മോസ്കോ: യു.എസ് വളരെക്കാലമായി ലോക മേധാവിത്വ ശക്തിയൊന്നുമല്ലെന്നും അന്താരാഷ്ട്ര രംഗത്തുള്ള യു.എസിന്റെ പ്രവർത്തനങ്ങൾ ലോക രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്തുന്നതിലേക്ക് നയിച്ചെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ. സെന്റ് പീറ്റേഴ്സ്ബർഗ് ഇൻ്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ നടന്ന അന്താരാഷ്ട്ര ബന്ധങ്ങളുടെ പുതിയ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഒരു പാനൽ ചർച്ചയിൽ സംസാരിക്കവെയാണ് സഖറോവ ഇക്കാര്യം പറഞ്ഞത്.
പാശ്ചാത്യ രാജ്യങ്ങളുടെ ആഗോള മേധാവിത്വത്തിൻ്റെ കാലം കഴിഞ്ഞെന്നും പാശ്ചാത്യ രാജ്യങ്ങൾ കൊണ്ട് നടക്കുന്ന ആഗോള മേധാവിത്വത്തിനും ആധിപത്യ നീക്കങ്ങൾക്കും ഇനി പ്രസക്തിയില്ലെന്നും സഖറോവ വ്യക്തമാക്കി.
‘കൂട്ടായ പാശ്ചാത്യ രാജ്യങ്ങൾ മുറുകെ പിടിക്കുന്ന ആധിപത്യത്തിൻ്റെ ആശയങ്ങൾക്ക് ബഹുധ്രുവ ലോക ക്രമത്തിൽ സ്ഥാനമില്ല. ആഗോള ആധിപത്യത്തിനായുള്ള പ്രേരണ കൊളോണിയലിസവും നാസിസവും ഉൾപ്പെടെയുള്ള ദുരന്തങ്ങളിലേക്കാണ് എല്ലാകാലത്തും മനുഷ്യരാശിയെ നയിച്ചത്. നയത്തിലും പ്രത്യയശാസ്ത്രത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നതുവരെ, റഷ്യയ്ക്കും അതിന്റെ ആഗോള സഖ്യകക്ഷികൾക്കും ഒരു യഥാർത്ഥ മൾട്ടിപോളാർ ലോകക്രമം രൂപീകരിക്കാൻ നീണ്ട പോരാട്ടം വേണ്ടി വന്നേക്കും. ഞങ്ങളുടെ ലക്ഷ്യം ലളിതമല്ലെങ്കിലും, അത് ശ്രേഷ്ഠമായ ഒന്നാണെന്ന് ഉറപ്പുണ്ട്. ആഗോള ഭൂരിപക്ഷമായി ഞങ്ങൾ ആ ലക്ഷ്യത്തെ മുന്നോട്ട് നയിക്കും,’ സഖറോവ പറഞ്ഞു.
റഷ്യയുടെ നേതൃത്വത്തിലുള്ള ബ്രിക്സ് ഗ്രൂപ്പായ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ, ആഫ്രിക്കൻ എന്ന ബഹുരാഷ്ട്ര കൂട്ടായ്മകൾ സ്വീകരിച്ച മെമ്മോറാണ്ടങ്ങൾ എന്നിവ ഉദ്ധരിച്ച് കൊണ്ട് എല്ലാ അംഗരാജ്യങ്ങളും ഒരു മൾട്ടിപോളാർ ലോകക്രമം രൂപീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അവർ പറഞ്ഞു.