2024 ലോക്സഭാ തിരഞ്ഞെടുപ്പ് അതിൻ്റെ എല്ലാ കെട്ടുറപ്പോടെയും പ്രാധാന്യത്തോടെയും ഇന്ത്യയൊട്ടുക്ക് നടക്കുകയാണ്. 543 പാർലമെൻ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഏപ്രിൽ 19 ന് ആരംഭി ച്ചു, ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടം ഏപ്രിൽ 26ന് കേരളമുൾപ്പെടെയുള്ള 13 സംസ്ഥാനങ്ങളിൽ നടന്നു കഴിഞ്ഞു. ജൂൺ 1 ന് ഏഴാം ഘട്ടത്തോടെ കൂടി പോളിംഗ് അവസാനിക്കുകയും ജൂൺ 4ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതോട് കൂടി തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകുകയും ഇന്ത്യയുടെ ഭരണ സാരഥ്യം ആരേറ്റെടുക്കുമെന്നതിന് കൃത്യത വരികയും ചെയ്യും.
പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ പല പ്രാദേശിക വിഷയങ്ങളും കൂട്ടുകെട്ടുകളുമാണ് ഉണ്ടാകുന്നത്. കേരളത്തിലും അത്തരം വ്യത്യസ്തതകൾ കാണാൻ കഴിയുന്നതാണ്, അതിൽ പ്രധാനമായത് കോൺഗ്രസ് നേതൃത്വം നല്കുന്ന “ഇന്ത്യ” മുന്നണിയിൽ പല ഇടതുപക്ഷ പാർട്ടികളും ഉണ്ടെങ്കിലും അവർ നേർക്കുനേരെയാണ് കേരളത്തിൽ മത്സരിക്കുന്നത് എന്നതാണ്. മറ്റ് സംസ്ഥാനങ്ങളിലൊന്നും ചർച്ച ചെയ്യാത്ത ഇസ്രായേൽ ഹമാസ് വിഷയങ്ങളും കേരളത്തിൽ ചർച്ച ചെയ്യുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. ബിജെപിയും ഇത്തവണ ശക്തമായ മത്സരത്തിനാണ് ഒരുങ്ങിയിരിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിൽ നടന്ന ഓരോ തെരഞ്ഞെടുപ്പുകളിലും പ്രചാരണ രീതികളിലും നടത്തിപ്പിലുമൊക്കെ പല വിധ മാറ്റങ്ങളാണ് നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. ഈ തെരഞ്ഞെടുപ്പിൽ കണ്ട ശ്രദ്ധേയമായ കാര്യം പ്രചാരണത്തിൽ വന്ന വലിയ മാറ്റം തന്നെയാണ്. ഒരു കാലത്തു കാണുന്നയിടത്തെല്ലാം സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുകളും കൊണ്ട് നിറഞ്ഞിരുന്നുവെങ്കിൽ ഇന്ന് ആ പ്രവണത കുറഞ്ഞിരിയ്ക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.
പൊതുവെ പഴയകാലത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പിൻ്റെ അമിതാവേശം കുറഞ്ഞിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിന് പല കാരണങ്ങളുമുണ്ട്. ഒന്ന് അതിനായി സാധാരണ പൊതുജനം ഇന്ന് അതിന് തയ്യാറാകുന്നില്ല എന്നതാണ്. മറ്റൊരു പ്രധാന കാരണം ഇലക്ഷൻ കമ്മീഷൻ്റെ കർശനമായ നിബന്ധനകളാണ്. ഇത്തരം കാര്യങ്ങളിൽ ഇലക്ഷൻ കമ്മീഷൻ കാര്യക്ഷമമായി പ്രവർത്തിക്കുകയും ഇടപെടുകയും ചെയ്യുന്നു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്.
അതുപോലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പണം ചിലവാക്കുന്നതിൽ വരുത്തിയ പരിധികളുമൊക്കെ. ചീഫ് ഇലക്ഷൻ കമ്മീഷണർ ആയിരുന്ന ടി എൻ ശേഷൻ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ഇതിനൊക്കെ തുടക്കം കുറിച്ചത്. അതിൽ ഇലക്ഷൻ ഐഡന്റിറ്റി കാർഡുകൾ പ്രത്യേകമായി എടുത്ത് പറയേണ്ട ഒന്നാണ്. ഇന്ന് ഇലക്ഷൻ ഐഡന്റിറ്റി കാർഡുകൾ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും വിശ്വാസ യോഗ്യവുമായ ഒരു ഐഡന്റിറ്റി പ്രൂഫ് ആയി മാറിക്കഴിഞ്ഞു. ഇലക്ഷൻ കമ്മീഷനുകൾക്ക് എതിരായി പല വിമർശനങ്ങളുമുണ്ടെങ്കിലും അവർ നടപ്പാക്കുന്ന നൂതനമായ പ്രവർത്തികൾ സ്ളാഘനീയമാണ്.
ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ ചില കാതലായ മാറ്റങ്ങൾ അനിവാര്യമാണ്. അതിൽ പ്രധാനമായത് പരസ്യ പ്രചാരണങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നതാണ്. പ്രത്യേകിച്ച് രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന ഉച്ചഭാഷിണികൾ ഉപയോഗിച്ച് കൊണ്ടുള്ളതും റോഡുകൾ ബ്ലോക്ക് ചെയ്തുകൊണ്ടുമുള്ള പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പരസ്യ പ്രചാരണത്തിന് കർശനമായ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇന്ന് കാണുന്ന പരസ്യ പ്രചാരണങ്ങൾ അർഥപൂർണമാകുന്നില്ല എന്ന് തോന്നുന്നു.
പല പൊതു സമ്മേളനങ്ങളിലെ പ്രസംഗങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും പ്രഹസനമായി തീരുകയാണ്. ചെണ്ട കൊട്ടിയുള്ള ശക്തി പ്രകടനങ്ങളും റോഡ് ഷോകളുമല്ല വേണ്ടത്. പകരം ഇലക്ഷൻ കമ്മീഷൻ്റെ നേതൃത്വത്തിൽ വിവേചനമില്ലാതെ സ്ഥാനാർത്ഥികളെ ശരിയാം വിധം പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് വേണ്ടത്. അവരുടെ വ്യക്തിപരമായതും പൊതു സ്വഭാവത്തിലുള്ളതുമായ കാര്യങ്ങൾ സത്യസന്ധമായി പരസ്യപ്പെടുത്തുക എന്നതാണ്. വോട്ട് ചെയ്യുന്ന ജനങ്ങൾക്ക് സ്ഥാനാർത്ഥിയെക്കുറിച്ചും അവരുടെ പാർട്ടിയെക്കുറിച്ചുമുള്ള വ്യക്തമായ ഒരു ധാരണയുണ്ടാകുകയെന്നത് ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് കൂടുതൽ കാര്യക്ഷമാകാനും സുതാര്യമാകാനും അഴിമതി മുക്തമാകാനുമുള്ള ഏറ്റവും മെച്ചപ്പെട്ട വഴിയാണ്.
അതോടൊപ്പം സ്ഥാനാർത്ഥികൾ മുന്നോട്ട് വെക്കുന്ന ആശയങ്ങളും അവർ നടപ്പിലാക്കിയതും നടപ്പാക്കാൻ ആഗ്രഹിക്കുന്നതുമായ പരിപാടികളുമൊക്കെ പ്രസിദ്ധീകരിക്കണം. അവർ നൽകുന്ന നോമിനേഷൻ പേപ്പറുകളും അതോടൊപ്പം സമർപ്പിക്കുന്ന മറ്റ് രേഖകളുമൊക്കെ പൊതുജനം തെരഞ്ഞെടുപ്പിന് മുൻപ് തന്നെ അറിഞ്ഞിരിക്കേണ്ടതാണ്. അതിന് രഹസ്യ സ്വഭാവം നൽകുന്നത് വോട്ടറോട് കാണിക്കുന്ന നീതികേടായി മാത്രമേ കാണാൻ കഴിയൂ. പലപ്പോഴും പല സ്ഥാനാർത്ഥികളുടെയും സ്വത്ത് വിവരങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് പൊതു ജനങ്ങൾ അറിയുന്നത്. ഇന്ന് ഇതൊക്കെ ജനങ്ങളിലേക്ക് അനായാസം എത്തിക്കാൻ ചെലവ് കുറഞ്ഞ ഒട്ടേറെ ഉപാധികളുണ്ട്.
ഇത്തരത്തിൽ സ്ഥാനാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് പ്രചാരണമോ പരിചയപ്പെടുത്തലോ നടത്തുമ്പോൾ പാർട്ടികൾക്കോ സ്ഥാനാർത്ഥികൾക്കോ അനാവശ്യമായി പണം ചിലവഴിക്കേണ്ടി വരില്ല, മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും തെരഞ്ഞെടുപ്പിൽ ഭാഗഭാക്കാകാനുള്ള കൂടുതൽ അവസരം ലഭിക്കുന്നതാണ്. അതുവഴി രാഷ്ട്രീയ പാർട്ടിയുടെയോ അധികാരത്തിൽ എത്തുന്നവരുടെയോ അഴിമതി ഒരു പരിധിയിലെങ്കിലും കുറയ്ക്കാൻ കഴിയുമെന്നും, ചുരുങ്ങിയത് ഇലക്ഷന് വേണ്ടി അവർക്ക് തെറ്റായ മാർഗത്തിൽ പണം സമാഹരിക്കേണ്ടി വരില്ല എന്നും കരുതാം.
സമ്മതിധായകരിൽ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടാക്കുക എന്നതാണ് പ്രധാനം. തെരഞ്ഞെടുപ്പ് ഒരു ഉത്സവമോ അർമാദിക്കാനുള്ള ഒരു അവസരമോ അല്ല, മറിച്ച് ഉത്തരവാദിത്വമുള്ള ഒരു പൗരൻ്റെ കടമയാണ് കർത്തവ്യമാണ്. ഉത്സവ പ്രതീതി ഉണ്ടാക്കുന്നത് വഴി അതിൻ്റെ പ്രാധാന്യം നഷ്ടപ്പെടുകയും യഥാർത്ഥത്തിൽ വോട്ടറെ തെറ്റിദ്ധരിപ്പിക്കാനും മാത്രമേ കഴിയുന്നുള്ളു.
ഇന്ന് പല തെരഞ്ഞെടുപ്പുകളിലും ശരാശരി 60 -70% വോട്ടിങ്ങാണ് ഉണ്ടാകുന്നത്. പല കാരണങ്ങളാൽ 30 – 40% പേർ വോട്ടിങ്ങിൽ നിന്ന് മാറി നിൽക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഈ ആധുനിക കാലത്തും കുറ്റമറ്റ രീതിയിൽ ഒരു വോട്ടേഴ്സ് ലിസ്റ്റ് ഉണ്ടാക്കുവാൻ സാധിക്കുന്നില്ല എന്നത് തീർത്തും ഖേദകരമാണ്. പലർക്കും വോട്ട് ചെയ്യാനുള്ള താല്പര്യം തന്നെയില്ലാതായിരിക്കുന്നു. പ്രത്യേകിച്ച് യുവാക്കൾക്ക് ഇന്നത്തെ രാഷ്ട്രീയ രീതികളോടുള്ള വിയോജിപ്പും ഇതിന് കാരണമാകുന്നുണ്ട്. മരണമടഞ്ഞവരും വിദേശങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവരുമൊക്കെ ലിസ്റ്റിൽ ഇടം നേടുകയാണ്. ഇലക്ഷനിൽ വോട്ടു ചെയ്യുന്നതിനേക്കാളും ഒരു ഐഡന്റിറ്റി പ്രൂഫ് സ്വന്തമാക്കുക എന്ന ആവശ്യം അതിൻ്റെ പിന്നിലുണ്ടെന്നത് മനസ്സിലാക്കാതെ പോകരുത്. ഒരാൾ മരണമടഞ്ഞാൽ മരണ സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യുന്ന സംവിധാനങ്ങൾ അത് വോട്ടേഴ്സ് ലിസ്റ്റുമായി ബന്ധിപ്പിക്കാനുള്ള മാർഗങ്ങൾ തേടണം.
ഇടയ്ക്കിടെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറുന്ന ആളുകൾ പ്രത്യേകിച്ച് നഗരങ്ങളിലുള്ളവർക്ക് വോട്ട് ചെയ്യാനുള്ള ഫലപ്രദമായുള്ള മാർഗങ്ങൾ ഇല്ല എന്ന് വേണം കരുതാൻ. പോസ്റ്റൽ വോട്ടുകളൊക്കെ എത്ര ശതമാനം വിനിയോഗിക്കുന്നു എന്നത് വലിയ ഒരു വിഷയമാണ്. അതിന് മാറ്റം വരണം. പ്രതിരോധ ആവശ്യങ്ങൾക്ക് വേണ്ടിയും ബഹിരാകാശ സാങ്കേതിക വിദ്യകൾക്ക് വേണ്ടിയും ധാരാളം പണം ചിലവഴിക്കുമ്പോഴും കുറ്റമറ്റ സാങ്കേതിക വിദ്യകൾ തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കാൻ അധികാരികൾ താല്പര്യം കാണിക്കുന്നില്ല എന്നതിൻ്റെ അർദ്ധം തെരഞ്ഞെടുപ്പിന് നമ്മൾ കൂടുതൽ പ്രാധാന്യം നൽകുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
ഇന്ന് ഓരോ സ്ഥാനാർത്ഥികളുടേയും പ്രതിനിധികൾ വോട്ടേഴ്സ് സ്ലിപ് വീടുകളിലേക്ക് എത്തിച്ച് കൊടുക്കുകയാണ്. ഇതും ഇലക്ഷൻ കമ്മീഷൻ്റെ ഉത്തരവാദിത്വമാകണം. വോട്ടേഴ്സ് സ്ലിപ്പിന്റെ ഉദ്ദേശം ഇലക്ഷൻ ബൂത്തിൽ വോട്ടിംഗ് അനായാസമാക്കുക എന്നത് മാത്രമാണ്. ഒരേ രീതിയിലുള്ള സ്ലിപ്പുകൾ ഇലക്ഷൻ കമ്മീഷൻ പ്രിന്റ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രതിനിധിയായ ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന വീടുകളിലെത്തിയ്ക്കുകയും ആവശ്യമെങ്കിൽ ബൂത്തുകൾക്ക് പുറത്ത് അത് കൊടുക്കാനുള്ള സൗകര്യങ്ങളും ഉണ്ടാക്കണം.
രാഷ്ട്രീയ പാർട്ടികളുടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. മറ്റൊന്ന് ബൂത്തുകൾക്ക് മുൻപിൽ തടിച്ച് കൂടുന്ന പാർട്ടി പ്രവർത്തകരുടെ കൂട്ടമാണ്. ബൂത്തുകളിൽ വോട്ടിങ്ങിനായുള്ള ക്യുവിന് പുറമെ ഒരാൾക്കൂട്ടവും ഉണ്ടാകേണ്ട കാര്യമില്ല. അത് വോട്ടേഴ്സിനെ സ്വാധീനിക്കാനുള്ള ശ്രമമായി തോന്നാം. ഇതിനൊക്കെ ചട്ടങ്ങളും നിയമങ്ങളുമുണ്ടെങ്കിലും അതൊക്കെ എത്രമാത്രം നടപ്പാകുന്നുണ്ട് എന്നതാണ് പ്രശനം. അത് സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പിനെ തകിടം മറിക്കുകയും നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ ജീർണിപ്പിക്കുകയും ചെയ്യും.
സ്വതന്ത്ര സ്ഥാനാർത്ഥികളുടെ അതിപ്രസരമാണ് മറ്റൊരു വിഷയം. അതിന് ഒരു നിയന്ത്രണം ഏർപ്പെടുത്തുക തന്നെ വേണം. കെട്ടിവെക്കാൻ പണമുണ്ടെങ്കിൽ ആർക്കും സ്ഥാനാർത്ഥിയാകാൻ സാധിക്കുന്നു. ഇത്തരത്തിൽ ജയിച്ചു വരുന്ന സ്വതന്ത്രർ പലപ്പോഴും അധികാരത്തിൻ്റെ കുതിര കച്ചവടത്തിൽ പങ്കാളികളാകുന്നതാണ് നാളിതുവരെ കണ്ടിട്ടുള്ളത്. 543 സ്വതന്ത്രർ ജയിച്ച് പാർലമെന്റിൽ എത്തിയാൽ 543 വ്യത്യസ്ത കാഴ്ചപ്പാടുകളായിരിക്കും ഓരോരുത്തരും അവിടെ അവതരിപ്പിക്കുക. ഇവിടെയാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി. എന്നാൽ ഇന്ന് രാഷ്ട്രീയ പാർട്ടികളിലും അവരുടെ ആശയങ്ങളിലുമൊക്കെ വന്നിരിക്കുന്ന ജീർണതയും താൻപോരിമയും കാണാതിരിക്കാൻ കഴിയില്ല.
ചിലയിടങ്ങളിലെങ്കിലും ഇന്നും കള്ളവോട്ടുകൾ ചെയ്യുന്നു എന്നത് നമ്മുടെ സംവിധാനങ്ങളുടെ പോരായ്മയായി മാത്രമേ കാണാൻ കഴിയൂ. രാഷ്ട്രീയ താല്പര്യമോ രാജ്യത്തിൻറെ വികസനങ്ങളോ മുന്നിൽ കാണാതെ തങ്ങളുടെ സ്ഥാനാർത്ഥികൾ ഏതു വിധേനയും ജയിക്കണമെന്ന സ്വാർത്ഥ ചിന്തയാണ് ഇതിനൊക്കെ പുറകിലുള്ളത്. സമാധാനപൂർണമായ ഒരു തെരഞ്ഞെടുപ്പാകണം ജനാധിപത്യത്തിൻ്റെ മുന്നോട്ടുള്ള വളർച്ചക്ക് മുതൽക്കൂട്ടാകേണ്ടത്.
ജനങ്ങളുടെ തെരഞ്ഞെടുപ്പുകളോടുള്ള ഒരാവേശം കെട്ടടങ്ങിയിട്ടുണ്ടോ എന്നത് ചിന്താ വിഷയമാണ്. ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാകുന്നതും ഇവിടെ ആര് ജയിച്ചു വന്നാലും കാര്യങ്ങൾ മെച്ചപ്പെടുന്നില്ല എന്ന നിരാശയും സാധാരണ ജനങ്ങളിലുണ്ടാകുന്നു. പോളിംഗ് ബൂത്തുകളിൽ മണിക്കൂറുകൾ ചൂടുകൊണ്ട് വരി നിന്നാണ് ജനങ്ങൾ വോട്ടു ചെയ്യുന്നത്. കുടിക്കാനുള്ള വെള്ളം പോലും നല്കാൻ സാധിക്കുന്നില്ല എന്നത് ദുഖകരമാണ്.
ഓരോ തെരഞ്ഞെടുപ്പുകളിലും വരി നിൽക്കുന്നവർ കുഴഞ്ഞു വീണു മരിക്കുന്നത് വർത്തയാകുകയാണ്. ഇത്തരത്തിൽ കഷ്ടപ്പെട്ട് വോട്ട് നൽകി ജയിപ്പിച്ചു വിടുന്നവർക്ക് ലഭിക്കുന്ന മികച്ച ജീവിത സൗകര്യങ്ങളും വരുമാനവുമൊക്കെ സാധാരണ വോട്ടറിൽ ഒരു രീതിയിലുള്ള നിരാശ ഉണ്ടാക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്. ഇത്തരം കാര്യങ്ങളെ വിമർശിക്കുകയോ പ്രതിപാദിക്കുകയോ ചെയ്യുമ്പോൾ അവരെയൊക്കെ അരാഷ്ട്രീയവാദികളായി ചിത്രീകരിക്കുന്നതും കാണാവുന്നതാണ്.
തെരഞ്ഞെടുപ്പുകൾ കൂടുതൽ സുതാര്യമാകട്ടെ അതുവഴി ജനാധിപത്യം ശക്തിപ്പെടുകയും രാജ്യം അഭിവൃത്തി നേടുകയും ചെയ്യട്ടെ.