(സണ്ണി മാളിയേക്കല്‍)
തൊടുപുഴ കരിമണ്ണൂര്‍, ജോസ് ജോസഫ് എണ്പതു കളുടെ തുടക്കത്തില്‍ ആണ് അമേരിക്കയിലേക്ക് വന്നത്. ജോസിന് ഒരു പ്രത്യേകതയുണ്ട്, എപ്പോഴും ഒരു ‘സ്റ്റാന്‍ഡ് അറ്റ് ഈസ്’ മൂഡ് ആണ്. പക്ഷേ വര്‍ത്തമാനം പറയാന്‍ തുടങ്ങുമ്പോള്‍, ‘അറ്റന്ഷന്’ പൊസിഷനില്‍ പുഞ്ചിരിയോടെ, നല്ല മുഴക്കത്തില്‍ കാര്യങ്ങള്‍ വ്യക്തമായി പറയും. റിയല്‍ എസ്റ്റേറ്റും, ഇന്‍വെസ്റ്റ്മെന്റും ആണ് ജോലി എന്ന് എനിക്കറിയാം. എന്നാല്‍ അദ്ദേഹം ഒരിക്കലും ബിസിനസ് മാര്‍ക്കറ്റ് ചെയ്യുകയോ, ഇതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാറുമില്ല.
2008, അന്ന് എനിക്ക് ആറു, റസ്റ്റോറന്റ് സ്റ്റാഫ് ഉണ്ടായിരുന്നു. ഒരു അപ്പാര്‍ട്ട്മെന്റ് കിട്ടാന്‍ ബുദ്ധിമുട്ട്. യാദൃശ്ചികമായി ജോസുമായി അപ്പാര്‍ട്ട്മെന്റിന്റെ കാര്യം സംസാരിച്ചപ്പോള്‍, എന്തിന് അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുക്കണം, ഒരു ചെറിയ വീടു വാങ്ങിക്കുകയല്ലേ നല്ലത് എന്ന് അദ്ദേഹം ഉപദേശിച്ചു. ഒരു വീടു വാങ്ങാനുള്ള സാമ്പത്തിക സൗകര്യം എനിക്കിപ്പോള്‍ ഇല്ല, അതുമല്ല അതൊരു ബാധ്യത ആവുകയില്ലേ, അങ്ങനെയുള്ള സംസാരത്തില്‍ ജോസ് പറഞ്ഞു ഒരിക്കലും ഇല്ല, ഒരു വീട് മസ്കിറ്റിലെ, വിന്‍ഡ് മില്‍ ലൈനില്‍ ഉണ്ട്.
മൂന്നു ബെഡ്റൂം രണ്ടു ബാത്റൂം ചെറിയ പ്രോപ്പര്‍ട്ടി. $65000.00 വിലയാകും. ഞാന്‍ സെല്‍ഫ് ഫൈനാന്‍സ് ചെയ്യാം ഒരു വര്‍ഷത്തേക്ക് ഒരു പെയ്മെന്റും തരണ്ട, സൗകര്യം പോലെ റീ ഫൈനാന്‍സ് ചെയ്ത്, ഞാന്‍ മുടക്കിയ തുകയും ബാങ്ക് പലിശയും തന്നാല്‍ മതി എന്നു പറഞ്ഞു. നല്ല ഒതുക്കമുള്ള വീട്. ഒരു വര്‍ഷം റസ്റ്റോറന്റ് സ്റ്റാഫ് അവിടെ താമസിക്കുകയും പിന്നീട് അവരെല്ലാം സ്വന്തമായി വിട് വാങ്ങുകയും ചെയ്തു. ഈ സമയം എനിക്ക് ജോസിന്റെ പെയ്മെന്റ് സെറ്റില്‍ ചെയ്യാനും സാധിച്ചു. ഞാന്‍ പിന്നീട് ആ വീട് വാടകയ്ക്ക് കൊടുത്തു. ഇപ്പോള്‍ വിറ്റാല്‍ 3 ലക്ഷത്തില്‍ മേലെ വില കിട്ടും.
ഇന്നലെ ജോസിനെ, ഞാനും ചെറിയാനും സിജു വി. ജോര്‍ജ്ജും, മക്ഡൊണാള്‍ഡ്സില്‍ വെച്ച് കണ്ടു. പഴയ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, ജോസ് ആവേശപൂര്‍വ്വം പറഞ്ഞു ‘എന്റെ പ്രോജക്ട് സക്സസ് ആണ്, പലരും ഇവിടെ ധാരാളം വീട് സ്വന്തമാക്കി.
ഒരു റിയല്‍ എസ്റ്റേറ്റ് പ്രൊഫഷണല്‍ എന്നുള്ള നിലയില്‍ എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു സഹായം. തുടക്കക്കാരന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും’. ആ നല്ല ശമര്യക്കാരന് നന്ദി പറഞ്ഞു പിരിയുമ്പോള്‍, മനസ്സു മന്ത്രിച്ചു ‘ നന്ദി ചൊല്ലി തീരുവാനി ഈ ജീവിതം പോരാ’…..
(സണ്ണി മാളിയേക്കല്‍)