ഉച്ചഭക്ഷണത്തിന് മാരക വിഷമുള്ള കൂൺ വിളമ്പി മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം നിഷേധിച്ച് ഓസ്ട്രേലിയൻ വനിത. 49 കാരിയായ എറിൻ പാറ്റേഴ്‌സനാണ് ഭർത്താവിന്റെ മാതാപിതാക്കളും ബന്ധവും ഉൾപ്പെടെ മൂന്നുപേരുടെ കൊലപാതക കുറ്റത്തിന് വിചാരണ നേരിടുന്നത്. 2023 ജൂലൈയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നേരത്തെ 3 തവണ മുൻ ഭർത്താവിനെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു. എന്നാൽ സംഭവത്തിൽ താൻ നിരപരാധി ആണെന്നാണ് എറിന്റെ വാദം. മനപ്പൂർവ്വം ആർക്കും വിഷം നൽകിയിട്ടില്ലെന്നും ഇവർ കോടതിയിൽ അവകാശപ്പെട്ടു.
നിലവിൽ ലാട്രോബ് വാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. പ്രതിക്കെതിരെ ചുമത്തിരിക്കുന്ന കുറ്റാരോപണങ്ങളിൽ വാദം കേൾക്കാൻ ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കൂടാതെ കേസ് അതിവേഗ വിചാരണയ്ക്കായി വിക്ടോറിയയിലെ സുപ്രീംകോടതിക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ എറിൻ തന്റെ ഭർതൃ മാതാപിതാക്കളായ ഡോൺ പാറ്റെഴ്സൺ, ഗെയിൽ പാറ്റെഴ്സൺ, പാസ്റ്ററായ ഇയാൻ വില്കിൻസൺ, അദ്ദേഹത്തിന്റെ ഭാര്യ ഹെതറിൻ എന്നിവർക്കാണ് ഭക്ഷണം നൽകിയത്. വിഷക്കൂൺ ഉപയോഗിച്ചാണ് ഇവർ ബീഫ് വെല്ലിങ്ടൺ ഡിഷ് അതിഥികൾക്കായി പാകം ചെയ്തു വിളമ്പിയത് . പിന്നാലെ ശാരീരികാസ്വസ്ഥതകളെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ പാസ്റ്ററായ ഇയാൻ വില്കിൻസൺ ഒഴികെ മറ്റു മൂന്നുപേരും മരിച്ചു.
ഇതിൽ ഇയാൻ വില്കിൻസൺ ഏകദേശം രണ്ടുമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞതിനുശേഷം ആണ് അപകടനില തരണം ചെയ്തത്. എറിൻ വിളമ്പിയ ഭക്ഷണത്തിൽ മാരകവിഷമുള്ള കൂണുകൾ അടങ്ങിയിട്ടുള്ളതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡെത്ത് ക്യാപ് മഷ്റൂമുകൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ കൂണുകൾ കഴിക്കുന്നയാളുടെ കരളിനെയും വൃക്കയെയും തകരാറിലാക്കുന്നു. പലപ്പോഴും ഇവ ഭക്ഷ്യയോഗ്യമായ കൂണുകളായി തെറ്റിദ്ധരിക്കപ്പെടുകയും ഭക്ഷ്യവിഷബാധയുണ്ടാവുകയും ചെയ്യാറുണ്ട്.
അതേസമയം 2021 ലും 2022 ലുമായി എറിൻ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് മുൻ ഭർത്താവായ സൈമൺ പാറ്റേഴ്സണും ഭക്ഷ്യവിഷബാധയേറ്റതായി പോലീസ് പറയുന്നു. ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റവും ഇവർക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. എന്നാൽ ഭക്ഷണത്തിനായി ഉപയോഗിച്ച് കൂണിൽ വിഷമുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് എറിൻ പോലീസിന് നൽകിയ മൊഴി. തന്റെ പ്രിയപ്പെട്ടവരുടെ മരണത്തിന് ഈ കൂണുകൾ കാരണമായി എന്നോർക്കുമ്പോൾ അതിയായ ദുഃഖമുണ്ടെന്നും എറിൻ പറഞ്ഞു.