ന്യൂഡല്‍ഹി: കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് സുരേഷ് ഗോപി. രാജിവയ്ക്കുമെന്ന വാർത്തകൾ തെറ്റ്. മോദി സർക്കാറിൽ മന്ത്രിയാകുന്നത് അഭിമാനമാണെന്നും സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഇന്നലെ മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തിയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് മന്ത്രി സ്ഥാനത്ത് തുടരുമെന്ന വിശദീകരണവുമായി സുരേഷ് ഗോപി രംഗത്ത് വന്നത്. എക്സിലാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.
‘മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
മന്ത്രിയാകുന്നതിനെ ചുറ്റി പറ്റി നിരവധി അഭ്യൂഹങ്ങൾ ഇന്നലെ തൊട്ടേ വന്നിരുന്നു. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും അതിന് മന്ത്രിസ്ഥാനം തടസമാണെന്നുമായിരുന്നു സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു. മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് തിരുവനന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി തിരിച്ചു വിളിക്കുകയായിരുനിന്നായിരുന്നു റിപ്പോർട്ടുകൾ.