ന്യൂഡല്‍ഹി: ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്തയെ വിവരദോഷിയെന്നു വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തരംതാണതെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്. തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെ സി.പി.എമ്മിനെയും ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഒരു തിരുത്തലിനും തയാറാകില്ലെന്ന പ്രഖ്യാപനമാണ് ബിഷപ്പ് മാര്‍ കൂറിലോസിനെ വിരവദോഷിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയത്. പൗരനെന്ന നിലയില്‍ ബിഷപ്പിന് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമില്ലേ? ഇത്രയും കനത്ത ആഘാതം ജനങ്ങളില്‍ നിന്നും കിട്ടിയിട്ടും വിമര്‍ശിക്കുന്നവരെല്ലാം വിവരദോഷികളാണെന്ന് പറയാനുള്ള ധാര്‍ഷ്ട്യം പിണറായി വിജയന് മാറ്റിയിട്ടില്ല. ആ ധാര്‍ഷ്ട്യം മാറ്റരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു തിരുത്തലും വരുത്താതെ ഇതുപോലെ തന്നെ പോകണം. കാലം കാത്തുവച്ച നേതാവാണ് പിണറായി വിജയനെന്ന് ഒരുകാലത്ത് പറഞ്ഞ ആളാണ് മാര്‍ കൂറിലോസ്. അന്ന് അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. അപ്രിയങ്ങളായ സത്യങ്ങള്‍ പറയുന്നതും കേള്‍ക്കുന്നതും ദുര്‍ലഭമായ ആളുകളായിരിക്കുമെന്നും പ്രിയങ്ങളായ കാര്യങ്ങള്‍ പറയാന്‍ ഒരുപാടു പേരുണ്ടാകുമെന്നും മഹാഭാരതത്തില്‍ ധൃതരാഷ്ട്രരോട് വിദുരര്‍ പറയുന്നുണ്ട്. ചുറ്റുമുള്ള ഉപജാപകസംഘത്തിന്റെ ഇരട്ടച്ചങ്കന്, കാരണഭൂതന് വിളികള്‍ കേട്ട് മുഖ്യമന്ത്രി കോള്മയിര് കൊള്ളുകയാണ്. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് വണ്ടി ഓടിക്കുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും തീവ്ര വലതുപക്ഷ നിലപാടിലേക്കാണ് പോകുന്നതെന്നാണ് കൂറിലോസ് പറഞ്ഞത്. അപ്രിയങ്ങളായ സത്യങ്ങള്‍ കേള്‍ക്കാനും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനാകില്ലെന്നും ആരും തിരുത്താന്‍ വരേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകളിലൂടെ വ്യക്തമായത്. നികൃഷ്ടജീവി, പരനാറി, വിവരദോഷി തുടങ്ങി നിരവധി വാക്കുകളാണ് മുഖ്യമന്ത്രി നിഘണ്ടുവിലേക്ക് സംഭവാന ചെയ്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഇതൊക്കെ പറയുന്നതെന്ന് ആലോചിക്കണം.
പുരോഗമനപരമായ കാര്യങ്ങള്‍ പറയുകയും കേരളം ആദരവോടെ കാണുകും ചെയ്യുന്ന ഒരാള്‍ തിരഞ്ഞെടുപ്പിന് ശേഷം വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം എത്ര തരംതാണതാണ്. ഇത് മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്നതല്ല. പാര്‍ട്ടിക്കകത്തും പുറത്തും ഒരു വിമര്‍ശനവും സഹിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും സതീശന് കുറ്റപ്പെടുത്തി.