Wednesday, March 12, 2025

HomeNewsKeralaതൃപ്പൂണിത്തുറയിൽ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച സംഭവം: മകൻ അറസ്റ്റിൽ

തൃപ്പൂണിത്തുറയിൽ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച സംഭവം: മകൻ അറസ്റ്റിൽ

spot_img
spot_img

തൃപ്പൂണിത്തുറ: തളർന്നു കിടക്കുന്ന പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ ലേബർ കോർണറിനു സമീപമുള്ള വാടക വീട്ടിൽ പിതാവ് ഷൺമുഖനെ തനിച്ചാക്കിയതിനു മകൻ അജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഐപിസി 308 പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണനിയമ പ്രകാരമാണ് അജിത്തിനെതിരെ ആദ്യം കേസെടുത്തിരുന്നത്. നഗരസഭാ വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ മകൻ ഉപേക്ഷിച്ചു പോയതോടെ ഷൺമുഖൻ മരിച്ചു പോകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഈ വകുപ്പുകൾ പ്രകാരവും കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയതോടെ ഐപിസി 308 ചുമത്തി. ഇതിനൊപ്പം ഷൺമുഖന്റെ മറ്റു മക്കളുടെയും നാട്ടുകാരുടെയും മൊഴികളും പൊലീസ് പരിഗണിച്ചു.

സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ പൊലീസിനു നിർദേശം നൽകി. 75 വയസ്സുള്ള ഷൺമുഖനു മന്ത്രി വീണാ ജോർജ് ഇടപെട്ട് ചികിത്സയും പരിചരണവും ഒരുക്കുന്നതിനു നടപടി സ്വീകരിച്ചിരുന്നു. അജിത്തിനു പുറമേ ഷൺമുഖനു പെണ്‍മക്കളാണുള്ളത്. അജിത്തും സഹോദരിമാരും തമ്മിൽ കുറെക്കാലമായി ഭിന്നതയുണ്ടെന്നും പലവട്ടം പൊലീസ് ഇടപെട്ടിട്ടുണ്ടെന്നുമാണ് നാട്ടുകാരുടെ ഭാഷ്യം.

വാടക വീട്ടിൽ ഷൺമുഖൻ ഒറ്റയ്ക്കു കിടക്കുന്നതു കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണു നാട്ടുകാർ അറിയുന്നത്. ഒരു ദിവസം മുഴുവൻ ഷൺമുഖൻ വെള്ളമോ ഭക്ഷണമോ കിട്ടാതെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയാതെയും കിടന്നു. നാട്ടുകാർ ഭക്ഷണവും പരിചരണവും നൽകി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments