നമ്മുടെ പ്രപഞ്ചത്തിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾക്ക് ഒരിക്കലും അവസാനമില്ലാത്തതാണ് മനുഷ്യനെ ബഹിരാകാശ ഗവേഷണത്തിനും അന്യഗ്രഹങ്ങളെ കുറിച്ച് ആഴത്തിൽ പഠനം നടത്താനും പ്രേരിപ്പിക്കുന്നത്. എങ്കിലും ഭൂമിയിൽ അല്ലാതെ മറ്റുഗ്രഹങ്ങളിൽ മനുഷ്യരെപ്പോലെയുള്ള ജീവജാലങ്ങൾ ഉണ്ടോ എന്ന കാര്യം നമുക്ക് ഇതുവരെയും സ്ഥിരീകരിക്കാൻ ആയിട്ടില്ല. അന്യഗ്രഹ ജീവികൾ അടക്കമുള്ളവയുടെ ഊഹാപോഹങ്ങൾ പതിറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ടെങ്കിലും ഇതിനൊന്നും കൃത്യമായ തെളിവുകൾ നമ്മുടെ പക്കലില്ല. കൂടാതെ ഭൂമിയിലെപ്പോലെ ജീവൻ നിലർത്താൻ കഴിയുന്ന മറ്റേതെങ്കിലും ഗ്രഹങ്ങൾ ഉണ്ടോ എന്ന കാര്യത്തിലും നമുക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ മനുഷ്യന് ജീവൻ നിലനിർത്താൻ സാധിക്കുന്ന ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം കൂടി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ശാസ്ത്രജ്ഞയായ ലാറിസ പലേത്തോർപ്പും സതേൺ ക്വീൻസ്ലാൻ്റ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഷിഷിർ ധോലാകിയയും ചേർന്ന് നാസയുമായി സഹകരിച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ ഗ്രഹം കണ്ടെത്തിയത്. ഭൂമിയോളം വലിപ്പമുള്ള ഈ ഗ്രഹത്തിന് ഗ്ലീസ് 12 ബി എന്നാണ് പേരിട്ടിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 40 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതേസമയം ഉടൻതന്നെ നമുക്ക് ഗ്ലീസ് 12 ബിയിൽ എത്തിച്ചേരാൻ സാധിക്കില്ലെങ്കിലും ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ഈ ഗ്രഹത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന് ഷിഷിർ ധോലാകിയ പറഞ്ഞു.
ഈ ഗ്രഹം അതിൻ്റെ നക്ഷത്രത്തിന് ചുറ്റും കറങ്ങുന്നത് ഒരു വർഷത്തിൽ 13 ദിവസങ്ങൾ മാത്രമാണ്. കൂടാതെ ഇത് ചുറ്റുന്നത് സൂര്യൻ്റെ നാലിലൊന്ന് വലിപ്പമുള്ള നക്ഷത്രമായതിനാൽ ഗ്ലീസ് 12ബി സ്ഥിതി ചെയ്യുന്നത് തണുപ്പുള്ള സ്ഥലത്താണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇവിടെ ഭൂമിയെപ്പോലെ മനുഷ്യന്റെ ജീവൻ നിലനിർത്താൻ സാധിക്കും എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. “ഈ ഗ്രഹത്തിൽ ശരിയായ താപനില ആയതുകൊണ്ട് ആയിരിക്കണം ഉപരിതലത്തിൽ ദ്രാവകരൂപത്തിലുള്ള ജലം നിലനിൽക്കുന്നത്. ഗ്രഹങ്ങളിൽ ദ്രാവകരൂപത്തിലുള്ള ജലം ഉണ്ടെങ്കിൽ അവിടം വാസയോഗ്യമാണെന്ന് ഞങ്ങൾ കരുതുന്നു. ഭൂമിക്ക് പുറമേ വാസയോഗ്യമായ ഗ്രഹങ്ങൾ കണ്ടെത്താനാണ് ഞങ്ങൾ ഈ ഗവേഷണത്തിലൂടെ ശ്രമിക്കുന്നത്. അതിൽ ഗ്ലീസ് 12ബിയുടെ കണ്ടെത്തൽ വളരെ നിർണായകമാണ്” ഷിഷിർ ധോലാകിയ കൂട്ടിച്ചേർത്തു.