തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി എംഎല്‍എ സി വേലായുധന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കന്യാകുമാരിയില്‍ വെച്ചായിരുന്നു അന്ത്യം.സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം പ്രമേഹവും വാര്‍ധക്യ സഹജമായ അസുഖങ്ങളെയും തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സംസ്ഥാനത്തെ രണ്ട് പ്രമുഖ ദ്രാവിഡ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ബിജെപി എംഎല്‍എ എന്ന പദവി ഇന്നും വേലായുധന് സ്വന്തം.
ഇദ്ദേഹം 1996ല്‍ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1989ലും പത്മനാഭപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇദ്ദേഹത്തിന് 18.26 ശതമാനം വോട്ടാണ് ലഭിച്ചത്.
ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ എന്നിവരും അനിശോചനം രേഖപ്പെടുത്തി.
ദരിദ്ര കുടുംബത്തിൽ ജനിച്ച വേലായുധന്‍ തന്റെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അദ്ദേഹം വായ്പയെടുത്തിരുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ ഓര്‍ത്തെടുത്തു.
’’ പത്മനാഭപുരത്തുകാര്‍ക്ക് വളരെ സ്വീകാര്യനായ വ്യക്തിയായിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി അദ്ദേഹം തന്റെ ഭൂമി വില്‍ക്കുകയും വായ്പയെടുക്കുകയും ചെയ്തിരുന്നു,’’ ഒരു ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു.
1991ലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അന്ന് 23 ശതമാനം വോട്ട് നേടാൻ കഴിഞ്ഞു. 1996ലെ തെരഞ്ഞെടുപ്പിലാണ് 31.76 ശതമാനം വോട്ട് നേടി ഡിഎംകെ സ്ഥാനാര്‍ത്ഥിയായ ബാല ജനതിപതിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇദ്ദേഹം വിജയക്കൊടി പാറിച്ചത്.
എന്നാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ പത്മനാഭപുരത്ത് വിജയം ആവര്‍ത്തിക്കാന്‍ വേലായുധന് കഴിഞ്ഞില്ല. 2001ലും 2006ലും അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്.2001ല്‍ ഡിഎംകെയുമായി സഖ്യം ചേര്‍ന്ന് 21 സീറ്റുകളില്‍ ബിജെപി മത്സരിച്ചെങ്കിലും നാല് സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുള്ളൂ. പിന്നീട് 2021 വരെ ഒരു എംഎല്‍എയെപ്പോലും നിയമസഭയിലെത്തിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിരുന്നില്ല. 2021ല്‍ എഐഎഡിഎംകെയുമായി ചേർന്ന് ബിജെപി 4 സീറ്റുകളില്‍ വിജയിച്ചു.