പാലക്കാട്: മാതൃഭൂമി ന്യൂസ് ക്യാമറാമാനും എഴുത്തുകാരനുമായ എ വി മുകേഷ് (34) റിപ്പോർട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് ആയിരുന്നു ആക്രമണം.
മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു വെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതൃഭൂമി ഓണ്‍ലൈന്‍ പതിപ്പില്‍ ‘അതിജീവനം’ എന്ന കോളത്തില്‍ മുകേഷ് 110 ജീവിതങ്ങളെ കുറിച്ച് എഴുതിയത് ശ്രദ്ധ നേടിയിരുന്നു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.
മുഖ്യമന്ത്രി അനുശോചിച്ചു
വാർത്താശേഖരണത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ. വി. മുകേഷിൻ്റെ അകാല വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
വേദനാജനകമെന്ന് പ്രതിപക്ഷ നേതാവ്
റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യമുണ്ടായത് വേദനാജനകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
വാര്‍ത്താ ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്ന തന്റെ ജോലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല മുകേഷ് എന്ന ചെറുപ്പക്കാരന്റെ മാധ്യമ പ്രവര്‍ത്തനം. അതിജീവനത്തിനു വേണ്ടി പോരാടുന്ന, എല്ലാവരാലും അവഗണിക്കപ്പെട്ട ചെറുജീവിതങ്ങളുടെ വലിയ സങ്കടങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാന്‍ മുകേഷ് എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ സാക്ഷ്യമാണ് മാതൃഭൂമി ഓണ്‍ലൈന്‍ പതിപ്പില്‍ ‘അതിജീവനം’ എന്ന കോളത്തില്‍ മുകേഷ് 110 ജീവിതങ്ങളെ കുറിച്ച് എഴുതിയത്. എല്ലാം പൊള്ളുന്ന ജീവിതാനുഭവങ്ങള്‍. ആ ജീവിതങ്ങളുടെ വേദന അതേ അര്‍ത്ഥത്തില്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു മുകേഷിന്റെ എഴുത്ത്.
ജോലിയ്ക്കിടയിലാണ് മുകേഷിന് ജീവന്‍ നഷ്ടമായത്. നന്നേ ചെറുപ്പത്തില്‍ വിട്ടു പോയൊരു മാധ്യമ പ്രവര്‍ത്തകന്‍. കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും എങ്ങനെ ആശ്വസിപ്പക്കണമെന്ന് അറിയില്ല. ദുഃഖത്തില്‍ പങ്കുചേരുന്നു.
മന്ത്രി എം ബി രാജേഷിന്റെ അനുശോചന കുറിപ്പ്
മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് വിഡിയോ ജേർണലിസ്റ്റ് എ വി മുകേഷ് കൊല്ലപ്പെട്ട വിവരം അത്യന്തം ഞെട്ടലുളവാക്കുന്നതും വേദനാജനകവുമാണ്. ദീർഘകാലം ഡൽഹിയിലും ഒരു വർഷമായി പാലക്കാടും ജോലി ചെയ്യുമ്പോൾ മികച്ച വീഡിയോ ജേർണലിസ്റ്റ് എന്നതിലുപരി എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധനേടാൻ മുകേഷിന് കഴിഞ്ഞിരുന്നു. അതിജീവനം എന്ന പേരിൽ മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയും ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനങ്ങളും മുകേഷ് എന്ന ജനപക്ഷ മാധ്യമപ്രവർത്തകന്റെ അടയാളങ്ങളായി മാറി. മുകേഷിന്റെ വേർപാട് മലയാള മാധ്യമ രംഗത്തിന് വലിയ നഷ്ടമാണ്. മുകേഷിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.