ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ വിമാന സർവീസുകൾ ക്യാൻസൽ ചെയ്തതിൽ ഔദ്യോഗിക വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ക്യാബിന്‍ ക്രൂവിലെ ഒരു വിഭാഗം ജീവനക്കാര്‍ സേവനങ്ങളില്‍ നിന്ന് പെട്ടെന്ന് വിട്ടു നിന്നതാണ് ഫ്‌ളൈറ്റുകള്‍ വൈകുന്നതിലേക്കും റദ്ദാക്കുന്നതിലേക്കും നയിച്ചതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രെസ് അറിയിച്ചു.
‘‘ക്യാബിന്‍ ക്രൂവിലെ ഒരു വിഭാഗം ജീവനക്കാരുടെ പെട്ടെന്നുള്ള പിന്‍മാറ്റം കാരണം ഫ്‌ളൈറ്റുകള്‍ വൈകുകയും ചില ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതിനുപിന്നിലെ കാരണം അന്വേഷിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ക്യാബിന്‍ ക്രൂവുമായി ചര്‍ച്ച നടത്തുന്നുണ്ട്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ഞങ്ങളുടെ ജീവനക്കാര്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്,’’ കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.
‘‘അപ്രതീക്ഷിതമായി ഉണ്ടായ ഈ ബുദ്ധിമുട്ടിന് യാത്രക്കാരോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. തുടര്‍ സേവനങ്ങളിലും കമ്പനി മികച്ച നിലവാരം പുലർത്തുമെന്ന് യാത്രക്കാര്‍ക്ക് ഉറപ്പുനല്‍കുന്നു. ക്യാന്‍സലായ ഫ്‌ളൈറ്റുകളിലെ യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുന്നതാണ്. കൂടാതെ മറ്റൊരു ദിവസത്തേക്ക് യാത്ര റീഷെഡ്യൂള്‍ ചെയ്യാനും സാധിക്കും. എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിന് മുമ്പ് യാത്രക്കാര്‍ അതത് ഫ്‌ളൈറ്റിന്റെ സമയം പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’’ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.