വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം സെപ്റ്റംബര്‍ രണ്ടു മുതല്‍ 13 വരെ നടക്കും. ഇന്തൊനേഷ്യ, സിങ്കപ്പൂര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്രാജ്യങ്ങളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും ഈ സന്ദര്‍ശനപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വത്തിക്കാന്‍ വാര്ത്താവിതരണകാര്യാലയ മേധാവി മത്തേയൊ ബ്രൂണിയാണ് ഈ വിദേശ അപ്പൊസ്തോലികപര്യടനത്തെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഈ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും പ്രാദേശിക സഭാധികാരികളും ക്ഷണിച്ചതനുസരിച്ചാണ് പാപ്പാ ഈ സന്ദര്‍ശനം നടത്തുകയെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സെപറ്റംബര്‍ 3-6 വരെ പാപ്പാ മുസ്ലീങ്ങള്‍ ബഹുഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലായിരിക്കും. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്കര്‍. ഇത് 80 ലക്ഷത്തോളം വരും. ആറാം തീയതി അവിടെ നിന്ന് ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലേക്കു പോകുന്ന പാപ്പാ തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയും വാനിമോയും സന്ദര്‍ശിക്കും. അന്നാട്ടില്‍ കത്തോലിക്കര്‍ ജനസംഖ്യയുടെ 32 ശതമാനത്തോളമാണ്. .ഏതാണ്ട് 20 ലക്ഷം. ഒന്‍പതിന് തെക്കുകിഴക്കെ ഏഷ്യന്‍ നാടായ കിഴക്കെ തിമോറിന്റെ തലസ്ഥാനമായ ദിലിയില്‍ പാപ്പായെത്തും. അന്നാട്ടില്‍ കത്തോലിക്കരുടെ സംഖ്യ 10 ലക്ഷത്തോളം വരും. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പാ അന്ന് സിങ്കപ്പൂറിലേക്കു പോകും. അന്നാട്ടിലെ ജനസംഖ്യയില്‍ ഏതാണ്ട് 3 ശതമാനം മാത്രമാണ് കത്തോലിക്കര്‍, അതായത് 4 ലക്ഷത്തോളം. 13-ന് പാപ്പാ വത്തിക്കാനിലേക്കു മടങ്ങും.