മാലെ: മാലദ്വീപ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൈന അനുകൂല നിലപാടുള്ള പ്രസിഡന്റ് മുഹമ്മദ് മുയ്സുവിന്റെ മുന്നണി 71 സീറ്റുമായി വൻഭൂരിപക്ഷം നേടി. 93 അംഗ പാർലമെന്റിലേക്കു ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുയ്സുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസിന് (പിഎൻസി) 68 സീറ്റും ഘടകകക്ഷികളായ മാലദ്വീപ് നാഷനൽ പാർട്ടിക്ക് ഒരു സീറ്റും മാലദ്വീപ് ഡവലപ്മെന്റ് അലയൻസിനു 2 സീറ്റും ലഭിച്ചു.
ഇന്ത്യ അനുകൂല നിലപാടുള്ള മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിക്ക് (എംഡിപി) 15 സീറ്റ് മാത്രമാണു ലഭിച്ചത്. കഴിഞ്ഞ തവണ 65 സീറ്റായിരുന്നു. ഇന്ത്യയുടെ സ്വാധീനം കുറയ്ക്കുക എന്ന മുയ്സുവിന്റെ (45) പ്രഖ്യാപിത നിലപാടിനുള്ള അംഗീകാരമാണു തിരഞ്ഞെടുപ്പുഫലമെന്നാണു വിലയിരുത്തൽ.
മുയ്സുവിനെ ചൈന അനുമോദിച്ചു. മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന മുയ്സുവിന്റെ ആവശ്യം ഇന്ത്യ–മാലദ്വീപ് ബന്ധം ഉലച്ചിരുന്നു.