ജക്കാര്‍ത്ത: ഇന്തോനീഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത മുങ്ങിക്കൊണ്ടിരിക്കുന്നു. നഗരപരിധിക്കുള്ളിലും പുറത്തുമായി 40 ദശലക്ഷത്തിലധികം ആളുകള്‍ വസിക്കുന്ന ജക്കാര്‍ത്തയുടെ 40 ശതമാനം പ്രദേശവും സമുദ്രനിരപ്പിന് താഴെയാണുള്ളത്. ജക്കാര്‍ത്ത പ്രതിദിനം മുങ്ങിക്കൊണ്ടിരിക്കെ തലസ്ഥാനം നുസാന്തരയിലേക്ക് മാറ്റാനുള്ള നടപടികളിലാണ് ഇപ്പോള്‍ ഇന്‍ഡൊനീഷ്യ.
ജക്കാര്‍ത്തയില്‍ നിന്ന് 1400 കിലോമീറ്റര്‍ ദൂരത്തുള്ള ബോര്‍ണിയോയുടെ കിഴക്കന്‍ തീരത്ത് നിര്‍മിക്കുന്ന പുതിയ നഗരമാണ് നുസാന്തര. 35 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ച് പത്ത് വര്‍ഷം കൊണ്ട് ഒരു പുതിയ നഗരത്തെ രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.
ലോകത്ത് വലുപ്പത്തില്‍ പതിനാലാം സ്ഥാനത്തുള്ള തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് ഇന്‍ഡൊനീഷ്യ. ജപ്പാന്റെ അധിനിവേശത്തില്‍ നിന്ന് 1949 ഡിസംബറില്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം കിട്ടിയതിന് പിന്നാലെയാണ് ജക്കാര്‍ത്തയെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. അതുവരെ ബറ്റാവിയ എന്ന ഡച്ച് പേരില്‍ അറിയപ്പെട്ടിരുന്ന നഗരത്തെ ഇന്‍ഡൊനീഷ്യന്‍ ദേശീയവാദികളാണ് ജക്കാര്‍ത്ത എന്ന് പുനര്‍നാമകരണം ചെയ്തത്. ഇന്‍ഡൊനീഷ്യയിലെ ഏറ്റവും വലിയ നഗരമാണ് ജക്കാര്‍ത്ത. ഏതാണ്ട് 1.14 കോടി ജനങ്ങളാണ് ജക്കാര്‍ത്തയില്‍ മാത്രം വസിക്കുന്നത്. ജപ്പാനിലെ ടോക്യോ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ജീവിക്കുന്ന രണ്ടാമത്തെ നഗരമേഖല കൂടിയാണ് ജക്കാര്‍ത്ത.
ലോകത്ത് ഏറ്റവും വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരം എന്ന ഖ്യാതി കൂടിയുണ്ട് ജാവന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ജക്കാര്‍ത്തയ്ക്ക്.