യുകെയെ ആശങ്കയിലാക്കി തെക്കൻ ഡെവോണിൽ ക്രിപ്റ്റോസ്പോരിഡിയോസിസ് രോഗം പടർന്നുപിടിക്കുന്നു. ഇതിനോടകം 46 പേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുറഞ്ഞത് 100 പേർക്ക് കൂടി രോഗലക്ഷണങ്ങൾ ഉണ്ടെന്ന് യുകെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വയറിളക്കവും ഛർദ്ദിയും ഉള്ളവരെയും നിരീക്ഷിക്കുന്നുണ്ട്. രോഗം കൂടുതൽ പേരിലേക്ക് പടരാതെ നിയന്ത്രിക്കുകയെന്നത് വളരെ നിർണായകമാണ്. വെള്ളത്തിൽ നിന്ന് പടരുന്ന രോഗമാണ് ക്രിപ്റ്റോസ്പോരിഡിയോസിസ്.
യുകെയിലെ തെക്കൻ ഡെവോണിലുള്ള ബ്രിക്സാം എന്ന പ്രദേശത്ത് മാത്രമാണ് നിലവിൽ പ്രധാനമായും രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളം തിളപ്പിച്ച് മാത്രമേ കുടിക്കുവാൻ പാടുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് പറഞ്ഞു. ക്രിപ്റ്റോസ്പോരിഡിയം എന്ന പരാദത്തിലൂടെയാണ് ഈ അണുബാധ പടരുന്നത്. കടുത്ത വയറിളക്കമാണ് പ്രധാന ലക്ഷണം. ക്ലോറിനേറ്റഡ് വെള്ളത്തെ പോലും അതിജീവിക്കാൻ കഴിയുന്ന തരത്തിൽ പ്രതിരോധശേഷിയുള്ളതാണ് രോഗകാരി. അമേരിക്കയിലും ലോകത്തിൻെറ മറ്റ് പല മേഖലകളിലും ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ജലജന്യരോഗം ക്രിപ്റ്റോസ്പോരിഡിയോസിസാണ്.
രോഗം പിടിപെടുന്നതെങ്ങനെ?
- പൂളുകളിലെയോ തടാകങ്ങളിലെയോ പുഴകളിലെയോ വെള്ളച്ചാട്ടങ്ങളിലെയോ അണുബാധയുള്ള വെള്ളം കുടിക്കുന്നത്.
- രോഗകാരിയായ പരാദങ്ങളുടെ സാന്നിധ്യമുള്ള തരത്തിലുള്ള വേവിക്കാത്ത ഭക്ഷണം കഴിക്കുന്നത്.
- പരാദങ്ങളുടെ സാന്നിധ്യമുള്ള എന്തെങ്കിലുമായി നേരിട്ട് ശരീരം സമ്പർക്കത്തിൽ വരുന്നത്.
- അണുബാധയുള്ള വ്യക്തിയുമായി നേരിട്ട് സമ്പർക്കം വരുന്നത്.
ശ്രദ്ധിക്കേണ്ടത് ആരെല്ലാം
- വികസിതരാജ്യങ്ങളിലെ ഗ്രാമങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികൾ.
- വൃത്തിഹീനമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവർ.
- ഏതെങ്കിലും മാരകരോഗത്തിന് ചികിത്സയിലുള്ള വ്യക്തികൾ.
രോഗലക്ഷണങ്ങൾ
- വയറിളക്കം
- ഛർദ്ദി
- ശരീരഭാരം കുറയൽ
- വയറുവേദന
- പനി
രോഗലക്ഷണങ്ങളൊന്നും കാണിക്കാതെയും ഈ പരാദം രണ്ട് മാസത്തോളം ഒരാളുടെ ശരീരത്തിൽ കഴിയും. മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയുമുണ്ട്.
പരിശോധനയും ചികിത്സയും
ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തിയുടെ മലം പരിശോധിച്ചാണ് സാധാരണഗതിയിൽ രോഗം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദർ പറയുന്നു. ചിലപ്പോൾ പല തവണ സാംപിൾ എടുത്ത് പരിശോധിക്കേണ്ടതായി വന്നേക്കും. രോഗം സ്ഥിരീകരിക്കുന്നതിന് കൂടുതൽ പരിശോധനകൾ നടത്തേണ്ടതായും വന്നേക്കും. രോഗപ്രതിരോധ ശേഷി ഉള്ള വ്യക്തികൾക്ക് കാര്യമായ ചികിത്സയൊന്നും തന്നെയില്ലാതെ അണുബാധ മാറും. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവർക്ക് വിദഗ്ദ ചികിത്സ ആവശ്യമാണ്.
രോഗം വരാതിരിക്കാൻ എന്ത് ചെയ്യണം?
- കൈകൾ നന്നായി കഴുകുക: ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനം നടത്തിയതിന് ശേഷവും ഡയപർ മാറ്റിയതിന് ശേഷവും കൈകൾ നന്നായി വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.
- സുരക്ഷിതമായ ഭക്ഷണരീതി: പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക.
- ശുദ്ധ ജലം കുടിക്കുക: തടാകങ്ങളിലെയോ കുളങ്ങളിലെയും പുഴകളിലെയോ വെള്ളം കുടിക്കാതിരിക്കുക. അണുബാധയില്ലെന്ന് ഉറപ്പാക്കി നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- വീട്ടിൽ ശുചിത്വം പാലിക്കുക: വസ്ത്രങ്ങളും ബെഡ് ഷീറ്റുകളുമെല്ലാം ഇടക്കിടെ അലക്കി മാത്രം ഉപയോഗിക്കുക. ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുക.
ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും പൊതുവായ ശുചിത്വം പാലിക്കുകയും ചെയ്യുക.