കഴിഞ്ഞ വർഷം മുതൽ തന്നെ കാഡ്ബറി പുറത്തിറക്കുന്ന ബോൺവിറ്റ ചില നിയമപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പല ഘടകങ്ങളും ബോൺവിറ്റയിൽ ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അതിനെതിരെ സ്ഥാപനം മാനനഷ്ടക്കേസ് നൽകുകയും ചെയ്തിരുന്നു.
ഹെൽത്ത് ഡ്രിങ്ക് എന്ന നിലയിൽ ബോൺവിറ്റയെ പരിഗണിക്കാൻ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. ബോൺവിറ്റയും മറ്റ് ചില പാനീയങ്ങളും ഈ വിഭാഗത്തിൽ നിന്ന് മാറ്റണമെന്ന് ഇ – കൊമേഴ്സ് സ്ഥാപനങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
യഥാർഥത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിർദ്ദേശം വന്നത്?
ഇന്ത്യയിലെ ഭക്ഷ്യനിയമം പ്രകാരം ആരോഗ്യപാനീയം എന്നൊരു ഇനമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഏപ്രിൽ 10ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 2006ലെ FSSAI നിയമം പ്രകാരം ഹെൽത്ത് ഡ്രിങ്ക് എന്നൊരു ഇനം ഇന്ത്യയിൽ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
പാൽ, ധാന്യങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനീയങ്ങൾ ആരോഗ്യ പാനീയങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തരുതെന്ന് ഏപ്രിൽ മാസത്തിൻെറ തുടക്കത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ഇ – കൊമേഴ്സ് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ഭക്ഷ്യ നിയമങ്ങളിൽ ആരോഗ്യ പാനീയം എന്നതിന് നിർവചനമില്ലെന്ന് സ്ഥാപനം വ്യക്തമാക്കിയിട്ടുണ്ട്. ‘എനർജി ഡ്രിങ്ക്‌സ്’ എന്നത് ഫ്ലേവർ ഉള്ള പാനീയം മാത്രമാണെന്നും അവർ അറിയിച്ചു.
രാജ്യത്തെ എല്ലാ ഇ-കൊമേഴ്‌സ് കമ്പനികളും അവരുടെ വെബ്‌സൈറ്റുകളിലെ ‘ഹെൽത്ത് ഡ്രിങ്ക്‌സ്/എനർജി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന് അത്തരം പാനീയങ്ങളെല്ലാം നീക്കം ചെയ്യണമെന്ന് എഫ്എസ്എസ്എഐ (FSSAI) പറയുന്നു. ബോൺവിറ്റ അടക്കമുള്ള പാനീയങ്ങൾ ഏത് വിഭാഗത്തിലാണോ ഉൾപ്പെടുത്തേണ്ടത് ആ വിഭാഗത്തിലേക്ക് മാറ്റണമെന്നാണ് നിർദ്ദേശം.
ഫുഡ്‌ഫാർമർ എന്ന ഇൻസ്റ്റാഗ്രാം പേജ് നടത്തുന്ന ഇൻഫ്ലുവൻസർ റെവന്ത് ഹിമത്‌സിങ്കയാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ ബോൺവിറ്റയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഓരോ 100 ഗ്രാം ബോൺവിറ്റയിലും 50 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു. നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ബ്രാൻഡ് അവകാശപ്പെടുന്നുണ്ടെങ്കിലും ഉയർന്ന പഞ്ചസാരയുടെ അളവ് ആരോഗ്യത്തിന് ഹാനികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീഡിയോ വൈറലായതോടെ കാഡ്ബറി റെവന്ത് ഹിമത്‌സിങ്കക്കെതിരെ മാനനഷ്ടക്കേസ് നൽകി. ഇതോടെ ഹിമത്‌സിങ്ക വീഡിയോ നീക്കം ചെയ്തു. പിന്നീട് ഇൻസ്റ്റഗ്രാം പേജിൽ തൻെറ ഭാഗം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
കാഡ്ബറി ബോൺവിറ്റയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു. ശാസ്ത്രീയമായ പഠനങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ അംഗീകൃത ചേരുവകൾ ഉപയോഗിച്ചാണ് ബോൺവിറ്റ ഉണ്ടാക്കിയിരിക്കുന്നത്. എന്തെല്ലാം ചേരുവകളാണ് ഇതിൽ ഉള്ളതെന്ന് കൃത്യമായി തങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ ഇതിന് പിന്നാലെ ബോൺവിറ്റ പാക്കിൻെറ പുറത്ത് നൽകിയിരിക്കുന്ന തെറ്റായ വിവരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കാഡ്‌ബറിക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. പഞ്ചസാരയുടെ അളവ് നേരത്തെ 50 ശതമാനം എന്ന് നൽകിയിരുന്നതിൽ നിന്ന് ഇപ്പോൾ 15 ശതമാനമാക്കി കുറച്ചിട്ടുണ്ടെന്ന് ഹിമത്‌സിങ്ക മറ്റൊരു വീഡിയോയിലൂടെ വ്യക്തനാക്കുകയും ചെയ്തിട്ടുണ്ട്.