ടെക്സസ്: ടെക്സസിലെ പ്രതികൂല കാലാവസ്ഥ കൂടുതൽ നഗരങ്ങളെ ബാധിക്കുന്നതിന്റെ ഭാഗമായി ഹൂസ്റ്റൺ പ്രദേശം അപകടകരമായ വെള്ളപ്പൊക്ക സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തെക്കുകിഴക്കൻ ടെക്സസിലും ലൂസിയാനയിലും വ്യാഴാഴ്ച വെള്ളപ്പൊക്ക നിരീക്ഷണം നിലവിൽ വരും. തെക്കുകിഴക്കൻ ടെക്സാസിൻ്റെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച 8 ഇഞ്ച് വരെ മഴ പെയ്തതിനാൽ നിരവധി മിന്നൽ പ്രളയ മുന്നറിയിപ്പുകളും പ്രാബല്യത്തിൽ ഉണ്ട്. ഈ പ്രദേശങ്ങളിൽ വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും സംസ്ഥാനത്തിന് ഭീഷണിയായതിനാൽ ഗവർണർ ഗ്രെഗ് ആബട്ട് ദുരന്തസാഹചര്യ പ്രഖ്യാപനം നടത്തി.
“ടെക്സസിലുടനീളമുള്ള ഒന്നിലധികം പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും കഠിനമായ കാലാവസ്ഥയും തുടരുന്നതിനാൽ, ജനങ്ങൾക്ക് സുരക്ഷിതമായി തുടരാൻ ആവശ്യമായ സഹായവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി 59 കൗണ്ടികളിൽ കൂടി ദുരന്തസാഹചര്യ പ്രഖ്യാപനം നടത്തുന്നു,” ഗവർണർ പ്രസ്താവനയിൽ പറഞ്ഞു. “അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ, കാലാവസ്ഥയുടെ മാറ്റങ്ങളെക്കുറിച്ച് ബോധവാൻമാരായിരിക്കണം. സംസ്ഥാന-പ്രാദേശിക ഉദ്യോഗസ്ഥരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക. അപകടകരമായ വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുക എന്നിവ പ്രധാനമാണ്. ടെക്സസ് സംസ്ഥാനം എമർജൻസി മാനേജ്മെൻ്റുമായും പ്രാദേശിക ഉദ്യോഗസ്ഥരുമായും ചേർന്ന് പ്രവർത്തിക്കുന്നത് തുടരുന്നു.”