ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഇന്ത്യന്‍ വംശജ സുനിത വില്യംസ് (Sunita Williams) വീണ്ടും ബഹിരാകാശത്ത് എത്തിയിരിക്കുകയാണ്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. നിലവിലെ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്കുള്ള പേടകം പറത്തുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡും സുനിത സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ സംസ്‌കാരം വിളിച്ചോതുന്ന ചില കാര്യങ്ങളുമായാണ് സുനിത ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്.
ഗണപതിയുടെ ഒരു ചെറിയ വിഗ്രഹവും ഭഗവദ് ഗീതയുടെയും ഉപനിഷത്തികളുടെ പകര്‍പ്പുകളും കുറച്ച് സമോസയും സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.
“ഗണപതി വിഗ്രഹം ഞങ്ങളുടെ വീട്ടില്‍ എപ്പോഴും സൂക്ഷിക്കാറുണ്ട്. എവിടെയൊക്കെ ഞാന്‍ താമസിച്ചോ അവിടെയെല്ലാം ഗണപതി വിഗ്രഹവുമുണ്ടായിരുന്നു. അതുകൊണ്ട് ബഹിരാകാശത്തേക്കും അദ്ദേഹം ഞാൻ കൂടെ കൊണ്ടുപോകും,” 2013ല്‍ ഡല്‍ഹിയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുനിത ഇങ്ങനെ പറഞ്ഞിരുന്നു.
ഭഗവദ് ഗീതയുടെയും ഉപനിഷത്തുകളുടെയും പകര്‍പ്പുകള്‍ സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയി. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള കമ്പം കാരണം കുറച്ച് സമോസയും സുനിത തന്റെ യാത്രയില്‍ കരുതിയിട്ടുണ്ട്.
സുനിത വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍
ഇന്ത്യന്‍ വംശജനാണ് സുനിതയുടെ പിതാവ്. സ്ലോവേനിയന്‍ വംശജയാണ് അമ്മ. പിതാവിന്റെയും മാതാവിന്റെയും സംസ്‌കാരങ്ങളെ ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് സുനിത വില്യംസ്. 2012ല്‍ ബഹിരാകാശത്ത് നിന്ന് സുനിത ദീപാവലി ആശംസകള്‍ നേര്‍ന്നതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
1998ല്‍ നാസയിലെത്തിയതിന് ശേഷം രണ്ട് ബഹിരാകാശ യാത്രകളാണ് സുനിത വില്യംസ് നടത്തിയത്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വ്യക്തിയെന്ന റെക്കോര്‍ഡും സുനിതയുടെ പേരിലാണ്.
ഈ ബഹിരാശ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സുനിത എന്ന് അമ്മയായ ബോണി പാണ്ഡ്യ പറഞ്ഞു.