സമുദ്ര പര്യവേഷണത്തിനിടെ ലോകത്തിലെ ഏറ്റവും ആഴമേറിയ നീല ഗർത്തം കണ്ടെത്തി ഗവേഷകർ. മെക്സിക്കോയിലെ ചേറ്റുമൽ ഉൾക്കടലിലാണ് ‘താം ജാ ബ്ലൂ ഹോൾ’ കണ്ടെത്തിയത്. സമുദ്ര നിരപ്പിൽ നിന്നും 1,380 അടിയിലധികം (420 മീറ്റർ) ആഴം ഗർത്തത്തിനുള്ളതായാണ് കണ്ടെത്തൽ. ചിക്കാഗോയിലെ ട്രംപ് ടവറിന്റെ ഉയരത്തോളം ആഴം ഗർത്തത്തിനുണ്ടാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. 2021 ലാണ് ഗവേഷക സംഘം ആദ്യമായി താം ജാ ബ്ലൂ ഹോൾ കണ്ടെത്തുന്നത്. ഏറ്റവും ആഴം കൂടിയ നീല ഗർത്തമെന്ന ദക്ഷിണ ചൈനാ കടലിലെ ഡ്രാഗൺ ഹോളിന്റെ റെക്കോർഡ് മറികടക്കുന്നതാണ് താം ജാ ബ്ലൂ ഹോളിന്റെ ആഴം.
മെക്സിക്കോയുടെയും ബെലീസിന്റെയും അതിർത്തിയോടടുത്ത് സ്ഥിതി ചെയ്യുന്ന താം ജാ ബ്ലൂ ഹോൾ ചേറ്റുമൽ ഉൾക്കടലിലെ മറ്റ് നിരവധി നീല ഗർത്തങ്ങളുടെ സമീപത്തായാണ് രൂപപ്പെട്ടിട്ടുള്ളത്. മായൻ ഭാഷയിലെ ‘ആഴത്തിലുള്ള ജലം’ എന്ന അർത്ഥത്തിലാണ് ‘താം ജാ’ എന്ന് ഗർത്തത്തത്തിന് പേര് നൽകിയിരിക്കുന്നത്. ആദ്യമായി ഗർത്തം കണ്ടെത്തിയപ്പോൾ എക്കോ സൗണ്ടേഴ്സ് ഉപയോഗിച്ച് 900 അടി വരെ താഴ്ചയിലെത്താൻ ഗവേഷകർക്ക് സാധിച്ചിരുന്നു. ആധുനിക സിടിഡി (CTD) ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ 2023ൽ വീണ്ടും ഒരു സംഘം പര്യവേഷണം നടത്തിയിരുന്നിവെങ്കിലും 1380 അടി വരെ താഴ്ചയിൽ എത്താൻ മാത്രമാണ് ഗവേഷകർക്ക് സാധിച്ചത്. സമുദ്രത്തിലെ പാറകളും ജലപ്രവാഹങ്ങളും കൂടുതൽ ആഴങ്ങളിലേക്ക് എത്തുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഭൂമിശാസ്ത്രപരമായി കാർസ്റ്റ് ഭൂരൂപങ്ങൾ എന്ന് വിളിക്കപ്പെടുന്ന നീല ഗർത്തങ്ങൾ പ്രധാനമായും തീരപ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ചുണ്ണാമ്പ് കല്ല്, മാർബിൾ അല്ലെങ്കിൽ ജിപ്സം തുടങ്ങിയ വസ്തുക്കളാവും ഇവയുടെ അടിത്തത്തിൽ ഉണ്ടാവുക. ഉപരിതലത്തിലെ പാറകളിലൂടെ സമുദ്ര ജലം ഒഴുകുന്നതിന്റെ ഫലമായി പാറകളിലെ ധാതുക്കൾ ലയിക്കുകയും വിള്ളലുകൾ രൂപപ്പെടാൻ കരണമാവുകയും ചെയ്യുന്നു. ഈ വിള്ളലുകളിലൂടെ ജലം ആഴ്ന്നിറങ്ങി ലംബ തലത്തിൽ ഉള്ള ഗർത്തങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
താം ജാ ഗർത്തത്തിൽ 1,312 അടി താഴെയുള്ള ജല പാളി കരീബിയൻ കടലിനും അടുത്തുള്ള തീരദേശ റീഫ് ലഗൂണുകൾക്കും സമാനമായ താപനിലയും ലവണാംശവും പ്രകടിപ്പിക്കുന്നതായും ഗവേഷകർ സൂചിപ്പിച്ചു. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത സമുദ്ര ആവാസ വ്യവസ്ഥകൾ ഗർത്തത്തിൽ ഉണ്ടാകാനുള്ള സാധ്യതയും ഗവേഷകർ ചൂണ്ടിക്കാട്ടി. ഭൂമിയിലെ മുൻ കാലാവസ്ഥകളെക്കുറിച്ചും ഭൂമി ശാസ്ത്രപരമായ പ്രക്രിയകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ താം ജായുടെ കണ്ടെത്തലിന് സാധിക്കുമെന്നും ഗവേഷകർ പറയുന്നു. സമുദ്രങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും മനുഷ്യന്റെ പ്രവർത്തനങ്ങൾ സമുദ്രത്തെ എങ്ങനെ ബാധിക്കുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകുന്നതോടൊപ്പം പവിഴപ്പുറ്റുകൾ, കടലാമകൾ, സ്രാവുകൾ എന്നിവയ്ക്കൊപ്പം കടൽ സസ്യങ്ങളുടെയും സമുദ്രജല ജീവികളുടെയും ജൈവവൈവിധ്യത്തിൻ്റെ കേന്ദ്രങ്ങളാണ് താം ജാ പോലുള്ള വിചിത്രമായ നീല ഗർത്തങ്ങളെന്നും ഗവേഷകർ പറയുന്നു.