വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവിനോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഒരു മുതിര്‍ന്ന അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു ബൈഡനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോണ്‍ സംഭാഷണത്തിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡന് നിലപാട് വ്യക്തമാക്കിയത്. ഇസ്രായേല്‍ ഇറാനെ വീണ്ടും ആക്രമിച്ചല്‍ അമേരിക്ക അതിനെ പിന്തുണക്കില്ല. രാത്രിയിലെ സംഭവം ഇസ്രായേലിന്റെ വിജയമായി കണക്കാക്കണം. കാരണം ഇറാന്റെ ആക്രമണങ്ങള്‍ വലിയ പരാജയവും ഇസ്രായേലിന്റെ സൈനിക ശേഷി പ്രകടമാക്കുന്നതുമായിരുന്നു. നൂറിലധിക ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ ഇറാന് തൊടുത്ത മിക്കവാറും എല്ലാ ഡ്രോണുകളും മിസൈലുകളും വ്യോമാതിര്‍ത്തിക്കു പുറത്തുവെച്ചു തന്നെ ഇസ്രായേലിനു തകര്‍ക്കാനായെന്നും ബൈഡന് പറഞ്ഞു.
ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കി. തങ്ങള്‍ ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കാനും ഇസ്രായേലിന്റെ പ്രതിരോധത്തെ പിന്തുണക്കാനും തങ്ങള്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആക്രമണത്തില്‍ ആര്‍ക്കും നേരിട്ട് പരിക്കേറ്റിട്ടില്ലെന്ന് ഇസ്രായേല്‍ ഏമര്‍ജന്‍സി സര്‍വിസ് അറിയിച്ചു. അതേസമയം, ഇസ്രായേല്‍ വിക്ഷേപിച്ച ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ ചെറിയൊരുഭാഗം തലയില്‍ തട്ടി ഏഴു വയസ്സുകാരിക്ക് സാരമായി പരിക്കേറ്റു. ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നതായി യു.എസ് വ്യക്തമാക്കി. ഇറാന്റെ 70ലധികം ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും യു.എസ് സേന തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ച യുദ്ധക്കപ്പലുകളാണ് ചെറുത്തത്.
യു.എസ് യുദ്ധവിമാനങ്ങളും ഇസ്രായേലിന് നേരെ ഇറാന് വിക്ഷേപിച്ച ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തിയതായി മറ്റൊരു യു.എസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഇസ്രായേല്‍ ഇനി ആക്രമിച്ചാല്‍ കൂടുതല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി.