കൊച്ചി: കോയമ്പത്തൂരില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന മലയാളികള്‍ക്ക് നേരെ മുഖം മൂടി ആക്രമണം നടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കുന്നത്തുപാളയം സ്വദേശി വിഷ്ണു(28)
പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. പാലക്കാടു നിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ ഒളിവിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ച കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ആന്‍ടി ബൈപ്പാസിലായിരുന്നു ആക്രമണം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ടു സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചുതകര്‍ത്തത്.
കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കെഎല്‍47ഡി6036, കെഎല്‍42എസ്3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.