Thursday, November 21, 2024

HomeMain Story'നിർദേശങ്ങൾ ഇസ്രായേൽ പാലിക്കുമെന്ന് ഉറപ്പാക്കേണ്ടത് അമേരിക്ക': ഗസ്സ സമഗ്ര വെടിനിർത്തൽ യു.എൻ പ്രമേയം അംഗീകരിച്ച്...

‘നിർദേശങ്ങൾ ഇസ്രായേൽ പാലിക്കുമെന്ന് ഉറപ്പാക്കേണ്ടത് അമേരിക്ക’: ഗസ്സ സമഗ്ര വെടിനിർത്തൽ യു.എൻ പ്രമേയം അംഗീകരിച്ച് ഹമാസ്

spot_img
spot_img

ഗസ്സ സിറ്റി: ഗസ്സയിൽ സമഗ്ര വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത്‌ യൂ.എൻ രക്ഷാസമിതി അംഗീകരിച്ച പ്രമേയത്തെ സ്വാഗതം ചെയ്ത് ഹമാസ്. പ്രസിഡന്റ് ജോ ബൈഡൻ്റെ നിർദേശങ്ങൾ അടങ്ങിയ പ്രമേയം അമേരിക്കയാണ് അവതരിപ്പിച്ചത്.

പ്രമേയം അംഗീകരിക്കുന്നതായും അതിലെ വിശദാംശങ്ങളിൽ തങ്ങൾ ചർച്ചക്ക് തയ്യാറാണെന്നും ഹമാസിന്റെ മുതിർന്ന നേതാവ് സാമി അബു സുഹ്‌രി റോയിട്ടേഴ്സിനോട് പറഞ്ഞു. നിർദേശങ്ങൾ ഇസ്രായേൽ പാലിക്കുമെന്ന് ഉറപ്പാക്കേണ്ടത് അമേരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ, ഇസ്രായേലി സൈന്യത്തെ പിൻവലിക്കൽ, തടവുകാരെ മോചിപ്പിക്കൽ എന്നിവയടങ്ങിയ പ്രമേയത്തെയാണ് പിന്തുണക്കുന്നത്. വെടിനിർത്തൽ നിർദേശം ഇസ്രായേലിനെക്കൊണ്ട് അനുസരിപ്പിലാണ് അമേരിക്ക നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സാമി അബു സുഹ്‌തി കുട്ടിച്ചേർത്തു.

ഇതാദ്യമായാണ് ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാകുന്നത്. പ്രമേയത്തെ പിന്തുണച്ച് ലോകരാജ്യങ്ങളും രംഗത്തെത്തി. പതിനഞ്ചംഗ രക്ഷാസമിതിയിൽ അമേരിക്കൻ പ്രമേയത്തെ പിന്തുണച്ച് ചൈന ഉൾപ്പെടെ 14 രാജ്യങ്ങൾ രംഗത്തുവന്നു. റഷ്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

അൾജീരിയ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയങ്ങൾ വിറ്റോ അധികാരം ഉപയോഗിച്ച് അമേരിക്ക ഇതുവരെയും പരാജയപ്പെടുത്തുകയായിരുന്നു. സിവിലിയൻ കുരുതിക്ക് അറുതി വരുത്താൻ എല്ലാ ബന്ദികളെയും മോചിപ്പിച്ച് അടിയന്തര വെടിനിർത്തലിന് തയാറാക്കണമെന്ന് യു.എൻ രക്ഷാ സമിതിയിൽ അമേരിക്ക ആവശ്യപ്പെട്ടു. മൂന്നു ഘട്ടങ്ങളിലായി സമഗ്ര വെടിനിർത്തലിന് കളമൊരുക്കുന്ന നിർദേശം ഇസ്രായേൽ അംഗീകരിച്ചതായും അമേരിക്കൻ അംബാസഡർ വെളിപ്പെടുത്തി.

മൂന്ന് ഘട്ടമായിട്ടുള്ള വെടിനിർത്തൽ നിർദേശമാണ് അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിലുള്ളത്. ഒന്നാം ഘട്ടത്തിൽ ഉടനടിയുള്ള സമഗ്ര വെടിനിർത്തലാണുള്ളത്. വനിതകളും പ്രായമായവരും പരിക്കേറ്റവരുമായ ബന്ദികളെ മോചിപ്പിക്കുക, മരണപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുക, ഫലസ്തീൻ തടവുകാരെ വിട്ടയക്കുക, ഗസ്സയിലെ ജനവാസ മേഖലകളിൽനിന്ന് ഇസ്രായേലി സൈന്യത്തെ പിൻവലിക്കുക എന്നീ നിർദേശങ്ങളും ഒന്നാം ഘട്ടത്തിലുണ്ട്. ഇതോടൊപ്പം കൂടുതൽ കാര്യക്ഷമമായ രീതിയിൽ മാനുഷിക സഹായവിതരണം, അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന ഭവന യൂനിറ്റുകൾ അടക്കമുള്ള സഹായങ്ങൾ ഫലസ്‌തീനികൾക്ക് എത്തിക്കുക എന്നിവയും ഉറപ്പാക്കണം.

ഇസ്രായേലും ഹമാസും തമ്മിൽ പരസ്പ‌ര ഉടമ്പടിയിലെത്തി സ്ഥിരമായ ശത്രുത അവസാനിപ്പിക്കലാണ് രണ്ടാം ഘട്ടത്തിലുള്ളത്. കൂടാതെ ഹമാസിൻ്റെ കൈവശമുള്ള ബാക്കി ബന്ദികളെ മോചിപ്പിക്കുകയും ഇസ്രായേലി സൈന്യത്തെ ഗസ്സയിൽ നിന്ന് പൂർണമായും പിൻവലിക്കുകയും വേണം. മൂന്നാംഘട്ടത്തിലുള്ളത് ഗസ്സയുടെ ബഹുവർഷ പുനർനിർമാണ പദ്ധതിയാണ്. ഇതോടൊപ്പം മരണപ്പെട്ട ബന്ദികളുടെ ശേഷിപ്പുകൾ അവരുടെ കുടുംബത്തിന് നൽകണമെന്നും നിർദേശിക്കുന്നു.

ഒന്നാംഘട്ടത്തിലെ ചർച്ച ആറാഴ്‌ച പിന്നിട്ടാലും ചർച്ചകൾ തുടരുന്ന കാലത്തോളം വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകുമെന്ന് യു.എൻ അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നു. രണ്ടാംഘട്ടം നടപ്പാക്കുന്നത് വരെ ചർച്ചകൾ തുടരാനുള്ള സന്നദ്ധത അമേരിക്ക, ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ നിർദേശം അംഗികരിച്ച് കഴിഞ്ഞാൽ അത് നടപ്പാക്കാൻ എല്ലാ യു.എൻ അംഗ രാജ്യങ്ങളും പിന്തുണക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നുണ്ട്. സുരക്ഷിത അതിർത്തിക്കുള്ളിൽ ഇസ്രായേലും ഫലസ്‌തീനും സമാധനത്തോടെ സഹവർതിത്വത്തിൽ കഴിയണം. ഫലസ്ത‌ീൻ അതോറിറ്റി സർക്കാറിന് കീഴിൽ ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഭരണം ഏകീകരിക്കണമെന്നും പ്രമേയം അടിവരയിട്ട് പറയുന്നുണ്ട്.

വെടിനിർത്തൽ നിർദേശത്തോടുള്ള തന്റെ പ്രതിബദ്ധത ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് അറിയിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വ്യക്തമാക്കി. കഴിഞ്ഞദിവസം രാത്രി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്ക കൊണ്ടുവന്ന വെടിനിർത്തൽ പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്യുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും ബ്ലിങ്കൻ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments