Sunday, January 5, 2025

HomeAmericaമിഷൻ പോസിബിൾ- പുസ്തകത്തെക്കുറിച്ചും രചയിതാവിനെക്കുറിച്ചും

മിഷൻ പോസിബിൾ- പുസ്തകത്തെക്കുറിച്ചും രചയിതാവിനെക്കുറിച്ചും

spot_img
spot_img

ജോർജ് തുമ്പയിൽ

അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് മതാന്തര സംവാദങ്ങളിലൂടെയും സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വർഗീസ്. പാക്കിസ്ഥാനിലേക്ക് ഫാ. ജോസഫ് വർഗീസ് അടുത്തിടെ നടത്തിയ മിഷൻ യാത്രയുടെ വിവരണമാണ് ‘മിഷൻ പോസിബിൾ’ എന്ന പുസ്തകം. ഇതാദ്യമാണ് സിറിയൻ ഓർത്തഡോക്സ് സഭയിൽ നിന്നുള്ള ഒരാൾ പ്രക്ഷുബ്ധമായ പാകിസ്ഥാൻ ഭൂമികയിൽ ഒരു മിഷൻ യാത്ര നടത്തുന്നത്. പാകിസ്ഥാനിലെ വിശാലമായ മിഷൻ മേഖലയിൽ പ്രവർത്തിക്കാൻ ദൈവം അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

ചരിത്രപരമായ ഈ ദൗത്യ യാത്രയിൽ അന്ത്യോക്യയുടെയും കിഴക്കിന്റെയും പാത്രിയർക്കീസും, സാർവത്രിക സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്റെ പേട്രിയാർക്കൽ അസിസ്റ്റന്റ് കൂടിയായ സിറിയയിലെ ഡമാസ്കസിൽ നിന്നുള്ള ബിഷപ്പ് ജോസഫ് ബാലിയും പങ്കുചേർന്നു .

പാകിസ്ഥാനിലെ കത്തോലിക്കാ സഭയിൽ നിന്ന് അടുത്തിടെ സിറിയൻ ഓർത്തഡോക്സ് വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഫാദർ ഷാമൗൺ മാഷും ഈ യാത്രയിൽ ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന നാളുകളിൽ അത്ഭുതങ്ങളും, രക്ഷയുടെ അനുഭവങ്ങളും , രോഗശാന്തിയും, വിടുതലും, സിറിയൻ ഓർത്തഡോക്സ് വിശ്വാസത്തിലേക്കുള്ള അമ്പരപ്പിക്കുന്ന വിശ്വാസ വീണ്ടെടുപ്പുകളും കണ്ടു എന്ന് അച്ചൻ പറയുന്നു . ആ ദിവസങ്ങളിൽ സിറിയൻ ഓർത്തഡോക്‌സ് വിശ്വാസപ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നതിന് പാക്കിസ്ഥാൻ ആദ്യമായി സാക്ഷ്യം വഹിച്ചു.

400-ലധികം മാമോദീസാർത്ഥികൾ തങ്ങളുടെ ജീവിതത്തിൽ ആദ്യമായി സിറിയൻ ഓർത്തഡോക്സ് വിശ്വാസ ക്രമത്തിലുള്ള വിശുദ്ധ ആരാധനയിൽ പങ്കെടുത്തു. അതെ ദിവസം തന്നെ മാമോദീസാ സ്വീകർത്താക്കളായ കുടുംബങ്ങളിലെ അംഗങ്ങൾ മാമോദീസയിലൂടെ സഭയിൽ ചേരുകയും വിശുദ്ധ മൂറോനിലൂടെ സ്ഥൈര്യലേപനം സ്വീകരിക്കുകയും ചെയ്തു. 2000 വർഷങ്ങൾക്ക് ശേഷം ചരിത്രം ആവർത്തിക്കപ്പെടുകയായിരുന്നു. വിശുദ്ധ മാമോദീസയിലൂടെയും വിശുദ്ധ തൈലാഭിഷേകത്തിലൂടെയും കുടുംബങ്ങൾ സഭയിൽ ചേർന്ന ആദിമസഭയിലേതിന് സമാനമായ അനുഭവമായിരുന്നു ഇത് .

സുറിയാനി ഓർത്തഡോക്‌സ് സഭയ്‌ക്കായി ദൈവം പാക്കിസ്ഥാനിൽ ശക്തമായ നീക്കം നടത്തുകയാണ്. പാക്കിസ്ഥാനിൽ മഹത്തായ ദൈവപരിപാലനയ്ക്ക് സാക്ഷ്യം വഹിച്ച അനുഭവങ്ങളെ വ്യക്തമാക്കി ഫാദർ ജോസഫ് വർഗീസ് പറയുന്നു .
ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ജീവൻ അപകടത്തിലാകാവുന്ന വലിയ അന്ധകാരത്തിൻ്റെതായ ഒരു സ്ഥലത്ത് ദൈവത്തിൻ്റെ അത്ഭുതകരമായ പ്രവർത്തികളെ പുസ്തകം ചിത്രീകരിക്കുന്നു. പാകിസ്ഥാൻ ക്രിസ്ത്യാനികൾ ഓരോ ദിവസവും അഭിമുഖീകരിക്കുന്ന ആത്മീയവും ശാരീരികവുമായ പോരാട്ടങ്ങളുടെ കഥയാണ് പുസ്തകം പറയുന്നത്. ഓരോ ദൗത്യത്തിനും ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ട്.

റാവൽപിണ്ടിയിൽ നിന്ന് 20 കിലോമീറ്റർ അകലെ, പുരാതന ഇന്തോ-പാർത്തിയൻ രാജ്യമായ ഗോണ്ടഫോറസിൻ്റെ പുരാവസ്തു അവശിഷ്ടങ്ങളുടെ സ്ഥലവും ഫാദർ ജോസഫ് സന്ദർശിച്ചു . ഏകദേശം എ ഡി 300-നടുത്ത് പ്രസിദ്ധീകൃതമായ ”സെൻ്റ് തോമസിൻ്റെ പ്രവൃത്തികൾ” എന്ന എന്ന പുസ്തകം അനുസരിച്ച്, ക്രിസ്തുശിഷ്യനായ സെൻ്റ് തോമസ് ഈ കൊട്ടാരത്തിൽ താമസിച്ചിരുന്നു, അന്നാളുകളിൽ രാജ്യം മുഴുവൻ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. ഈ വസ്തുത സ്ഥലത്തെ ഉറുദു ഭാഷയിലുള്ള ഒരു ലിഖിതത്താൽ നിലവിൽ സ്ഥിരീകരിക്കപ്പെടുന്നു. കൂടാതെ പ്രദേശം യുണൈറ്റഡ് നേഷൻസ് പൈതൃക സ്വത്തായി സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും പ്രസ്താവിക്കുന്നു.

പുരാതന ഇന്ത്യയിൽ ക്രിസ്തുമതം നിലനിന്നിരുന്നു എന്നതിൻ്റെ ചരിത്രപരമായ തെളിവുകളും “സെൻ്റ് തോമസിൻ്റെ പ്രവൃത്തികൾ” എന്ന പുസ്തകത്തിൻ്റെ ആധികാരികതയും ഫാദർ വർഗീസ് അന്വേഷിക്കുന്നു. പാക്കിസ്ഥാനിലെ സഭയുടെ ഭാവിയെക്കുറിച്ചും ഈ മിഷൻ ഫീൽഡിൽ കഠിനമായി പൊരുതി നേടിയ വിജയം നിലനിർത്താൻ തീക്ഷ്ണമായ പ്രാർത്ഥനകളാലും സംഭാവനകളാലും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും പുസ്തകം ഓർമിപ്പിക്കുന്നു.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ ഓർമ്മിപ്പിക്കുന്നതുപോലെ, 9: 37-38: അവൻ തൻ്റെ ശിഷ്യന്മാരോട് പറഞ്ഞു, “കൊയ്ത്ത് വളരെ , എന്നാൽ വേലക്കാർ ചുരുക്കം . അതിനാൽ വിളവെടുപ്പിൻ്റെ ചുമതലയുള്ള കർത്താവിനോട് പ്രാർത്ഥിക്കുക; അവൻ്റെ വയലുകളിലേക്ക് കൂടുതൽ തൊഴിലാളികളെ അയയ്ക്കാൻ അവനോട് ആവശ്യപ്പെടുക”.

പത്തനംതിട്ട സ്വദേശിയായ ഫാ. ജോസഫ് വർഗീസ് ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധന ക്രമ പഠനത്തിന്റെ അഡ്‌ജംക്ട് പ്രൊഫസറായും ന്യൂ യോർക്കിലെ ഇൻസ്റ്റിട്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസി(IRFT -NewYork )ന്റെ എക്സിക്യൂട്ടീവ് ഡയറക്റ്ററായും സേവനമനുഷ്ഠിക്കുന്നു. ഐക്യ രാഷ്ട്ര സഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA) അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഓഫ് യു എസ് എ യുടെ ഇന്റർ റിലീജിയസ് ഡയലോഗു(NCC -USA )കളുടെ കോ കൺവീനറായും പ്രവർത്തിക്കുന്നു.

37 അംഗ കൂട്ടായ്മകളെയും 30 ദശ ലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യു എസിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിങ് ടേബിളിന്റെ കോ കൺവീനറുമാണ് ഫാ. ജോസഫ് വർഗീസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments