തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി കേരളാ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ വാര്‍ത്ത സൃഷ്ടി വിവാദത്തിനു പിന്നാലെ ഇ.പി ജയരാജന്റെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തുലാസില്‍. അടുത്ത ദിവസം ചേരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഇ.പി പ്രശ്‌നവും ചര്‍ച്ച ചെയ്യും.
ബിജെപിക്കെതിരേ ശക്തമായ പോരാട്ടം നടത്തുന്നത് എല്‍ഡിഎഫ് ആണെന്ന പ്രചാരണം മുന്നോട്ട് വച്ച് വോട്ടു പിടിക്കുന്നതിനിടെ ഇ.പി വിവാദം സിപിഎമ്മിനേയും എല്‍ഡിഎഫിനേയും ഒരേപോലെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് എല്‍ഡിഎഫിനെ വലിയ സംശയത്തിന്റെ നിഴലിലേക്ക് എത്തിച്ചതായാണ് എല്‍ഡിഎഫിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ബിജെപി ദേശീയ നേതൃത്വവുമായി മുന്നണിയോട് ചോദിക്കാതെ പോലും എല്‍ഡിഎഫ് കണ്‍വീനര്‍ ചര്‍ച്ച നടത്തിയത് മുന്നണിക്ക് കളങ്കം ഉണ്ടാക്കിയെന്ന ആരോപണമാവും അടുത്ത യോഗത്തില്‍ സിപിഎഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തുമെന്നുറപ്പ്. ഇതിനിടെ ജയരാജനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ ജയരാജനെ പിന്തുണ നല്കാനായി സിപിഎമ്മിലെ ഉന്നത നേതാക്കള്‍ ആരും രംഗത്തു വരാത്തതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് കണ്‍വീര്‍ സ്ഥാനത്തു നിന്നും ജയരാജനെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്താനുള്ള സാധ്യതയുമുണ്ട്. . ബിജെപി ബന്ധം ആരോപണ വിധേയനായ വ്യക്തിയെ കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നത് മുന്നണിയുടെ പ്രതിശ്ചായയെ ബാധിക്കുമെന്ന വാദവും ഇടതുമുന്നണിക്കുള്ളില്‍ സജീവചര്‍ച്ചയാകുന്നുണ്ട്.