ബൈജൂസിന്റെ തലപ്പത്തേക്ക് വീണ്ടുമെത്തി തിങ്ക് ആൻഡ് ലേൺ സ്ഥാപകനും ബൈജൂസിന്റെ ഉടമയുമായ ബൈജു രവീന്ദ്രൻ. സിഇഒയായ അർജുൻ മോഹൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ബൈജൂസിന്റെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ഇനി ബൈജു രവീന്ദ്രൻ മേൽനോട്ടം വഹിക്കുമെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു. സാമ്പത്തിക പ്രതിസന്ധികളിൽ വലയുന്ന കമ്പനിയെ തിരിച്ചു കൊണ്ടു വരാനുള്ള പദ്ധതികളുടെ ഭാഗമായാണ് ബൈജു വീണ്ടും ചുമതലയേൽക്കുന്നത്. അർജുൻ കമ്പനിയുടെ ബാഹ്യ ഉപദേഷ്ടാവായി തുടരും.
തിങ്കളാഴ്ച പ്രഖ്യാപിച്ച മാറ്റങ്ങളുടെ ഭാഗമായി പ്രധാനമായും ലേണിങ് ആപ്പ്, ഓൺലൈൻ ക്ലാസ്സുകളും ട്യൂഷൻ സെന്ററുകളും, പരീക്ഷാ തയ്യാറെടുപ്പുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കമ്പനിയെ പുനഃസംഘടിപ്പിക്കുക. അർജുൻ മോഹന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴ് മാസങ്ങളിലായി നടന്ന കമ്പനിയുടെ പ്രവർത്തനങ്ങളുടെ വിശദ പരിശോധനയുടെയും ചെലവ് ചുരുക്കൽ പ്രക്രിയയുടെയും ഫലമായാണ് പുതിയ മാറ്റങ്ങൾ. കഴിഞ്ഞ നാല് വർഷത്തോളമായി കമ്പനിക്കാവശ്യമായ മൂലധന സമാഹാരണത്തിലും, കമ്പനിയുടെ ആഗോള തലത്തിലെ വിപുലീകരണത്തിലുമായിരുന്നു ബൈജു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങൾക്ക് പരീക്ഷണ ഘട്ടത്തിൽ തന്നെ മികച്ച അഭിപ്രായങ്ങൾ നേടാനായതും കമ്പനി മേധാവിയായി ബൈജു രവീന്ദ്രന്റെ തിരിച്ചു വരവുമെല്ലാം കമ്പനി പുതിയ ഒരു അധ്യായത്തിന് ആരംഭം കുറിക്കുന്നതിന്റെ ഭാഗമാണെന്നും ബൈജൂസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.