(ജെയിംസ് കൂടല്‍)
ലോക കേരളസഭകള്‍ പലതു കഴിഞ്ഞു. അടുത്ത ലോക കേരളസഭയ്ക്കുള്ള കളവും ഒരുങ്ങി. എന്നിട്ടും ലോക കേരളസഭയില്‍ ഉയര്‍ന്നുവന്ന നൂറായിരം ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇപ്പോഴും സര്‍ക്കാരിന് ഉത്തരമില്ല. പ്രവാസിക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന ഈ സഭ പ്രവാസിയ്ക്കായി എന്തു ചെയ്തു ? ലോക കേരളസഭയില്‍ ഉയര്‍ന്നു വന്ന ആശയങ്ങളില്‍ എത്രത്തോളം നടപ്പിലായി? ബജറ്റില്‍പോലും പാഴ് വാക്കായി പോകുന്ന പ്രവാസിക്ഷേമ പദ്ധതികള്‍ കൃത്യമായി നടപ്പിലാകാന്‍ ഇനി എത്രകാലം ?
ലോകമെമ്പാടുമുള്ള പ്രവാസികളുടെ സംഗമവേദി എന്ന നിലയില്‍ ഞാനടക്കമുള്ള പ്രവാസികള്‍ പ്രതീക്ഷയോടെയാണ് ലോക കേരളസഭയെ സമീപിച്ചതും പിന്തുടര്ന്നതും. പക്ഷെ ഒരോ ലോക കേരളസഭയും ബാക്കിയാക്കിയത് അടങ്ങാത്ത ധൂര്‍ത്ത് മാത്രമായിരുന്നു. പ്രവാസിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ഈ തട്ടിപ്പ് സഭയ്ക്ക് ഇനി ഇരുന്നുകൊടുക്കണോ എന്ന് പ്രവാസി പ്രതിനിധികള്‍ ഗൗരവത്തോടെ വിലയിരുത്തണം. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ നമ്മുടെ സംസ്ഥാനം കടന്നു പോകുമ്പോള്‍ ഇത്തരമൊരു സഭ നടപ്പിലാക്കുന്നതു തന്നെ ജനവിരുദ്ധ നടപടിയാണ്. പ്രവാസിയുടെ പേരുപയോഗിച്ച് സര്‍ക്കാരിന് ധൂര്‍ത്തിനും തട്ടിപ്പിനും കളമൊരുക്കുമ്പോള്‍ അറിയാതെ എങ്കിലും വിമര്‍ശിക്കപ്പെടുന്നത് ഓരോ പ്രവാസികളേയുമാണ്.
കോടികളാണ് ഓരോ ലോക കേരളസഭയ്ക്കുമായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. വരുന്ന ലോക കേരളസഭയ്ക്കായി മൂന്നു കോടിരൂപ ഇതുവരെ അനുവദിച്ചു കഴിഞ്ഞു. സാംസ്കാരിക പരിപാടിക്ക് 25 ലക്ഷം, പരസ്യത്തിന് 10 ലക്ഷം, താമസത്തിന് 25 ലക്ഷം എന്നിങ്ങനെ നീളുന്നു ഈ ധൂര്‍ത്ത്. ഇതുകൂടാതെ പ്രവാസികളായ ബിസിനസ്സ് പ്രമുഖരില്‍ നിന്നും വന്‍തുകയാണ് സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ സര്‍ക്കാര്‍ വാങ്ങുന്നത്. ഇതിന്റെ കൃത്യമായ കണക്ക് നിരത്താന്‍ സര്‍ക്കാരിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍ ലോക കേരളസഭയുടെ മറവില്‍ വന്‍ അഴിമതിയും തട്ടിപ്പുമാണ് നടന്നു വരുന്നത്. ഇത്തരം കാര്യങ്ങള്‍ സുതാര്യമെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ കണക്കുകള്‍ നിരത്താത്തത് എന്ന ചോദ്യവും ബാക്കി നില്ക്കുന്നു.
ചര്‍ച്ചകളും പ്രഖ്യാപനങ്ങളും മാത്രമാണ് കഴിഞ്ഞ ലോക കേരളസഭകളില്‍ നടന്നത്. ഇതിന്റെ തുടര്‍ച്ചയോ പ്രഖ്യാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചോ കൃത്യമായ ഒരു വ്യക്തത നല്കാന് സംഘാടകര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനോടനുബന്ധമായി അമേരിക്കയിലടക്കം നടന്ന മേഖല സമ്മേളനങ്ങള്‍ എത്രത്തോളം പ്രഹസനമായിരുന്നുവെന്ന് കേരളസമൂഹം കൃത്യമായി വായിച്ചറിഞ്ഞതാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ സഭയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.
സര്‍ക്കാരിന്റെ അതിഥികളായി എത്തുന്ന പ്രവാസികള്‍. അവരില്‍ നിന്നുള്ള നിക്ഷേപസാധ്യതകളോ സംരംഭകത്വ സാധ്യതകളോ ഇപ്പോഴും കണ്ടെത്താന്‍ ഈ സഭയ്ക്കു കഴിഞ്ഞിട്ടില്ല. ഇത്തരം സഭകളുടെ നടത്തിപ്പ് നമ്മുടെ സംസ്ഥാനത്തിന്റെ വികസന സാധ്യതകള്‍ക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിലായിരിക്കണം. തൊഴില്‍ സാധ്യതകളെ കണ്ടെത്തുന്നതിനും പുതിയ സംരംഭകത്വ സാധ്യതകള്‍ തുറക്കുന്നതിനും അത് കളം ഒരുക്കണം. ഇതൊന്നുമില്ലാതെ ധൂര്‍ത്ത് മാത്രമായി പോകുന്നുവെന്ന വിലയരുത്തലാണ് പൊതുവായി കേരളസമൂഹത്തില്‍ ഉയര്‍ന്നു വരുന്നത്. കേരളസഭയുടെ നേട്ടങ്ങളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.
പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കും എന്നതായിരുന്നു കഴിഞ്ഞ സഭയിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ സര്‍ക്കാര്‍ അനാസ്ഥകൊണ്ട് പദ്ധതികള്‍ ഉപേക്ഷിക്കുകയും വഴിമുട്ടുകയും ചെയ്ത നിരവധി പ്രവാസി സംരംഭകര്‍ ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. അവരുടെ ജീവിതങ്ങള്‍ വഴിമുട്ടിയും ഇരുളടഞ്ഞും നില്‍ക്കുമ്പോഴാണ് പുതിയ മോഹനവാഗ്ദാനങ്ങള്‍ കേള്‍ക്കാനായി മാത്രം ഒരു സഭയിലേക്ക് എത്തുന്നത്.
തിരക്കേറിയ ജീവിതം നയിക്കുന്നവരാണ് പല പ്രവാസികളും. അവരുടെ വിലയേറിയ സമയം മാറ്റിവച്ചുകൊണ്ടാണ് ലോക കേരളസഭയിലേക്ക് അവരില്‍ പലരും എത്തുന്നത്. പ്രവാസിക്ഷേമവും ജന്മനാടിന്റെ വികസനവുമാണ് അവരില്‍ പലരും ലക്ഷ്യംവയ്ക്കുന്നത്. അത്തരത്തില്‍ പ്രതീക്ഷയോടെ സാമൂഹിക ഉത്തരവാദിത്വത്തെ തിരിച്ചറിഞ്ഞെത്തുന്ന പ്രവാസികളെയാണ് സര്‍ക്കാര്‍ ഇവിടെ പരിഹസിക്കുന്നത് എന്നതാണ് ഖേദകരം. കുറഞ്ഞപക്ഷം ബജറ്റ് പ്രഖ്യാപനങ്ങളെങ്കിലും കൃത്യമായി നടത്താന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരാണ് ലോക കേരളസഭയുമായി എത്തുന്നത്. പ്രവാസികളെ പരിഹാസ്യരാക്കുന്ന ഇത്തരം സഭകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് – ഇന്‍കാസ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല.
ജെയിംസ് കൂടല്‍
ഗ്ലോബല്‍ പ്രസിഡന്റ്, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് – ഇന്‍കാസ്)