കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ നിരന്തരം ഹാജരാകാതിരുന്നതിനാൽ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എം.വി. ഗോവിന്ദനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്നും പിൻമാറാൻ ഇടനിലക്കാരൻ വഴി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
സ്വപ്നക്കെതിരെ മാനനഷ്ട കേസ് നൽകുവാൻ മുഖ്യമന്ത്രിക്കും മകൾക്കും ആർജ്ജവമുണ്ടോയെന്ന് സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ് ചോദിച്ചു. എം.വി. ഗോവിന്ദൻ കാണിച്ച ആർജ്ജവം മുഖ്യമന്ത്രിയും മകളും കാണിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. കേസ് ഈ മാസം 25 ന് പരിഗണിക്കും.