ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത ‘മോദി കാ പരിവാര്‍’ (മോദിയുടെ കുടുംബം) എന്ന വാക്ക് നീക്കം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടുമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പിന്നാലെ നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും പാർട്ടി അനുഭാവികളും പ്രൊഫൈൽ പേരിനൊപ്പം ചേർത്തിരുന്ന മോദി കാ പരിവാർ എന്ന ഭാഗം നീക്കം ചെയ്തു തുടങ്ങി.
മോദിക്ക് കുടുംബമില്ലെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പരിഹസിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി പാർട്ടി അംഗങ്ങളും അനുയായികളും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ‘മോദി കാ പരിവാർ’ എന്ന് ചേർത്തിരുന്നു. ഇന്ത്യയിലെ ജനങ്ങൾ തന്റെ കുടുംബമാണെന്ന് മോദി ഇതിന് മറുപടി നൽകിയിരുന്നു.
ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) തിരഞ്ഞെടുപ്പ് വിജയം അത് ഉദ്ദേശിച്ച സന്ദേശം ഫലപ്രദമായി കൈമാറിയെന്ന് ചരിത്രപരമായ മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മോദി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഈ സോഷ്യൽ മീഡിയ മൂവ്‌മെന്റിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം തനിക്ക് വളരെയധികം ശക്തി നൽകി. ഇന്ത്യയിലെ ജനങ്ങൾ തുടർച്ചയായി മൂന്നാം തവണയും എൻഡിഎയ്ക്ക് ഭൂരിപക്ഷം നൽകി. റെക്കോർഡാണിത്. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാനുള്ള ജനവിധിയാണ് ലഭിച്ചത്- മോദി കുറിച്ചു.
“നമ്മളെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശം ഫലപ്രദമായി കൈമാറിയതിനാൽ, ഞാൻ ഒരിക്കൽ കൂടി ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയും നിങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ‘മോദി കാ പരിവാർ’ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഡിസ്പ്ലേ നെയിം മാറിയേക്കാം, എന്നാൽ ഇന്ത്യയുടെ പുരോഗതിക്കായി പരിശ്രമിക്കുന്ന ഒരു കുടുംബം എന്ന നിലയിലുള്ള ഞങ്ങളുടെ ബന്ധം ശക്തവും അഭേദ്യവുമാണ്’’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.