണ് ഇവരെ കയറ്റിവിട്ടതെന്നും യാസ്മിന് പറഞ്ഞു.
എന്നാല്‍ ജൂലൈ മുപ്പതോടെ യാസ്മിനെ അന്വേഷണ സംഘം പിടികൂടി. ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഇവരെ പിടികൂടിയത്. കാബൂളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യാസ്മിനെ അന്വേഷണ സംഘം പിടികൂടിയത്. തുടര്‍ന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതി ഇവര്‍ക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും വിധിക്കുകയായിരുന്നു.