ഓരോ വര്‍ഷവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്യാന്‍സര്‍ കേസുകളുടെ എണ്ണം കൂടിവരികയാണെന്ന് റിപ്പോര്‍ട്ട്. അപ്പോളോ ഹോസ്പിറ്റല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍. 2020ല്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ ബാധിച്ചവരുടെ എണ്ണം 14 ലക്ഷമായിരുന്നു. 2025 ആകുമ്പോഴേക്കും ഇത് 15.7 ലക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘‘അര്‍ബുദ രോഗികളുടെയും രോഗം ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ രോഗികളുടെ എണ്ണം ഇനിയും ഉയരും,’’ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷന്‍ കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു.
പ്രധാന ക്യാന്‍സര്‍ വകഭേദങ്ങള്‍
ശരീരത്തിലെ ചില കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയും അവ മറ്റ് ശരീരഭാഗങ്ങളിലേക്ക് പടരുന്നതുമാണ് ക്യാന്‍സര്‍ അഥവാ അര്‍ബുദം. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഇത് സംഭവിക്കാം.
സ്തനം, ഗര്‍ഭാശയം, ഒവേറിയന്‍ ക്യാന്‍സര്‍ എന്നിവയാണ് സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ക്യാന്‍സര്‍ വകഭേദങ്ങള്‍. പുരുഷന്മാരില് സാധാരണയായി വായ, ശ്വാസകോശം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയാണ് കണ്ടുവരുന്നത്.
സ്ത്രീകളിലെ ക്യാന്‍സറില്‍ മുന്നില്‍ നില്‍ക്കുന്നത് സ്താനാര്‍ബുദമാണ്. 2022ല്‍ 1,92,020 പുതിയ കേസുകളാണ് ഈ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നിലാണ് ഗര്‍ഭാശയ ക്യാന്‍സര്‍ രോഗികളുടെ എണ്ണം. സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന മറ്റൊരു ക്യാന്‍സറാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ അര്‍ബുദം.
പുരുഷന്മാരില് ഓറല്‍ ക്യാന്‍സറാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. 2022ല്‍ 1,07,812 പേര്‍ക്കാണ് ഓറല്‍ ക്യാന്‍സര്‍ ബാധിച്ചത്. തൊട്ടുപിന്നിലാണ് ശ്വാസകോശ അര്‍ബുദത്തിന്റെ സ്ഥാനം. അന്നനാള ക്യാന്‍സറും പുരുഷന്മാരില് സാധാരണയായി കണ്ടുവരുന്നുണ്ട്.
ക്യാന്‍സര്‍ പടരാനുള്ള കാരണം
ആളുകളുടെ ആരോഗ്യകരമല്ലാത്ത ജീവിതശൈലിയാണ് അര്‍ബുദ രോഗങ്ങളുടെ പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വൈകിയുള്ള വിവാഹം, പ്രസവം, കുറഞ്ഞ അളവിലുള്ള മുലയൂട്ടല്‍, മറ്റ് ജീവിതശൈലി രോഗങ്ങള്‍ എന്നിവയെല്ലാം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനിതക പ്രശ്നങ്ങളും അര്‍ബുദത്തിന് വഴിവെയ്ക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
പുകയില, ഗുഡ്ക, പാന്‍ മസാല, പോലെയുള്ളവയുടെ ഉപയോഗം ഓറല്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു. എച്ച്പിവി അണുബാധ, ആരോഗ്യകരമല്ലാത്ത ലൈംഗിക ബന്ധം, എച്ച്പിവി വാക്സിന് എടുക്കാത്തത് ഇവയെല്ലാം സ്ത്രീകളെ ഗര്‍ഭാശയ ക്യാന്‍സറിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. വീടിനകത്തും പുറത്തും നിന്നേല്ക്കുന്ന പരിസ്ഥിതി മലിനീകരണമാണ് ശ്വാസകോശ അര്‍ബുദത്തിലേക്ക് നയിക്കുന്നത്.
’’ ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷണ രീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സംസ്കരിച്ച ഭക്ഷണവും, മധുരം കൂടിയ പാനീയങ്ങളും, കൊഴുപ്പ് അടങ്ങിയ ഭക്ഷണവും യുവാക്കള്‍ക്ക് പ്രിയപ്പെട്ടതായി കഴിഞ്ഞു. ഇതെല്ലാം യുവാക്കളില്‍ ഹൃദ്രോഗവും പ്രമേഹവും വര്‍ധിക്കുന്നത് കാരണമായി. പൊണ്ണത്തടിയും കൂടിയിട്ടുണ്ട്,’’ സോനിപത്തിലെ ആന്‍ഡ്രോമിഡ ക്യാന്‍സര്‍ ഹോസ്പിറ്റലിലെ ഡോക്ടറായ ഡോ. ദിനേഷ് സിംഗ് പറഞ്ഞു.
ഇന്ത്യയില്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് പേരിലാണ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നവരില്‍ 4 ശതമാനവും കുട്ടികളാണെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയിലെ 41 ശതമാനം ആശുപത്രികളില്‍ മാത്രമാണ് ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായുള്ള പ്രത്യേക ചികിത്സാ വിഭാഗം ഉള്ളത്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
ജനിതക പ്രശ്നങ്ങള്‍ കാരണമുണ്ടാകുന്ന ക്യാന്‍സര്‍ കേസുകളെ ഒരുപക്ഷെ നിയന്ത്രിക്കാനായെന്ന് വരില്ല. എന്നാല്‍ ജീവിതശൈലിയിയിലും മറ്റും കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ ഒരുപരിധിവരെ അര്‍ബുദ രോഗത്തെ അകറ്റിനിര്‍ത്താനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിന്റെ ഭാഗമായി ക്യാന്‍സര്‍ പരിശോധനകള്‍ വലിയ രീതിയില്‍ വ്യാപിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പുകയില ഉപയോഗം, പുകവലി, മദ്യപാനം, പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണക്രമം, അമിതഭാരം പൊണ്ണത്തടി, വ്യായാമമില്ലായ്മ എന്നീ ജീവിതശൈലി അര്‍ബുദ രോഗത്തിലേക്ക് നയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുന്നത് ഒരുപരിധിവരെ അര്‍ബുദത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചും പറയുന്നു. പുകയിലയുടെ ഉപയോഗം കുറയ്ക്കുന്നതും അര്‍ബുദത്തില്‍ നിന്ന് നിങ്ങളെ അകറ്റി നിര്‍ത്തും.