ഗസ: ഗസയിലെ അമേരിക്കൻ ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി വാഷിംഗ്‌ടണിലെ ഉദ്യോഗസ്ഥർക്ക് കരാറിൽ ഏർപ്പെടാൻ കഴിയുമെന്ന് എൻ.ബി.സി. റിപ്പോർട്ട്. ഇസ്രയേൽ ഉൾപ്പെടുന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടാൽ ഇസ്രയേലി അധികാരികളുടെ പങ്കാളിത്തം ഇല്ലാതെ തന്നെ ഗ്രൂപ്പുമായി ഏകപക്ഷീയമായ കരാർ ഉണ്ടാക്കാൻ യു.എസ് ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അല്ലെങ്കിൽ ഖത്തറിനെ ഇടനിലക്കാരാക്കും.
ബന്ദികളെ മോചിപ്പിച്ചാൽ പകരമായി ഹമാസിന് യു.എസ് എന്ത് വാഗ്‌ദാനം നൽകുമെന്ന് എൻ.ബി.സി ഉറവിടങ്ങൾ വിശദീകരിച്ചിട്ടില്ല. എന്നാലും, ഇസ്രയേലുമായുള്ള ബന്ധത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനായി വാഷിംഗ്‌ടണുമായി കരാർ ഉണ്ടാക്കാനുള്ള അവസരത്തെ ഹമാസ് സ്വാഗതം ചെയ്യുമെന്നും വാർത്തകൾ വരുന്നുണ്ട്. ഹമാസിന്റെ നിലവിലെ വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിർബന്ധിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യു. എസ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഇതിനോട് പ്രതികരിച്ചിട്ടില്ല. 250 ഓളം പേരെയാണ് ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയത്. ഇസ്രയേൽ പ്രതിരോധ സേന (ഐ. ഡി. എഫ്) നടത്തിയ റെയ്‌ഡിൽ ഏഴുപേരെ കൂടി രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച്ച സെൻട്രൽ ഗസയിലെ നസെറാത്തിലാണ് ഏറ്റവും ഒടുവിലത്തെ രക്ഷാദൗത്യം നടന്നിരുന്നത്.