ആക്കലൂർ മത്തായി വർക്കി, എന്റെ വല്യപ്പൻ, ചെങ്ങന്നൂർ കാടുവെട്ടൂർ മുത്തപ്പന്റെ കുടുംബ പരമ്പരയിലെ തെക്കൻ നസ്രാണി ആയിരുന്നു……… പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കണ്ടാൽ അറിയാം ഉപ്പൂട്ടിൽ ഏലിയാമ്മ തോമസിനെ കല്യാണം കഴിച്ചത് പ്രേമ വിവാഹമായിരുന്നുവെന്ന്……. കാരണം വല്യമ്മച്ചി അതിസുന്ദരി മാത്രമല്ല കാര്യപ്രാപ്തിയും, ഏത് പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനുള്ള കഴിവും ഉണ്ടായിരുന്നു…….. അങ്ങനെ ഏലിയാമ്മ തോമസ്, ഏലിയാമ്മ വർക്കിയായി…… അവർക്ക് മക്കൾ 10……….. എല്ലാവർക്കും മലങ്കര സുറിയാനി സഭയുടെ പരമ്പരാഗത ചട്ടപ്രകാരം പേരിട്ടപ്പോഴും, വീട്ടിൽ വിളിക്കുന്ന ചെല്ലപ്പേരിലെല്ലാം……… ജോയ്,, അച്ഛൻകുഞ്ഞ്, ലീലാമ്മ, ബേബി, തങ്കൻ, മേരിക്കുട്ടി, അന്നമ്മ, കുഞ്ഞുമോൾ , തങ്കമ്മ, കുട്ടിയമ്മ……..
ഒരു സ്നേഹവും കരുതലുമുണ്ടായിരുന്നു…… വിദ്യാഭ്യാസത്തിനും ജോലിക്കും സൗകര്യം നോക്കിയായിരിക്കാം വല്യപ്പച്ചൻ അന്നേ തന്നെ ആലുവയിലേക്ക് താമസം മാറിയത്……….. നാല് ആങ്ങളമാരുടെ ഒത്ത നടുവിലാണ് എന്റെ അമ്മ…….. കുഞ്ഞനുജൻ ബേബി…. എം.ജി.എം പ്രസ്സ് ഉടമ…….. ബേബിച്ചായന്റെ കല്യാണം നടക്കുമ്പോൾ ഞാൻ പൊടി കുഞ്ഞായിരുന്നു……… അതുകൊണ്ടായിരിക്കാം അമ്മായിക്ക് എന്നോട് ഒരു പ്രത്യേക കരുതൽ ഉണ്ടായിരുന്നു…………
നാട്ടിൻപുറത്തെ ചുറ്റുപാടിൽ ജനിച്ചു വളർന്ന അമ്മായി, സ്വന്തം അച്ചുകൂടം മാനേജ് ചെയ്യുക മാത്രമല്ല, എല്ലാ ഭാഷകളും പ്രത്യേകിച്ച് സംസ്കൃതം വരെ പ്രൂഫ് റീഡ് ചെയ്യുമായിരുന്നു…………… ഇടവക പള്ളിയിലെ കുർബാന കഴിഞ്ഞാൽ നേരെ പോകുന്നത് കാസിനോ വീട്ടിലേക്കാണ്…….കാസിനോ തിയേറ്ററിനടുത്ത് ആയതുകൊണ്ട് കാസിനോ വീട് എന്ന് അറിയപ്പെടുന്നത്……… നന്മയും സ്നേഹമുള്ള മനസ്സും ഉണ്ടെങ്കിലേ കൈപ്പുണ്യം ഉണ്ടാകു എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്………. അമ്മായി വിളമ്പി തന്നിട്ടുള്ള ഓരോ കറികളുടെയും രുചികൾ ഇന്നും നാവിൽ നിൽക്കുന്നു………
അക്കാലത്ത് ബേബിച്ചായന് ഒരു ലാബ്രട്ട സ്കൂട്ടർ ഉണ്ടായിരുന്നു………. ബേബിച്ചായനും അമ്മായിയും എല്ലാ വാരാന്ത്യങ്ങളിലും വീട്ടിൽ സ്കൂട്ടറിൽ വരുമായിരുന്നു………. ഒരിക്കൽ തറവാട്ട് വീട്ടിൽ ചെന്നപ്പോൾ ജോമോൾ പറഞ്ഞു സണ്ണിച്ചായനെ “സ്കൂട്ടർ അമ്മച്ചി” അന്വേഷിച്ചു എന്ന്………… അങ്ങനെ അമ്മായി ‘സ്കൂട്ടർ അമ്മച്ചിയായി”………….
സണ്ണി മാളിയേക്കൽ