പത്തനംതിട്ട: സുഹൃത്തിനോട് മൊബൈൽ ഫോണില്‍ വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ട് പാലത്തില്‍ നിന്നും നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാടിയ 19കാരന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പത്തനംതിട്ട എലിമുള്ളും പ്ലാക്കൽ സ്വദേശി സുധിമോൻ (19) ആണ് പുഴയിലേക്ക് എടുത്തുചാടിയത്.
ബുധനാഴ്ച വൈകിട്ട് മൂന്നിന് തണ്ണിത്തോട് മുണ്ടോമൊഴി പാലത്തില്‍ നിന്നാണ് സുധിമോൻ കല്ലാറ്റിലേക്ക് ചാടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തിനോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ട് നടന്നുപോയി പാലത്തിന്റെ നടുവിൽ നിന്നും ഇയാൾ എടുത്തുചാടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
തുടർന്ന്, അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വള്ളിയിൽ പിടിച്ചുനിൽക്കുന്ന നിലയിൽ സുധിമോനെ കണ്ടെത്തുകയായിരുന്നു. സുധിമോന്റെ സുഹൃത്ത് അഭിജിത്താണ് വീഡിയോ പകർത്തിയത്.