ലണ്ടൻ: കൊവിഡ് -19 വാക്സിനായ കോവിഷീൽഡ് ആഗോളതലത്തിൽ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക. വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക കഴിഞ്ഞദിവസം ബ്രിട്ടീഷ് ഹൈക്കോടതിയിൽ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ നീക്കം. എന്നാല്‍, വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി അറിയിച്ചതായി ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ കൊവിഡ് -19 വാക്സിനുകളുടെ ലഭ്യത കൂടുതലാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നൂതന വാക്സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിച്ചതായി ടെലഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു.
യൂറോപ്യൻ യൂണിയനിലെ “മാർക്കറ്റിംഗ് അംഗീകാരം” കമ്പനി സ്വമേധയാ പിൻവലിച്ചു, വാക്സിൻ ഇനി ഉൽപ്പാദിപ്പിക്കുന്നില്ലെന്നും ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. വാക്സിൻ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളിൽ ഉടനീളം സമാനമായ നടപടി ഉണ്ടാകും.
കോവിഡ് വാക്സിൻ നിരവധി ആളുകൾക്ക് മരണത്തിനും ഗുരുതര പാർശ്വഫലങ്ങൾക്കും കാരണമായെന്ന അവകാശവാദത്തിൽ കമ്പനി യുകെയിൽ 100 ദശലക്ഷം പൗണ്ടിൻ്റെ കേസ് നേരിടുന്നുണ്ട്.