Sunday, December 22, 2024

HomeEditor's Pickമികച്ച ഗതാഗത സംസ്കാരത്തിന്റെ ആവശ്യകത (ലേഖനം : ആൻറണി ജോസഫ് കുറുപ്പശ്ശേരി)

മികച്ച ഗതാഗത സംസ്കാരത്തിന്റെ ആവശ്യകത (ലേഖനം : ആൻറണി ജോസഫ് കുറുപ്പശ്ശേരി)

spot_img
spot_img

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയം കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ തിരുവനന്തപുരം മേയർ ഉയർത്തിയ ആരോപണങ്ങളും ഡ്രൈവർ യദു നടത്തിയ പ്രത്യാരോപണങ്ങളുമാണ്. ഈ വിഷയത്തിൽ ഏറ്റവും പ്രധാനമായി ശ്രദ്ധയിലേക്ക് വരുന്നത് റോഡിലെ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും റോഡിൽ പുലർത്തേണ്ട സാമാന്യ മര്യാദകളുമാണ്.

റോഡുകളിൽ ഉണ്ടാകുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന സാമാന്യ ബോധം നമുക്കില്ല എന്നതാണ് ഇത്തരം വിഷയങ്ങളിൽ നിന്ന് നമുക്ക് കാണാൻ കഴിയുന്നത്. റോഡ് പൊതു സമൂഹത്തിന്റേതാണെന്ന കാര്യം പലരും വിസ്മരിക്കുകയാണ്. പകരം തങ്ങളുടേത് മാത്രമാണെന്ന ചിന്തയാണ് പലരിലും ഉരുത്തിരിയുന്നത്. അതുകൊണ്ടുതന്നെ ഡ്രൈവ് ചെയ്യുമ്പോൾ തങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഡ്രൈവ് ചെയ്യുമെന്ന രീതിയാണ് പലരും സ്വീകരിക്കുന്നത്. ഇതുമൂലം മര്യാദയ്ക്ക് നിയമം അനുസരിച്ച് വണ്ടി ഓടിക്കുന്നവർ മറ്റുള്ളവരുടെ തെറ്റായ ഡ്രൈവിംഗ് മൂലം പ്രശ്നങ്ങളിൽ പെടുന്നതായും നമുക്ക് കാണാൻ കഴിയും.

റോഡ് നികുതി കൊടുത്താണ് വണ്ടി ഓടിക്കുന്നതെന്ന ചില മുടന്തൻ ന്യായങ്ങളാണ് പലരും മുന്നോട്ട് വെക്കുന്നത്. എല്ലാറ്റിലുമുപരി റോഡ് സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. ഒരു മണിക്കൂർ റോഡ് സൈഡിൽ ചിലവഴിച്ചാൽ നിയമലംഘനങ്ങളുടെ ഒരു പരമ്പര തന്നെ നമുക്ക് കാണാൻ കഴിയുന്നതാണ്. എന്നാൽ ഈ നിയമ ലംഘനങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുകയും നിയമ ലംഘകർക്ക് അത് യഥേഷ്ടം തുടരുവാനുള്ള പ്രോത്സാഹനമാകുകയുമാണ്.

കേരളത്തിലെ ഒട്ടുമിക്ക ഡ്രൈവർമാരും റോഡിലുണ്ടാകുന്ന തിരക്കുകൾക്ക് പഴിപറയുകയും അതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതുമാണ് കാണാൻ കഴിയുന്നത്. ഏതെങ്കിലും ഒരു സ്ഥലത്തേക്ക് വണ്ടിയിൽ യാത്ര പോകുന്നവർ അവർ ആഗ്രഹിക്കുന്ന സമയത്ത് എത്തിച്ചേരണമെന്ന ശാഠ്യത്തിലാണ് വണ്ടിയോടിക്കുന്നത്. റോഡുകളിലുണ്ടാകാവുന്ന പ്രതിബന്ധങ്ങൾ കണക്കുകൂട്ടാതെ പുറപ്പെടുന്നതുകൊണ്ടാണ് ഇത്തരത്തിൽ പലപ്പോഴും റോഡുകളിൽ അവർക്ക് അമിത വേഗതയെടുക്കേണ്ടി വരുന്നതും നിയമ ലംഘനങ്ങൾ നടത്തേണ്ടി വരുന്നതും. ഉദാഹരണത്തിന് അറുപത് കിലോമീറ്റർ യാത്ര ചെയ്യേണ്ടവർ 60 കിലോമീറ്റർ വേഗതയിലോടിച്ചാൽ ഒരു മണിക്കൂർ കൊണ്ട് എത്തിച്ചേരാമെന്ന കണക്കുകൂട്ടലിലാണ് പുറപ്പെടുന്നത്.

ഏത് തരത്തിലുള്ള പ്രതിബന്ധങ്ങളും പോകുന്ന റോഡുകളിൽ ഉണ്ടാകാം എന്ന യുക്തിപൂർവ്വമായ ഒരു ധാരണയുണ്ടായിരുന്നെങ്കിൽ കുറേക്കൂടി നേരത്തെ പുറപ്പെടുവാൻ സാധിക്കുകയും അപകടകരമായ രീതിയിൽ വാഹനമോടിക്കേണ്ടി വരികയുമില്ല. മാന്നാർ മത്തായി സ്പീകിംഗ് എന്ന സിനിമയിൽ യാത്ര പുറപ്പെട്ടതിന് ശേഷം, വേണമെങ്കിൽ ഒരു മണിക്കൂർ മുൻപ് പുറപ്പെടാം എന്ന രസകരമായ ഫലിതം പറയുന്നത് പോലെയാണ് പലരുടെയും മനോഭാവം. തിരക്ക് പിടിച്ച യാത്രകൾ ഒഴിവാക്കുക എന്നതാണ് ഇതിൽ ഏറ്റവും അഭികാമ്യം.

മുംബൈയിലെ അമിത തിരക്കേറിയ റോഡുകളിൽ ഒരു ഡ്രൈവറും അസഹിഷ്ണുത കാട്ടാറില്ല. ആ തിരക്കുകൾ സ്വാഭാവികമാണെന്ന ബോധ്യം അവർ ഉൾക്കൊള്ളുന്നു എന്നതാണ് കാരണം. ആ ഗതാഗതക്കുരുക്കുകൾ അധികാരികൾ മനസ്സിലാക്കുകയും അതിനാവശ്യമായ മാറ്റങ്ങൾ റോഡുകളിൽ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് മുംബൈയിൽ ഫ്‌ളൈഓവറുകൾക്ക് മുകളിൽ പലതട്ടുകളായി ഫ്‌ളൈഓവറുകൾ പണിയുന്നതും രണ്ട് കരകളെ ബന്ധിപ്പിക്കുവാനായി കടലിനുമുകളിൽ പാലങ്ങൾ പണിയുന്നതുമൊക്കെ.

റോഡുകളിൽ മറ്റുള്ളവരെ പരിഗണിക്കുവാനുള്ള ഒരു മനോഭാവം ഇല്ല എന്നതാണ് മറ്റൊരു വിഷയം. ഇവിടെ ഒരാളും മറ്റ് വണ്ടികളെ ഓവർടേക്ക് ചെയ്യാൻ അനുവദിക്കില്ല എന്നതാണ് പൊതുവെ കാണുന്ന ഒരു പ്രവണത. ഇത്തരത്തിലുള്ള ഒരു വിചിത്രമായ മാനസികാവസ്ഥ പല ഡ്രൈവർമാരും ഉണ്ടാക്കിയെടുക്കുന്നു. അല്ലെങ്കിൽ അവരുടെ സംസ്കാരവുമായി ഇഴുകിച്ചേർന്നിരിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ. അതിനാൽ തന്നെ ഡ്രൈവർമാർ പരസ്പരം ചീത്ത വിളിക്കുന്നതും തമ്മിൽ പോരടിക്കുന്നതും സ്ഥിരം കാഴ്ചകളായി മാറുകയാണ്.

ഓരോ വണ്ടികൾക്കും ഓരോ മുൻഗണനയാണെന്നുള്ള സാമാന്യ ബോധം ഉണ്ടാകണം. അത് വ്യക്തിപരമായി ഡ്രൈവർക്കോ അതിലെ യാത്രക്കാർക്കോ ഉള്ള മുൻഗണനയല്ല. ഇവിടെ മുൻഗണന കൊണ്ടുദ്ദേശിക്കുന്നത് വ്യത്യസ്ത തരം വണ്ടികൾക്ക് റോഡിൽ കൊടുക്കേണ്ട പരിഗണനകളാണ്. ഉദാഹരണത്തിന് സ്വകാര്യ വ്യക്തികളുടെ യാത്രാ വാഹനങ്ങളും മറ്റുള്ള വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വകാര്യ വ്യക്തികളുടെ യാത്രാ വാഹനങ്ങൾക്ക് ഏറ്റവും കുറവ് മുൻഗണന മാത്രമായിരിക്കുമെന്നത് ഒരു സാമാന്യ ബോധമാണ്.

വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും, പൊതുഗതാഗത സൗകര്യങ്ങളുടെ ഭാഗമായുള്ള ബസ്സുകളും, രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകളും, പോലീസ് വാഹനങ്ങളും, ഫയർ എഞ്ചിനുകൾക്കുമെല്ലാം പ്രത്യേകമായ പരിഗണനകൾ റോഡുകളിൽ നൽകേണ്ടതുണ്ട്. ആംബുലൻസുകളെ ഏതെങ്കിലും രീതിയിൽ തടയുന്നത് ഇന്ന് നിയമലംഘനമാണ്. ഇക്കാര്യങ്ങളിലൊന്നും പൊതുജനത്തിന് കാര്യമായ അറിവില്ല എന്നതാണ് യാഥാർഥ്യം. അല്ലെങ്കിൽ അതിനെയൊന്നും കാര്യമായിട്ടെടുക്കുന്നില്ല എന്നും കരുതാം. ഏറ്റവും മെച്ചപ്പെട്ട പൊതുഗതാഗത സൗകര്യങ്ങൾ ഒരു നാടിന്റെ ഏറ്റവും കാതലായ അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാണ്. അതൊരു സേവനമാണ്.

ആരെങ്കിലും ഏതെങ്കിലും വിധത്തിൽ അതിനെ തടസ്സപ്പെടുത്തിയാൽ അത് മുഴുവൻ യാത്രക്കാരെയും ബാധിക്കും. അത് തുടർന്നുള്ള മാറ്റ് സർവീസുകളെ ആശ്രയിക്കുന്ന യാത്രക്കാരേയും ഗതാഗത വകുപ്പിൻ്റെ വിശ്വാസ്യതയേയും ബാധിക്കും. ഇവിടെ മെട്രോ പോലുള്ള സംവിധാനങ്ങളിൽ ഇതിനായി ശക്തമായ നിയമങ്ങളുണ്ടെന്നതും മനസ്സിലാക്കണം. കെഎസ്ആർടിസി ബസുകളെ തടയുന്നതും കുറ്റകരമാണ്. എന്നാൽ എത്രമാത്രം നിയമങ്ങൾ ഉണ്ടെങ്കിലും അത് നടപ്പാക്കുന്നതിൽ അധികാരികൾ അശ്രദ്ധ കാണിച്ചാൽ അത് തെറ്റായ സന്ദേശം മാത്രമേ പൊതു സമൂഹത്തിന് നൽകൂ.

കെഎസ്ആർടിസി പോലുള്ള യാത്രാ ബസ്സുകൾക്ക് സൈഡ് കൊടുക്കാൻ സ്വകാര്യ വാഹനമോടിക്കുന്നവർ തയ്യാറാകണം. പ്രത്യേകിച്ച് ദീർഘദൂര ബസുകൾക്ക്. അതിന് പ്രധാന കാരണം അത് സമയബന്ധിതമായി ഓടുന്നു എന്നതാണ്. മറ്റൊന്ന് അതിൽ യാത്ര ചെയ്യുന്നവർ അതിന്റെ സമയ ക്രമത്തിൽ വിശ്വസിച്ചാണ് യാത്ര ചെയ്യുന്നത് എന്നും മനസ്സിലാക്കേണ്ടതാണ്. അതോടൊപ്പം പെട്ടെന്ന് നശിക്കുന്ന അല്ലെങ്കിൽ ചീഞ്ഞു പോകാൻ സാധ്യതയുള്ള സാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾക്കും കൂടുതൽ പ്രാമുഖ്യം നൽകേണ്ടതാണ്. ഇത്തരം വണ്ടികളെ പെട്ടെന്ന് തിരിച്ചറിയാനായി മുൻപിലും പിറകിലുമായി ആവശ്യമായ അടയാളങ്ങൾ പ്രദർശിപ്പിക്കേണ്ടതും ആവശ്യമാണ്.

എങ്ങനെയാണ് റോഡുകളിലും പൊതു സ്ഥലങ്ങളിലും പരസ്പരം ഇടപെടണമെന്ന ഒരു നല്ല സംസ്കാരം നമുക്കില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരു നല്ല ഗതാഗത സംസ്കാരം ഉണ്ടാക്കിയെടുക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഗതാഗത നിയമ ലംഘനങ്ങൾക്ക് നിയമ നടപടികളോടൊപ്പം കനത്ത പിഴയും ഏർപ്പെടുത്തുകയെന്നത് തന്നെയാണ് അതിനെ നിയന്ത്രിക്കുവാൻ പ്രധാനമായി ചെയ്യേണ്ടത്. സാമ്പത്തികമായി ഉന്നതരായവർക്ക് ഇന്നത്തെ പിഴ വളരെ തുശ്ചമാണെന്ന് പ്രത്യേകമായി പറയേണ്ടതില്ല. അത്തരത്തിൽ മാത്രമേ നല്ല ഒരു സംസ്കാരത്തിലേക്ക് പതുക്കെയാണെങ്കിലും എത്തിച്ചേരാൻ സാധിക്കൂ.

പക്ഷെ ഇവിടെ ആര് എത്രമാത്രം ശരിയായിരീതിയിൽ നിയമലംഘനങ്ങൾ കണ്ടുപിടിക്കുമെന്നതാണ് പ്രധാന ചോദ്യം. എല്ലാ മേഖലകളിലും സ്വജനപക്ഷപാതം മാത്രം കാട്ടുന്നിടത്ത് എത്രമാത്രം നിഷ്പക്ഷമായി നീതി നടപ്പാക്കാൻ സാധിക്കുമെന്നതാണ് പ്രശ്നം. രാഷ്ട്രീയ പ്രവർത്തകരും, ഭരണാധികാരികളും, ഉദ്യോഗസ്ഥ വൃന്ദവുമാണ് ഇന്ന് ഏറ്റവും കൂടുതൽ ഇക്കാര്യങ്ങളിൽ മുതലെടുപ്പ് നടത്തുന്നതെന്നത് പച്ചയായ യാഥാർഥ്യമാണ്.

സിങ്കപ്പൂരിൽ റോഡുകളിൽ തല്ലു കൂടുന്നവർക്ക് കനത്ത പിഴനൽകുമെന്ന് പലയിടത്തും ബോർഡുകൾ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാൻ കഴിയുന്നതാണ്. അവിടെ ശരിതെറ്റ് ആരുടെഭാഗത്താണെന്നതല്ല. അത്തരം സംഭവങ്ങളിൽ പോലീസിന്റെയും നിയമസംവിധാനങ്ങളുടെയും സഹായം തേടുകയെന്നതാണ് അതിലൂടെ നൽകുന്ന സന്ദേശം. നിയമസംവിധാനമുള്ള ഒരു രാജ്യത്ത് പരസ്പരം അടിച്ച് തീർത്തല്ല നീതി നടപ്പാക്കേണ്ടത്. നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നതാണ് ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നത്.

റോഡ് നിയമങ്ങൾ കാലാനുസൃതമായി മാറ്റപ്പെടുകയോ ആവശ്യമായ സൗകര്യങ്ങൾ റോഡുകളിൽ തയ്യാറാക്കി കൊടുക്കുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. നഗരത്തിലെ ഫുട്പാത്തുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ കഴ്ചകൾ ഒരു പക്ഷെ അവരുടെ അറിവില്ലായ്‍മയോ നിയമത്തെ ഭയമില്ലാത്തതിന്റെയോ കാരണമാകാം. അതോടൊപ്പം നഗരത്തിൽ കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുടെ അഭാവവും ചിന്തിക്കേണ്ടതാണ്. നഗരത്തിലേക്ക് കൂടുതൽ സ്വകാര്യ വാഹനങ്ങൾ എത്താതിരിക്കണമെങ്കിൽ ആവശ്യമായ മെച്ചപ്പെട്ട പൊതു യാത്രാസൗകര്യങ്ങൾ ഉണ്ടാകണമെന്നതാണ് ചിന്തിക്കേണ്ടത്. ആസ്ട്രേലിയ – മെൽബറൺ സിറ്റി ഏരിയായിൽ ട്രാം സർവീസുകൾ പൂർണമായും യാത്രക്കാർക്ക് ഫ്രീ ആണെന്ന കാര്യം സന്ദർഭവശാൽ ഇവിടെ സൂചിപ്പിക്കുകയാണ്.

മറ്റൊരു പ്രധാന കാര്യം നമ്മുടെ റോഡുകളിൽ കാൽനട യാത്രക്കാർക്ക് ഉണ്ടാകുന്ന ഏറ്റവും മോശപ്പെട്ട അനുഭവങ്ങളാണ്. അതിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകൾക്ക് യാതൊരു പ്രാധാന്യവും നമ്മുടെ സംവിധാനങ്ങളും വാഹനമോടിക്കുന്ന ഡ്രൈവർമാരും കൊടുക്കിന്നില്ല.

നല്ല ഒരു ഗതാഗത സംസ്കാരം ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ല. എന്നാൽ ആ സംസ്കാരം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ ഭരണകർത്താക്കളിൽ നിന്ന് ഉണ്ടാകണം. മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ദീർഘകാലത്തെ ബോധവൽക്കരണം കൊണ്ടും മാത്രമേ ഇത് സാധ്യമാകൂ. എന്തായാലും കാലികമായ നൂതനമായ മാറ്റങ്ങൾ ഗതാഗത മേഖലയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments