കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു ഡോക്ടര്‍മാരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. വില്ലന്‍ ജോലി സമ്മര്‍ദ്ദവും, കുടുംബജീവിതത്തിലെ താളപ്പിഴയുമെന്ന് വിദഗ്ധര്‍.
വയനാട് മേപ്പാടിയില്‍ ഡോ. ഫെലിസ് നസീറും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയും ജീവനൊടുക്കിയ ഡോക്ടര്‍മാരുടെ പട്ടികയിലെ ഏറ്റവും പുതിയ പേരുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 21 ഡോക്ടര്‍മാരാണ്. അതില്‍ ഭൂരിഭാഗവും യുവാക്കള്‍.
ജോലി സമ്മര്‍ദത്തിനൊപ്പം കുടുംബജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും പ്രശ്നങ്ങളുമാണ് ഡോക്ടര്‍മാരെ കടുംകൈക്കു പ്രേരിപ്പിക്കുന്നതെന്ന് ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മാനസിക സമ്മര്‍ദത്തിന് വൈദ്യസഹായം തേടുന്നതില്‍ മുമ്പുണ്ടായിരുന്ന മടിയും ഭയവും ഇപ്പോള്‍ വളരെയേറെ മാറിയിട്ടുണ്ടെങ്കിലും സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടാതെ പോകുന്ന ഒട്ടേറെപ്പേര്‍ ഇപ്പോഴുമുണ്ടെന്നും ഇവര്‍ പറയുന്നു.
ഡോക്ടര്‍മാരാണെങ്കിലും, തങ്ങള്‍ കടന്നുപോകുന്നത് വിഷാദ രോഗത്തിലൂടെയാണെന്നു തിരിച്ചറിയാനാവാത്തവരുമുണ്ട്. ഒരു വ്യക്തി ആത്മഹത്യയിലേക്കു പോകുന്നതിനുള്ള പ്രധാന കാരണവും ഇത്തരത്തില്‍ വിഷാദം തിരിച്ചറിയപ്പെടാതെ പോകുന്നതാണ്. എംബിബിഎസ് പഠന സമയത്ത് ആകെ രണ്ടാഴ്ചയോളം മാത്രമേ സൈക്യാട്രി പോസ്റ്റിങ് വരുന്നുള്ളൂ. ഹൗസ് സര്‍ജന്‍സി കഴിയുമ്പോള്‍ രണ്ടാഴ്ച കൂടി സൈക്യാട്രിക്ക് കിട്ടും. ആകെ ആറു വര്‍ഷത്തെ കോഴ്സിനിടെ വെറും ഒരുമാസം മാത്രമാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള അറിവുകള്‍ക്കായി ലഭിക്കുന്നത്. അതുകൊണ്ടുതന്നെ തനിക്ക് വിഷാദമാണെന്നോ അതേക്കുറിച്ച് സംസാരിക്കണമെന്നോ സഹായം തേടണമെന്നോ ചിലരെങ്കിലും അറിയാതെ പോകുന്നുണ്ടാകാം.
പിജി പഠനസമയത്താണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദമനുഭവിക്കുന്നത്. പിജി പ്രവേശന പരീക്ഷ തന്നെ വലിയൊരു കടമ്പയാണ്. പിജിക്ക് പ്രവേശനം ലഭിച്ചാല്‍ പഠനത്തിനൊപ്പം ജോലിയും ഒന്നിച്ചുകൊണ്ടുപോകണം. പ്രത്യേകിച്ചും സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജോലിഭാരം വളരെ അധികമായിരിക്കും.
അതിനൊപ്പം നല്ലൊരു തൊഴില്‍, പഠന അന്തരീക്ഷം കൂടിയില്ലെങ്കില്‍ ഡോക്ടര്‍മാര്‍ സമ്മര്‍ദത്തിലാകുന്നത് പതിവാണ്. ഇതേസമയത്തായിരിക്കും ഭൂരിഭാഗം പേരും വിവാഹിതരാകുന്നത്. പിന്നീട് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇതിനൊപ്പം ചേരും. ഭര്‍ത്താവും ഭാര്യയും രണ്ട് സ്ഥലങ്ങളിലാകുന്നത്, കുഞ്ഞുങ്ങളുടെ പരിചരണം, സ്ത്രീധനം, സാമ്പത്തിക സ്ഥിരത തുടങ്ങിയ പ്രശ്നങ്ങളെല്ലാം അലട്ടിത്തുടങ്ങും.