ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അധികാരമേറ്റ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ 66 ശതമാനം മന്ത്രിമാരും 51നും 70 വയസിനും ഇടയിലുള്ളവരെന്ന് . അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ മന്ത്രിസഭയിലെ മന്ത്രിമാരില്‍ 47 പേരും 51-70 വയസിന് ഇടയില്‍പ്പെടുന്നവരാണെന്നാണ് കണക്കുകള്‍ വ്യ്കമാക്കുന്നത്. ്.
51നും 60നും ഇടയില്‍ പ്രായമുള്ളവര്‍ 22 ഉം 61നും 70നും ഇടയിലുള്ളവര്‍ 25 പേരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 31നും 50നും ഇടയിലുള്ളവര്‍ 17പേരും 31-40 നും ഇടയില്‍ 15 മന്ത്രിമാരും ഉള്‍പ്പെടുന്നു. 71നും 80നും ഇടയില്‍ ഏഴ് മന്ത്രിമാരാണുള്ളത്.
മോദി സര്‍ക്കാരിലെ മന്ത്രിമാരില്‍ ആറ് പേര്‍ക്ക് നൂറ് കോടിയിലധികം സ്വത്തുക്കളുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 28 മന്ത്രിമാര്‍ക്ക് ക്രിമിനല്‍ കേസുകളുണ്ട്. അതില്‍ 19 പേര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടിഡിപിയുടെ ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി (5705 കോടി), ജ്യോതിരാദിത്യ സിന്ധ്യ (424 കോടി), എച്ച്ഡി കുമാരസ്വാമി (217 കോടി), അശ്വിനി വൈഷ്ണവ് (144 കോടി), റാവു ഇന്ദ്രജിത്ത് സിങ് (121 കോടി), പിയൂഷ് ഗോയല്‍ (110 കോടി) എന്നിവരാണ് നൂറു കോടിയിലധികം സ്വത്തു വകകളുള്ള മന്ത്രിമാര്‍.
ആഭ്യന്തര സഹമന്ത്രി ബന്ദി കുമാര്‍ സഞ്ജയ്ക്കെതിരെ 42 കേസുകളാണ് ഉള്ളത്. തുറമുഖ സഹമന്ത്രി ശാന്തനു ഠാക്കൂറിന് 23 കേസുകളും വിദ്യാഭ്യാസ സഹമന്ത്രി സുകന്ദ മജുംദാറിന് 16 കേസുകളാണുമാണുള്ളത്.